ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്ക്ക് പുതിയ വേദി നല്‍കാനൊരുങ്ങി പാകിസ്ഥാന്‍
ഒടുവില്‍ ആരുടേയൊയൊക്കെയോ പിടിവാശി വിജയിക്കുന്നു. 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയില്‍ നടത്താനാണ് പാകിസ്ഥാന്‍ ആലോചിക്കുന്നത്. പ്രമുഖ വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് പ്രകാരം ദുബൈയിലോ ഷാര്‍ജയിലോ ആകും ഇന്ത്യ കളിയ്ക്കുക.
നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളിലും സുരക്ഷാ പ്രശ്നങ്ങളിലും ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ നീക്കം.
'ഹൈബ്രിഡ് മോഡല്‍' എന്ന രീതിയിലാകും ടൂര്‍ണമെന്റ് നടക്കുക. 2023-ലെ ഏഷ്യാ കപ്പും ഇതേ മാതൃകയിലാണ് പാകിസ്ഥാന്‍ സംഘടിപ്പിച്ചത്. ശ്രീലങ്കയിലായിരുന്നു ഇന്ത്യയുടെ മത്സരങ്ങള്‍. ഐസിസിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും ബോര്‍ഡിനെ അവരുടെ സര്‍ക്കാരിന്റെ നയത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. ഈ വിഷയത്തില്‍ ബിസിസിഐ എപ്പോള്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണണം.
അടുത്തയാഴ്ച ഐസിസി ചില ഉന്നത ഉദ്യോഗസ്ഥര്‍ വീണ്ടും ലാഹോറിലേക്ക് പോകുന്നതിനാല്‍ അടുത്തയാഴ്ച ടൂര്‍ണമെന്റിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയെ പ്രേരിപ്പിക്കുന്നുണ്ട്.
നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദ്ദേശിച്ച ഷെഡ്യൂള്‍ പ്രകാരം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം അടുത്ത വര്‍ഷം മാര്‍ച്ച് 1 ന് ലാഹോറിലാണ് നടക്കുക. ഫെബ്രുവരി 19 ന് കറാച്ചിയില്‍ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടുന്നതോടെ ടൂര്‍ണമെന്റ് ആരംഭിക്കും. മാര്‍ച്ച് 9 ന് ലാഹോറിലെ സ്റ്റേഡിയത്തിലാണ് ഫൈനല്‍.
സുരക്ഷാ, ലോജിസ്റ്റിക് കാരണങ്ങളാല്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ലാഹോറിലാണ് തീരുമാനിച്ചിരിക്കുന്നത്. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങള്‍ നവീകരിക്കുന്നതിനായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏകദേശം 13 ബില്യണ്‍ രൂപ ചെലവഴിക്കുന്നുണ്ട്.