വിലയല്ലല്ലോ, കഴിവല്ലേ പ്രധാനം; സൂപ്പർതാരത്തെ ടീമിലെത്തിച്ചതിൽ ചെന്നൈയുടെ പ്രതികരണം
ഐപിഎൽ 2025 മെഗാ ലേലത്തിൽ രവിചന്ദ്രൻ അശ്വിനെ തിരികെ ടീമിലെത്തിച്ചതിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് ആവേശത്തിലാണ്. 9.75 കോടി രൂപയ്ക്കാണ് അശ്വിൻ CSK-യിലേക്ക് മടങ്ങിയെത്തിയത്. ചെപ്പോക്കിലെ സാഹചര്യങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ ചെന്നൈ ഇത്തവണയും വിജയിച്ചു. സ്ലോ ബൗളിംഗിന് അനുയോജ്യമായ ചെപ്പോക്ക് പിച്ചിൽ ഇത്തവണയും അശ്വിന്റെ പരിചയസമ്പത്ത് ടീമിന് വലിയ മുതൽകൂട്ടാവുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ.
2009 ൽ CSK-യിൽ അരങ്ങേറ്റം കുറിച്ച അശ്വിൻ, 2010 ലും 2011 ലും ടീമിന്റെ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചിരുന്നു. കിംഗ്‌സ് XI പഞ്ചാബ് (ഇപ്പോൾ പഞ്ചാബ് കിംഗ്‌സ്), റൈസിംഗ് പൂനെ സൂപ്പർജയന്റ്സ്, ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകൾക്കു വേണ്ടിയും അദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്.
"അശ്വിന് ഇത് ഒരു തിരിച്ചുവരവാണ്, ഏതുസാഹചര്യത്തിലും, പ്രായത്തിലും അദ്ദേഹം ലോകോത്തര ബൗളറാണ്. വെങ്കി പറഞ്ഞതുപോലെ, വിലയല്ല പ്രധാനം, ഒരാൾ എങ്ങനെ ടീമിന്റെ പദ്ധതികളുമായി യോജിക്കുന്നു എന്നതാണ്. അശ്വിന് ചെന്നൈയുമായി ഒരു വൈകാരിക ബന്ധമുണ്ട്" CSK പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു.
"ഇപ്പോഴും അദ്ദേഹത്തിന്റെ കഴിവുകളൊന്നും എവിടെയും പോയിട്ടില്ല. ബാറ്റിംഗിലും അദ്ദേഹത്തിന് നല്ല എക്സ്പീരിയൻസ് ഉണ്ട്. ഞങ്ങൾക്ക് അദ്ദേഹത്തെ പല വിധത്തിൽ ഉപയോഗിക്കാൻ കഴിയും" ഫ്ലെമിംഗ് കൂട്ടിച്ചേർത്തു.
അശ്വിന് പുറമേ, അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദിനെയും CSK 10 കോടി രൂപയ്ക്ക് സ്വന്തമാക്കി. ടീമിന്റെ പ്രത്യേക ബൗളിംഗ് പദ്ധതികൾ പരിഹരിക്കുന്നതിനാണ് ഈ നീക്കമെന്ന് ഫ്ലെമിംഗ് പറഞ്ഞു.
"സ്കോറിങ് നിയന്ത്രിക്കാൻ മാത്രം ശ്രമിക്കുകയാണെങ്കിൽ, ഇക്കാലത്തെ കളിക്കാരുടെ ഹിറ്റിംഗ് പവർ കളി നിങ്ങളിൽ നിന്ന് അകറ്റും. അതിനൊത്ത പ്ലാനുകൾ നടപ്പാക്കാനാണ് ഇത്തവണ ശ്രമിക്കുന്നത്." ഫ്ലെമിംഗ് പറയുന്നു.
ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രയിൽ മറ്റു ടീമുകൾ വലിയ താൽപ്പര്യം കാണിക്കാത്തതിൽ CSK ആശ്ചര്യപ്പെട്ടുവെന്ന് ഫ്ലെമിംഗ് പറഞ്ഞു.
"ടെസ്റ്റ് പരമ്പരയിലെ അദ്ദേഹത്തിന്റെ പ്രകടനം കണക്കിലെടുക്കുമ്പോൾ - ഒരു ഐപിഎല്ലിന് മുന്നോടിയായുള്ള പ്രകടനങ്ങൾ - രചിന് വേണ്ടി കൂടുതൽ ടീമുകൾ താൽപ്പര്യം കാണിക്കുമെന്ന് ഞങ്ങൾ കരുതി. കുറഞ്ഞ വിലയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കാൻ സാധിച്ചത് ഭാഗ്യമാണ്." അദ്ദേഹം പറഞ്ഞു.