വിഘ്‌നേഷ് വിറപ്പിച്ചു, എല്‍ ക്ലാസിക്കോയില്‍ അവസാനം ചിരിച്ച് സിഎസ്‌കെ
ഐപിഎല്‍ 18ാം സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈയിലെ ചിദംബരം സ്റ്റേഡിയം കണ്ടത് വാശിയേറിയ എല്‍ ക്ലാസിക്കോ പോരാട്ടം. ഐ.പി.എല്ലിലെ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യന്‍സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍, മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ചെന്നൈ അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ വിജയം കൈവരിച്ചു.
എന്നാല്‍, അവസാന ഓവര്‍ വരെ നീണ്ട ഈ പോരാട്ടത്തില്‍ മലയാളി താരം വിഘ്നേഷ് പുത്തൂരിന്റെ പന്തുകള്‍ ചെന്നൈയെ വട്ടംകറക്കി. രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി ഇറങ്ങിയ വിഘ്‌നേഷ് പുത്തൂര്‍, തന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിലൂടെ മത്സരത്തിന്റെ ഗതിമാറ്റി.
വിജയമുറപ്പിച്ചെന്ന് കരുതിയ ചെന്നൈയെ പോലും ഒരുഘട്ടത്തില്‍ വിഘ്‌നേഷ് വിറപ്പിച്ചു. വെറും 22 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ചെന്നൈ ക്യാപ്റ്റന്‍ ഗെയ്ക്വാദിനെ ആദ്യ ഓവറില്‍ തന്നെ വിഘ്‌നേഷ് പുറത്താക്കി. തുടര്‍ന്ന് അപകടകാരികളായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തി. അതോടെ മത്സരം മുംബൈയുടെ വരുതിയിലാണെന്ന് തോന്നിച്ചെങ്കിലും രചിന്‍ രവീന്ദ്ര തളര്‍ന്നില്ല.
ഓപ്പണറായി ഇറങ്ങി വിജയലക്ഷ്യം വരെ ക്രീസില്‍ ഉറച്ചുനിന്ന രചിന്‍ രവീന്ദ്രയുടെ പ്രകടനം ചെന്നൈക്ക് തുണയായി. 45 പന്തില്‍ 65 റണ്‍സുമായി രചിന്‍ രവീന്ദ്ര പുറത്താകാതെ നിന്നു. എന്നാല്‍ ജയത്തിന് തൊട്ടരികെ രവീന്ദ്ര ജഡേജ റണ്ണൗട്ടായതോടെ മത്സരം ആവേശഭരിതമായി.
പിന്നീട് ചെപ്പോക്ക് സ്റ്റേഡിയം കാത്തിരുന്നത് എം.എസ്. ധോണിയുടെ വരവിനാണ്. ധോണി ക്രീസിലെത്തിയപ്പോള്‍ സ്റ്റേഡിയം ആര്‍പ്പുവിളികളാല്‍ നിറഞ്ഞു. എന്നാല്‍, നേരിട്ട ആദ്യ രണ്ട് പന്തുകളിലും ധോണിക്ക് റണ്‍സ് നേടാനായില്ല. ഇതോടെ മത്സരം അവസാന ഓവറിലേക്ക് നീങ്ങി. അവസാന ഓവറില്‍ 4 റണ്‍സ് മാത്രം മതിയായിരുന്ന ചെന്നൈയ്ക്ക് രചിന്‍ രവീന്ദ്ര ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പായിച്ച് വിജയം ഉറപ്പാക്കി.
എല്‍ ക്ലാസിക്കോയില്‍ ചെന്നൈ വിജയിച്ചെങ്കിലും മലയാളി താരം വിഘ്നേഷ് പുത്തൂരിന്റെ തകര്‍പ്പന്‍ ബോളിംഗ് ഏറെ ശ്രദ്ധേയമായിരുന്നു.