ചാമ്പ്യന്‍സ് ട്രോഫി കടം കയറ്റി! താരങ്ങളുടെ പോക്കറ്റ് കാലിയാകും, പാകിസ്ഥാന് കണക്കുകള്‍ പിഴച്ചു
മൂന്ന് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) സംഘടിപ്പിച്ച ചാമ്പ്യന്‍സ് ട്രോഫി, കടം കയറ്റി മുടിഞ്ഞ കഥയാണ് പറയുന്നത്. ഏകദേശം 869 കോടി രൂപയുടെ നഷ്ടമാണ് ഈ ടൂര്‍ണമെന്റ് പി.സി.ബിക്ക് നല്‍കിയത്. ഈ നഷ്ടം നികത്താന്‍ കളിക്കാരുടെ പ്രതിഫലം 90 ശതമാനം വരെ വെട്ടിക്കുറയ്ക്കാന്‍ ബോര്‍ഡ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വന്‍ സാമ്പത്തിക ബാധ്യത
ചാമ്പ്യന്‍സ് ട്രോഫിക്കായി റാവല്‍പിണ്ടി, ലഹോര്‍, കറാച്ചി എന്നിവിടങ്ങളിലെ വേദികള്‍ നവീകരിക്കാന്‍ പി.സി.ബി 58 മില്യണ്‍ യു.എസ് ഡോളറാണ് ചെലവഴിച്ചത്. ടൂര്‍ണമെന്റ് സംഘാടനത്തിനായി 40 മില്യണ്‍ യു.എസ് ഡോളറും അധികമായി ചെലവഴിച്ചു. ആകെമൊത്തം 85 മില്യണ്‍ യു.എസ് ഡോളറാണ് പാകിസ്ഥാന്‍ ഈ ടൂര്‍ണമെന്റിനായി ചിലവഴിച്ചത്.
കുറഞ്ഞ വരുമാനം
എന്നാല്‍ ആതിഥേയരായ പാകിസ്ഥാന് വെറും 6 മില്യണ്‍ ഡോളര്‍ മാത്രമാണ് ലഭിച്ചത്. ഇന്ത്യന്‍ ടീം പാകിസ്ഥാനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ ടിക്കറ്റ് വില്‍പ്പനയും കുറഞ്ഞു. സ്‌പോണ്‍സര്‍ഷിപ്പ് വരുമാനത്തിലും ഇടിവുണ്ടായി.
കളിക്കാരുടെ പ്രതിഫലം കുറയ്ക്കുന്നു
ദേശീയ ടി20 ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാരുടെ പ്രതിഫലം 90 ശതമാനം വരെ കുറയ്ക്കാന്‍ പി.സി.ബി ആലോചിക്കുന്നു.
റിസര്‍വ് താരങ്ങളുടെ പ്രതിഫലത്തിലും കുറവ് വന്നേക്കും. ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായി യാത്ര, താമസം എന്നിവയിലും മാറ്റങ്ങള്‍ വന്നേക്കും.
ടീമിന്റെ മോശം പ്രകടനം
ഇന്ത്യയും ന്യൂസീലന്‍ഡും ബംഗ്ലദേശും ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്ന പാക്കിസ്ഥാന്, ഒറ്റ മത്സരം പോലും ജയിക്കാനായിരുന്നില്ല.
ന്യൂസീലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തിലും ബദ്ധവൈരികളായ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ദയനീയ തോല്‍വി വഴങ്ങി.
ആശ്വാസജയം പ്രതീക്ഷിച്ച ബംഗ്ലദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതും തിരിച്ചടിയായി.
മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍, പാക്കിസ്ഥാന്‍ ടീമിന് സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനായത് ന്യൂസീലന്‍ഡിനെതിരായ ഉദ്ഘാടന മത്സരം മാത്രമാണ്.
ടൂര്‍ണമെന്റിനായി പാക്കിസ്ഥാനിലേക്ക് പോകാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചതിനാല്‍ ഇന്ത്യയ്ക്കെതിരായ മത്സരം ദുബായിലാണ് നടത്തിയത്. മൂന്നാം മത്സരം ഉപേക്ഷിക്കുക കൂടി ചെയ്തതോടെ ആതിഥ്യം വഹിച്ച ടൂര്‍ണമെന്റില്‍ സ്വന്തം ടീമിന് ഒറ്റ മത്സരം മാത്രമേ കളിക്കാനായുള്ളൂ എന്നത് സാമ്പത്തിക ബാധ്യതയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നും ഇതിന്റെ ഭാഗമായി കളിക്കാരുടെ പ്രതിഫലം വെട്ടിക്കുറക്കുമോ എന്നും ഉറ്റുനോക്കുകയാണ് കായികലോകം.