ദയ തോന്നേണ്ട, പന്തിനെ ഒഴിവാക്കി സഞജുവിനെ ടീമിലെടുക്കണമെന്ന് ഇന്ത്യന്‍ താരം
ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് റിഷഭ് പന്തിനെ ഒഴിവാക്കണമെന്ന് തുറന്നടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ടീം പ്രഖ്യാപിക്കാനിരിക്കെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറോടാണ് മഞ്ജരേക്കറുടെ ഉപദേശം.
ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഋഷഭ് പന്തിന്റെ മോശം ഫോം ഇന്ത്യന്‍ ടീമിന് തിരിച്ചടിയായ പശ്ചാത്തലത്തിലാണ് മഞ്ജരേക്കര്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. ഓസ്‌ട്രേലിയയില്‍ ഒന്‍പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 255 റണ്‍സ് മാത്രമാണ് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ നേടിയത്.
പന്തിന് പകരം ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ എന്നിവരെ പരിഗണിക്കാമെന്നും അഭിപ്രായപ്പെട്ടു. ഏകദിന മത്സരങ്ങളില്‍ മധ്യ ഓവറുകളില്‍ റണ്‍ റേറ്റ് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിന് പന്ത് അനുയോജ്യനല്ലെന്നും മഞ്ജരേക്കര്‍ പറഞ്ഞു.
ഫോം വീണ്ടെടുക്കാനായി പന്ത് ജനുവരി 23 മുതല്‍ പുനരാരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ ശനിയാഴ്ച മുംബൈയില്‍ പ്രഖ്യാപിക്കും.
ഓസ്ട്രേലിയയില്‍ ഇന്ത്യയ്ക്ക് ദയനീയ പരാജയം
ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യ 1-3ന് പരാജയപ്പെട്ടു. വിരാട് കോലിയും ഓസ്ട്രേലിയന്‍ മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കവും സാം കോണ്‍സ്റ്റാസിനോടുള്ള കോലിയുടെ കയര്‍ക്കലും പരമ്പരയിലെ വിവാദങ്ങളില്‍ ചിലതായിരുന്നു. മൂന്നാം ടെസ്റ്റിനു ശേഷം ആര്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അവസാന ടെസ്റ്റില്‍ നിന്ന് പിന്മാറിയതും ടീമിന് തിരിച്ചടിയായി. പരമ്പരയിലെ ഏക പോസിറ്റീവ് ജസ്പ്രീത് ബുംറയുടെ പ്രകടനമായിരുന്നു.
പന്തിന്റെ ഏകദിന റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റില്‍ പന്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2022ല്‍ ഇംഗ്ലണ്ടിനെതിരെ അദ്ദേഹം തന്റെ ആദ്യ സെഞ്ച്വറി നേടി. 59.7 ശതമാനം ബൗണ്ടറി റേറ്റും 107.5 സ്ട്രൈക്ക് റേറ്റും പന്തിനുണ്ട്. പന്തിന് പകരക്കാരനാകാന്‍ സാധ്യതയുള്ള സഞ്ജു സാംസണ്‍ അവസാനമായി ഏകദിനം കളിച്ചത് 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ്. ആ മത്സരത്തില്‍ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു.