അവന് കരിയര്‍ തിരിച്ചുപിടിക്കാനുള്ള സുവര്‍ണാവസരം; തുറന്ന് പറഞ്ഞ് ഇന്ത്യന്‍ താരം
വരാനിരിക്കുന്ന ഐ.പി.എല്‍ 2025-ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ലേലത്തില്‍ എടുത്ത ഇഷാന്‍ കിഷന് തന്റെ കരിയര്‍ തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര വിശ്വസിക്കുന്നത്. നിലവില്‍ ബാറ്റുകൊണ്ടുള്ള കഴിവ് തെളിയിച്ചിട്ടും കിഷന്‍ ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധയില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷമായത് ചോപ്രയെ അത്ഭുതപ്പെടുത്തുന്നു.
'എന്തുകൊണ്ടോ, അവന്‍ പൂര്‍ണ്ണമായും റഡാറില്‍ നിന്ന് അപ്രത്യക്ഷനായി. അവനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല അല്ലെങ്കില്‍ അവന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ലെന്ന് തോന്നുന്നു. അവന്‍ രഞ്ജി ട്രോഫിയില്‍ കളിച്ച് അവിടെ റണ്‍സ് നേടി, അവന്‍ എല്ലാം ചെയ്യുന്നുണ്ട്, പക്ഷേ ആരും അവനെക്കുറിച്ച് സംസാരിക്കുന്നില്ല' ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
'നിങ്ങള്‍ക്ക് വീണ്ടും പരിഗണനയിലേക്ക് വരാം. ഓപ്പണ്‍ ചെയ്യാനോ ടോപ്പ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യാനോ കഴിയുന്ന ഒരു കീപ്പര്‍-ബാറ്റര്‍, അത് മനോഹരമാണ്. അവരെല്ലാം ഒരു ട്രെയിനിലെ ബോഗികളാണെന്നും എല്ലാവരും ഒരേ ലക്ഷ്യസ്ഥാനത്തേക്ക് പോകണമെന്നും ഒരു ബോഗി മുന്നിലാണോ പിന്നിലാണോ എന്നത് പ്രശ്‌നമല്ലെന്നും ഗൗതം (ഗംഭീര്‍) പറയുന്നുണ്ട്. അതായത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ബാറ്റിംഗ് ഓര്‍ഡര്‍ ഇനി നിലവിലില്ല എന്നാണ്' ചോപ്ര പറഞ്ഞു നിര്‍ത്തി.
മുംബൈ ഇന്ത്യന്‍സ് (എം.ഐ) റിലീസ് ചെയ്ത കിഷനെ കഴിഞ്ഞ നവംബറില്‍ നടന്ന ഐ.പി.എല്‍ ലേലത്തില്‍ 11.25 കോടി രൂപയ്ക്കാണ് എസ്.ആര്‍.എച്ച് വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളായ അഭിഷേക് ശര്‍മ്മയും ട്രെവിസ് ഹെഡും എസ്.ആര്‍.എച്ചിന് ശക്തമായ ഓപ്പണിംഗ് കോമ്പിനേഷനുണ്ട്. ഇതോടെ കിഷനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കാനുളള സാധ്യതയാമാണ് ഹൈദരാബാദ് തേടുന്നത്.
2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് തകര്‍ത്ത ഏകദിന ഇരട്ട സെഞ്ച്വറി (131 പന്തില്‍ 210) നേടിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി തിരഞ്ഞെടുത്തതോടെ കിഷനെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. അതിനുശേഷം എല്ലാ ഫോര്‍മാറ്റുകളിലും ടീമില്‍ സ്ഥാനം കണ്ടെത്താന്‍ അദ്ദേഹം പാടുപെടുകയാണ്.
വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ വിഭാഗത്തില്‍ ഋഷഭ് പന്ത്, കെ.എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹത്തേക്കാള്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കിഷന് ബി.സി.സി.ഐ സെന്‍ട്രല്‍ കരാറും നഷ്ടപ്പെട്ടിരുന്നു.