ഇന്ത്യന്‍ ഡ്രെസ്സിംഗ് റൂമില്‍ നേരത്തെ ക്രിസ്മസെത്തി, ആകാശും ഭുംറയും മാനം കാത്തു
ബ്രിസ്ബേനിലെ മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ക്രിസ്മസ് നേരത്തെ എത്തിയ പ്രതീതിയായിരുന്നു. പതിനൊന്നാമനായി ഇറങ്ങിയ ആകാശ് ദീപ് ബൗണ്ടറി നേടിയതോടെ ഫോളോ ഓണ്‍ ഒഴിവാക്കുകയും മത്സരം സമനില പിടിക്കാമെന്ന പ്രതീതി സൃഷ്ടിയ്ക്കപ്പെടുകയും ചെയ്തു. ഇതോടെ ഡ്രെസ്സിംഗ് റൂമില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ എന്നിവര്‍ സന്തോഷം കൊണ്ട് മതിമറന്നു.
ആകാശ് ദീപും (27) ജസ്പ്രീത് ബുംമ്‌റയും (10) ചേര്‍ന്ന് അവസാന വിക്കറ്റില്‍ 54 പന്തില്‍ 39 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയതാണ് ഇന്ത്യയെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ സഹായിച്ചത്. നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റിന് 252 റണ്‍സ് എന്ന നിലയിലാണ്. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 445 റണ്‍സിനേക്കാള്‍ 193 റണ്‍സ് പിന്നിലാണ് ഇന്ത്യ ഇപ്പോളും. എങ്കിലും ഫോളോ ഓണ്‍ ഒഴിവാക്കിയതോടെ മത്സരം സമനിലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. കാരണം ഓസ്ട്രേലിയക്ക് ഇനി അഞ്ചാം ദിനം രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവരും.
എന്നാല്‍ ചൊവ്വാഴ്ച വൈറലായത് കോഹ്ലിയും രോഹിതും ഗംഭീറും ബുംറയുടെയും ആകാശിന്റെയും പ്രകടനം കണ്ട് ചിരിച്ചും ഹൈ ഫൈവ് അടിച്ചുമുള്ള രംഗങ്ങളാണ്. ജഡേജയുടെ 77 റണ്‍സിന്റെ ഇന്നിംഗ്സിന് ശേഷം ഒമ്പതാം വിക്കറ്റ് 213 റണ്‍സില്‍ വീണതിന് ശേഷമാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്.
നാലാം ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട നിമിഷം അവസാന മണിക്കൂറിലായിരുന്നു. ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയ ഇന്ത്യയെ പുറത്താക്കാനും ഫോളോ ഓണ്‍ ചെയ്യിക്കാനും കഴിയുമെന്നും കളി അവസാനിക്കുന്നതിന് മുന്‍പ് രണ്ടാം ഇന്നിംഗ്‌സില്‍ കുറച്ച് ഓവറുകള്‍ എറിയാനാകുമെന്നും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ബുംറയും ആകാശും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ രക്ഷിച്ചു.
കെ എല്‍ രാഹുലിന്റെ 84 റണ്‍സാണ് ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ ടോപ് സ്‌കോറര്‍. ബുംറയും ആകാശും മികച്ച പ്രതിരോധവും മത്സര വീര്യവും തന്നെയാണ്് പുറത്തെടുത്തത്. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്കെതിരെ സിംഗിളുകളും ഡബിളുകളുമായി ബുദ്ധിപൂര്‍വ്വം നേരിട്ട് ഫോളോ ഓണ്‍ ടാര്‍ഗറ്റായ 246 ലേക്ക് അടുപ്പിച്ചു. അത് നേടിയ ശേഷം ആകാശ് കമ്മിന്‍സിനെ മിഡ് വിക്കറ്റിലൂടെ സിക്‌സറിന് പറത്തി തന്റെ ബാറ്റിംഗ് കഴിവ് ഒന്ന് കൂടി പ്രകടമാക്കി.
ഈ ഷോട്ട് കണ്ട കോഹ്ലി ഡ്രസ്സിംഗ് റൂമിന്റെ അരികിലുള്ള ഗ്ലാസ് വിന്‍ഡോയുടെ അടുത്തേക്ക് ഓടിപ്പോകുന്നത് കാണാമായിരുന്നു. ബാക്കിയുള്ള ടീം അംഗങ്ങള്‍ നിറഞ്ഞ ചിരിയോടെ കൈയ്യടിച്ചു.
ഇരുവരുടേയും മത്സരം രക്ഷിച്ച പ്രകടനം പരമ്പരയിലെ ഒരു വഴിത്തിരിവാകാന്‍ സാധ്യതയുണ്ട്. അടുത്ത ടെസ്റ്റുകള്‍ മെല്‍ബണിലും സിഡ്നിയിലുമായാണ് നടക്കുക. പെര്‍ത്ത്, അഡ്ലെയ്ഡ്, ബ്രിസ്ബേന്‍ എന്നിവിടങ്ങളെ അപേക്ഷിച്ച് ഈ രണ്ട് വേദികളും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കൂടുതല്‍ അനുകൂലമാണ്.