ചാമ്പ്യൻസ് ട്രോഫി വേദിമാറ്റിയാൽ പാക്കിസ്ഥാൻ പാപ്പരാവും; പ്രതിസന്ധി ഐസിസിക്കും
2025 ചാമ്പ്യൻസ് ട്രോഫിയെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ, മത്സരം മാറ്റിവയ്ക്കുകയോ, മറ്റേതെങ്കിലും രാജ്യത്തേക്ക് വേദി മാറ്റുകയോ ചെയ്താൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം.
അടുത്ത വർഷം നടക്കുന്ന ടൂർണമെന്റിനായി പുരുഷ ക്രിക്കറ്റ് ടീം പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെയാണ് പാകിസ്ഥാനിൽ ടൂർണമെന്റ് നടക്കേണ്ടത്. അനിശ്ചിതത്വം കാരണം, മത്സര ഷെഡ്യൂൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
1996-ൽ ഏകദിന ലോകകപ്പ് സഹ-ആതിഥേയത്വം വഹിച്ചതിന് ശേഷം പാകിസ്ഥാൻ ആദ്യമായാണ് ഒരു ആഗോള ഐസിസി ഇവന്റിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. സുരക്ഷാ പ്രശ്‌നങ്ങൾ മുൻപ് പല സമയങ്ങളിൽ തലവേദനയായതിനാൽ, പാകിസ്ഥാൻ വലിയ ടൂർണമെന്റുകൾക്ക് സുരക്ഷിതമാണെന്ന് ചാമ്പ്യൻസ് ട്രോഫിയിലൂടെ തെളിയിക്കേണ്ടത് പാക് ക്രിക്കറ്റ് ബോർഡിനും നിർണായകമാണ്.
എന്നാൽ ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ വിസമ്മതിച്ചതോടെ ടൂർണമെന്റ് പ്രതിസന്ധിയിലായി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് പോലുള്ള നിഷ്പക്ഷ വേദികളിൽ ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ കളിക്കുന്ന ഒരു ഹൈബ്രിഡ് ടൂർണമെന്റിന്റെ ആശയം പിസിബിയും നിരസിച്ചതോടെ കാര്യങ്ങൾ സങ്കീർണമായി.
ക്രിക്ബസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ടൂർണമെന്റ് മാറ്റിവയ്ക്കുകയോ മറ്റേതെങ്കിലും രാജ്യത്തേക്ക് വേദി മാറ്റുകയോ ചെയ്യുകയും, പിസിബി നേരത്തെ പ്രഖ്യാപിച്ചത് പോലെ ടീമിനെ പിൻവലിക്കുകയും ചെയ്‌താൽ പാകിസ്ഥാൻ ഭാവിയിൽ ഐസിസി ഉപരോധങ്ങൾ നേരിടേണ്ടിവരും. അത് ഐസിസി ഫണ്ടിംഗിൽ ഗണ്യമായ കുറവുണ്ടാക്കും. മാത്രമല്ല, ചാമ്പ്യൻസ് ട്രോഫി മാറ്റിവയ്ക്കുകയോ, വേദി മാറ്റുകയോ ചെയ്താലും ഹോസ്റ്റിംഗ് ഫീസായി 65 മില്യൺ യുഎസ് ഡോളർ പാകിസ്ഥാന് നഷ്ടപ്പെടും.. നിലവിലെ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പിസിബിക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്.
കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നീ മൂന്ന് വേദികളിലും ചാമ്പ്യൻസ് ട്രോഫിക്കായി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പിസിബി കാര്യമായ നിക്ഷേപങ്ങൾ ഇതിനോടകം തന്നെ നടത്തിയതിനാൽ ഈ നഷ്ടം കൂടുതൽ വേദനാജനകമാകുകയും ചെയ്യും.
ടൂർണമെന്റിനായി പാകിസ്ഥാനിലേക്ക് ടീമിനെ അയയ്ക്കാൻ ഇന്ത്യ വിസമ്മതിച്ചതിന് ഐസിസി വിശദീകരണം നൽകണമെന്ന് പിസിബി ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ന്യൂസിലൻഡ് മൂന്ന് തവണ പാകിസ്ഥാൻ പര്യടനം നടത്തിയിരുന്നു. ഇംഗ്ലണ്ട് രണ്ട് തവണയും, ഓസ്‌ട്രേലിയ ഒരിക്കലും അതേ കാലയളവിൽ പര്യടനം നടത്തി. ആയതിനാൽ തന്നെ ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കാൻ വിസമ്മതിക്കുന്നതിന് പറയുന്ന സുരക്ഷാ കാരണങ്ങൾ പിസിബി അംഗീകരിക്കില്ലെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ അകൽച്ച ഐസിസിക്കും കീറാമുട്ടിയാണ്. ഇരുരാജ്യങ്ങളുടെയും പങ്കാളിത്തമില്ലാതെവന്നാൽ, ഐസിസി കരാർ വെല്ലുവിളികൾ നേരിടേണ്ടിവരും. ഇന്ത്യ-പാക് മത്സരങ്ങളുടെ ഉയർന്ന പ്രേക്ഷക പങ്കാളിത്തമാണ് ഐസിസി ടൂര്ണമെന്റുകളുടെ പ്രധാന ആകർഷണം.. വാണിജ്യ പങ്കാളികളുമായുള്ള നിയമ തർക്കങ്ങൾ, സാധ്യമായ വരുമാന ഇടിവ്, അംഗങ്ങൾക്കുള്ള ഐസിസിയുടെ സാമ്പത്തിക വിതരണത്തിലെ ഇടിവ് എന്നിവയാണ് സാധ്യമായ പ്രത്യാഘാതങ്ങൾ.
ബിസിസിഐ ഒരു ഹൈബ്രിഡ് മോഡലിന് നിർബന്ധിക്കുന്നതിനാൽ, മെഗാ ഇവന്റിന്റെ വേദി മാറ്റാനാണ് സാധ്യത കൂടുതൽ. എന്നാൽ ഇപ്പോൾ, പന്ത് ഐസിസിയുടെ കോർട്ടിലാണ്.. ഐസിസി തീരുമാനത്തിൽ ഇരുരാജ്യങ്ങളും എടുക്കുന്ന നിലപാട് എന്തായിരിക്കും എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.