ചാമ്പ്യന്‍സ് ട്രോഫി: സഞ്ജു ടീമില്‍, സൂര്യയും അക്‌സര്‍ പട്ടേലും പുറത്ത്, ടീം പ്രഖ്യാപനവുമായി ഗവാസ്‌ക്കറും പത്താനും
മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം ഉള്‍പ്പെടും എന്നറിയാനുളള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. അതിനിടെ മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പത്താനും സുനില്‍ ഗവാസ്‌കറും ചേര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഒരു ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ഇന്ത്യന്‍ ടീമില്‍ ശ്രേയസ് അയ്യരെയും കെഎല്‍ രാഹുലിനെയും ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. കൂടാതെ വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണെയും റിഷഭ് പന്തിനെയും അദ്ദേഹം ടീമില്‍ ഉള്‍പ്പെടുത്തി.
'ഞാന്‍ സെലക്ടറാണെങ്കില്‍ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചവരെയാണ് തിരഞ്ഞെടുക്കുക. കെഎല്‍ രാഹുലിന് മികച്ച ഏകദിന ലോകകപ്പാണ് ഉണ്ടായിരുന്നത്. ശ്രേയസ് അയ്യര്‍ - അദ്ദേഹത്തിന് കുറച്ചുകൂടി പിന്തുണ ആവശ്യമാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് അത് ലഭിച്ചിട്ടില്ല. ഈ രണ്ട് പേരെയും ഞാന്‍ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തും,' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ അദ്ദേഹം പറഞ്ഞു.
'എന്നെ സംബന്ധിച്ചിടത്തോളം നാലാമന്‍ ശ്രേയസ് അയ്യര്‍ ആയിരിക്കും. അഞ്ചാമന്‍ കെഎല്‍ രാഹുല്‍, ആറാമന്‍ റിഷഭ് പന്ത്. സഞ്ജു സാംസണ്‍, അദ്ദേഹം നേടിയ സെഞ്ച്വറികള്‍ കണക്കിലെടുക്കുമ്പോള്‍, ടീമില്‍ ഉണ്ടായിരിക്കണം, കാരണം അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. സ്വന്തം രാജ്യത്തിനുവേണ്ടി സെഞ്ച്വറികള്‍ നേടുന്ന ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ അവഗണിക്കാന്‍ കഴിയും?' മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചോദിച്ചു.
അതെസമയം ബൗളര്‍മാരെ തെരഞ്ഞെടുത്ത ഇര്‍ഫാന്‍ പത്താന്‍ രവീന്ദ്ര ജഡേജയെയും കുല്‍ദീപ് യാദവിനെയും സ്പിന്നര്‍മാരായി തിരഞ്ഞെടുത്തു. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് പുറമെ മുഹമ്മദ് സിറാജിനെ മൂന്നാമത്തെ പേസറായും അദ്ദേഹം തിരഞ്ഞെടുത്തു.
'ബാറ്റിംഗില്‍ ഈ തരത്തിലുള്ള ബാലന്‍സ് ഉണ്ടെങ്കില്‍, നമുക്ക് 8-ാം നമ്പറില്‍ രവീന്ദ്ര ജഡേജയെ കളിപ്പിക്കാനാകും. അപ്പോള്‍ നമുക്ക് ബാറ്റിംഗ്, ബൗളിംഗ് ഓപ്ഷനുകള്‍ ഉണ്ടാകും. ഇത് നമ്മള്‍ കാണുന്ന ഏറ്റവും മികച്ച ബാറ്റിംഗ് നിരയാണ്. ഫാസ്റ്റ് ബൗളിംഗ് ഓള്‍ റൗണ്ടറെ ബാക്കപ്പായി ഉണ്ടായിരിക്കുന്നത് ഒരു അത്ഭുതകരമായ ഓപ്ഷനാണ്. നിതീഷ് കുമാര്‍ റെഡ്ഡിയും മികച്ച ഫോമിലാണ്. ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുക എളുപ്പമല്ല, അദ്ദേഹം അത് ചെയ്തു' മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അതേ ചര്‍ച്ചയില്‍ പറഞ്ഞു.
'മുഹമ്മദ് സിറാജ് മൂന്നാമനാകും, ബുംറയും ഷമിയും കളിക്കാന്‍ ലഭ്യമാണെങ്കില്‍ സിറാജ് പ്ലെയിംഗ് ഇലവനില്‍ ഉണ്ടാകില്ല, പക്ഷേ ബുംറയ്ക്ക് എന്ത് സംഭവിക്കുമെന്ന് നമ്മള്‍ കാണേണ്ടതുണ്ട്. പരിക്ക് അത്ര ഗുരുതരമല്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞ് നിര്‍ത്തി.
ഗവാസ്‌കറും ഇര്‍ഫാന്‍ പത്താനും തിരഞ്ഞെടുത്ത ടീം:
രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി.
സൂര്യകുമാര്‍ യാദവ്, അക്സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യുസ്വേന്ദ്ര ചാഹല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ക്ക് ഈ ടീമില്‍ ഇടമില്ല