സാക്കയെ ചതിച്ചത് 'കിരികൊച്ചോ' ശാപം; സ്ഥിതീകരിച്ച് ചെല്ലീനി
യൂറോകപ്പിൽ ഇംഗ്ലീഷ് യുവതാരം ബുകയോ സാക്ക പെനാൽറ്റി നഷ്ടപ്പെടുത്താൻ കാരണം ‘കിരികൊച്ചോ’ ശാപമെന്ന് ഇറ്റാലിയൻ നായകൻ ജോർജിയോ ചെല്ലിനി. സാക്ക പെനാൽറ്റി കിക്കെടുക്കാൻ പോകുമ്പോൾ താൻ ശാപവചനം ഉരുവിട്ടിരുന്നുവെന്ന് ചെല്ലീനി സ്ഥിതീകരിച്ചു. ഇഎസ്പിഎന്നിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
അതെ, സാക്ക കിക്കെടുക്കുമ്പോൾ പിറകിൽ നിന്നും ഞാൻ ‘കിരികൊച്ചോ’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. പകുതി തമാശയായി ചെല്ലീനി പറയുന്നു.
Advertisement
എന്നാൽ യുവേഫയുടെ ട്വിറ്റർ ഹാൻഡിലിൽ വന്ന വിഡിയോയിൽ അത്ര തമാശയായൊന്നുമല്ല, കാര്യമായി തന്നെയാണ് ചെല്ലീനി ശാപവചനം ഉരുവിടുന്നതെന്ന് വ്യക്തമാണ്.
എന്താണ് ‘കിരികൊച്ചോ’ ശാപം?
എൺപതുകളിൽ അർജന്റീനൻ ക്ലബായ എസ്റ്റൂഡിയാന്റസ് ഡി ല പ്ലാറ്റയുടെ ആരാധകനായിരുന്നു യുവാൻ കാർലോസ് ‘കിരികൊച്ചോ’. ക്ലബിന്റെ എല്ലാ ടപരിശീലന സ്ഥലത്തും കൃത്യമായെത്തുന്ന ‘കിരികൊച്ചോ’ കളിക്കാർക്കും പ്രീയപ്പെട്ടവനായിരുന്നു.
അങ്ങനെയിരിക്കെ, ടീം പരിശീലകൻ ഒരു കാര്യം ശ്രദ്ധിച്ചു. എപ്പോഴൊക്കെ ‘കിരികൊച്ചോ’ പരിശീലനം കാണാൻ വന്നാലും ടീമിലെ ഏതെങ്കിലും ഒരു താരം പരിക്കിന്റെ പിടിയിലാകും. അതിൽ പിന്നെ എതിരാളികളുടെ പരിശീലനസ്ഥലത്തേക്ക് ‘കിരികൊച്ചോ’യെ ടീം വണ്ടിക്കൂലിയും നൽകി പറഞ്ഞയക്കുമായിരുന്നു എന്നാണ് കഥ.
വിശ്വാസമാണോ അന്ധവിശ്വാസമാണോ എന്നൊക്കെ തർക്കം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, സംഭവം സത്യമാണെന്നും പിന്നീട് ‘കിരികൊച്ചോ’യെ ക്ലബിന്റെ ‘അംബാസഡർ’ ആയി ഏറ്റെടുത്തെന്നും സ്ഥിതീകരിച്ച് ല പ്ലാറ്റ മാനേജർ കാർലോസ് ബിലാർഡോ രംഗത്തെത്തിയിരുന്നു.
സംഭവം നാട്ടിൽ പാട്ടായതോടെ ലോകത്തെമ്പാടുമുള്ള ഫുട്ബോൾ താരങ്ങൾ എതിരാളികൾക്ക് ദൗർഭാഗ്യം വന്നുപെടാൻ ശാപവചനം പോലെ ഉരുവിടുന്ന വാക്കാണ് ‘കിരികൊച്ചോ’.