ബുംറയുടെ കരിയര്‍ അപകടത്തില്‍, കരിയര്‍ അവസാനിച്ചേക്കാം, തുറന്നടിച്ച് ഷെയ്ന്‍ ബോണ്ട്
ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി മുന്‍ ന്യൂസിലന്‍ഡ് പേസറും മുംബൈ ഇന്ത്യന്‍സിന്റെ (എംഐ) മുന്‍ ബോളിംഗ് കോച്ചുമായ ഷെയ്ന്‍ ബോണ്ട്. ബുംറയ്ക്ക് ശസ്ത്രക്രിയ നടത്തിയ അതേ സ്ഥലത്ത് വീണ്ടും പരിക്കേറ്റാല്‍ അത് കരിയര്‍ അവസാനിക്കുന്നതിലേക്ക് എത്തച്ചേര്‍ന്നേക്കാമെന്നാണ് ബോണ്ട് മുന്നറിയിപ്പ് നല്‍കുന്നത്.
ഭാവിയില്‍ ഒരേസമയം രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ ബുംറയെ കളിപ്പിക്കാതിരിക്കുന്നതാണ് ഉചിതമെന്നും ബോണ്ട് ഉപദേശിക്കുന്നു. പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടാണ് ബോണ്ട് ഇക്കാര്യം വെളിപ്പെടുത്തിയത്.
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി 'ദേശീയ നിധി' എന്ന് വിശേഷിപ്പിച്ച ബുംറ, 2024-25 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി ഒറ്റയ്ക്ക് പൊരുതിയിരുന്നു. അഞ്ച് മത്സരങ്ങളില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തി. ഈ വര്‍ഷം ജനുവരിയില്‍ സിഡ്നിയില്‍ നടന്ന അവസാന ടെസ്റ്റ് മത്സരത്തില്‍ സ്ട്രെസ്സ് മൂലമുണ്ടായ പരിക്കിനെ തുടര്‍ന്ന് ബുംറ പുറത്താകുകയും ചെയ്തു.
അതിനുശേഷം ബുംറ മത്സര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ഇന്ത്യയുടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി വിജയത്തിലും താരത്തിന് കളിക്കാന്‍ സാധിച്ചില്ല. ബുംറ നിലവില്‍ ബംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ പുനരധിവാസത്തിലാണ്. മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സിനായി ബുംറ കളിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ബുംറയ്ക്ക് ഇത് ആദ്യമായിട്ടല്ല പുറകില്‍ പരിക്കേല്‍ക്കുന്നത്. 2023 മാര്‍ച്ചില്‍ ഇതിനായി ശസ്ത്രക്രിയ നടത്തിയിരുന്നു. മുന്‍പ് എംഐയുടെ ബോളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയും നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബോളിംഗ് കോച്ചുമായി ഷെയ്ന്‍ ബോണ്ട്, ബുംറയുടെ ജോലിഭാരം ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും വീണ്ടും പരിക്കേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തുറന്ന് പറഞ്ഞു.
ബോണ്ടിനും പുറകില്‍ പരിക്കേറ്റ് കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന ചരിത്രമുണ്ട്. 2001-10 കാലയളവില്‍ 120 മത്സരങ്ങള്‍ മാത്രം കളിച്ച അദ്ദേഹം ന്യൂസിലന്‍ഡിനായി 259 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ബുംറയെപ്പോലെ 29-ാം വയസ്സിലാണ് അദ്ദേഹവും ആദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടര്‍ച്ചയായ പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും, ബോണ്ട് 34 വയസ്സുവരെ കളിച്ചു, ആദ്യം ടെസ്റ്റില്‍ നിന്നും പിന്നീട് ആറ് മാസത്തിനുള്ളില്‍ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു.
ബുംറയെക്കുറിച്ച് ഇഎസ്പിഎന്‍ക്രിക്ക്ഇന്‍ഫോയോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, 'സിഡ്നിയില്‍ സ്‌കാനിംഗിനായി പോയപ്പോള്‍, അവിടെ ഉളുക്കുകളും മറ്റും ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വെറുമൊരു ഉളുക്കല്ലെന്നും പുറകിലെ എല്ലിന് പരിക്കേറ്റതാണെന്നും ഞാന്‍ ആശങ്കപ്പെട്ടിരുന്നു. അങ്ങനെയെങ്കില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്നും ഞാന്‍ കരുതി.'
ടി20യില്‍ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള പെട്ടെന്നുള്ള മാറ്റത്തിലാണ് അപകട സാധ്യതയെന്ന് ബോണ്ട് ചൂണ്ടിക്കാട്ടി. മെയ് 25-ന് ഐപിഎല്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ഇത് വെല്ലുവിളിയാണെന്നും ബോണ്ട് വ്യക്തമാക്കി.
'നോക്കൂ, ബുംറയ്ക്ക് കുഴപ്പമൊന്നുമുണ്ടാവില്ല, പക്ഷേ ജോലിഭാരം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്,' ബോണ്ട് പറഞ്ഞു.
'ഇനി വരാനിരിക്കുന്ന പര്യടനങ്ങളും ഷെഡ്യൂളും പരിശോധിക്കുകയാണെങ്കില്‍ എപ്പോഴാണ് അദ്ദേഹത്തിന് വിശ്രമം നല്‍കേണ്ട അവസരങ്ങള്‍ കിട്ടുക, കൂടാതെ അപകട സാധ്യതയുള്ള സമയങ്ങള്‍ ഏതൊക്കെയാണ്? പലപ്പോഴും ഐപിഎല്ലില്‍ നിന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള മാറ്റം അപകടകരമാണ്' ബോണ്ട് പറയുന്നു.
'പ്രത്യേകിച്ച് ടി20യില്‍ നിന്ന് ടെസ്റ്റ് മത്സരത്തിലേക്ക് മാറുമ്പോള്‍ അത് വെല്ലുവിളിയാണ്. നിങ്ങള്‍ ഒരു ഏകദിന പരമ്പരയാണ് കളിക്കുന്നതെങ്കില്‍ വലിയ കുഴപ്പമുണ്ടാകില്ല. നിങ്ങള്‍ ആഴ്ചയില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കും, പരിശീലനം നടത്തും, ഏകദേശം 40 ഓവറുകള്‍ക്കുള്ളില്‍ തന്നെ നില്‍ക്കും. അത് ഏകദേശം ഒരു ടെസ്റ്റ് മത്സര ആഴ്ചയ്ക്ക് അടുത്താണ്. എന്നാല്‍ ടി20യില്‍, പ്രത്യേകിച്ച് ഐപിഎല്ലില്‍, നിങ്ങള്‍ ആഴ്ചയില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കുമ്പോള്‍, രണ്ട് ദിവസം യാത്രയുണ്ടാകും, നിങ്ങള്‍ക്ക് ഒരു പരിശീലന സെഷന്‍ മാത്രമേ ലഭിക്കൂ, ഭാഗ്യമുണ്ടെങ്കില്‍ ഏകദേശം 20 ഓവറുകള്‍ എറിയും. അത് ഒരു ടെസ്റ്റ് മത്സരത്തിന്റെ പകുതിയോ അതില്‍ താഴെയോ മാത്രമാണ്. പിന്നീട് അതില്‍ നിന്ന് മാറുമ്പോള്‍ വലിയ മാറ്റം വരും, കൂടാതെ നിങ്ങള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പന്തെറിയുന്നില്ല. അതില്‍ നിന്ന് മാറുമ്പോള്‍ വലിയ മാറ്റമുണ്ടാകും,' അദ്ദേഹം പറഞ്ഞു.
ജൂണ്‍ 28 മുതല്‍ ഓഗസ്റ്റ് 3 വരെ അഞ്ച് ടെസ്റ്റുകളുള്ള ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം വളരെ തിരക്കേറിയതാണ്. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബുംറ സഹിച്ച ജോലിഭാരം ഇംഗ്ലണ്ടില്‍ നല്‍കരുതെന്ന് ബോണ്ട് പറഞ്ഞു. നാലാം ടെസ്റ്റില്‍ 52 ഓവറുകള്‍ ഉള്‍പ്പെടെ മൊത്തം 151.2 ഓവറുകളാണ് ബുംറ എറിഞ്ഞത്.
'അടുത്ത ലോകകപ്പിനും മറ്റുമായി അദ്ദേഹം വളരെ വിലപ്പെട്ടവനാണ്. അതിനാല്‍ ഇംഗ്ലണ്ടില്‍ അഞ്ച് ടെസ്റ്റുകള്‍ ഉണ്ടെങ്കില്‍, അതില്‍ രണ്ടില്‍ കൂടുതല്‍ തുടര്‍ച്ചയായി കളിപ്പിക്കാതിരിക്കുന്നതാണ് ഉചിതം. ഐപിഎല്‍ അവസാനിച്ചതിന് ശേഷം ഒരു ടെസ്റ്റ് മത്സരത്തിലേക്ക് വരുന്നത് വലിയ അപകടസാധ്യതയാണ്. അതിനാല്‍ അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് പ്രധാന വിഷയം.'
'അവര്‍ ചിലപ്പോള്‍ നാല് ടെസ്റ്റുകളില്‍ മൊത്തം കളിച്ചാല്‍ മതി എന്ന് പറയും. അല്ലെങ്കില്‍ മൂന്നെണ്ണം. ഇംഗ്ലീഷ് സമ്മറില്‍ അവനെ ഫിറ്റാക്കാന്‍ കഴിഞ്ഞാല്‍, ബാക്കിയുള്ള ഫോര്‍മാറ്റുകളില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ കഴിയും. അത് ബുദ്ധിമുട്ടാണ്, കാരണം അവനാണ് നിങ്ങളുടെ ഏറ്റവും മികച്ച ബൗളര്‍. പക്ഷേ അതേ സ്ഥലത്ത് വീണ്ടും പരിക്കേറ്റാല്‍ അത് കരിയര്‍ അവസാനിപ്പിച്ചേക്കാം. ആ സ്ഥലത്ത് വീണ്ടും ശസ്ത്രക്രിയ നടത്താന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പില്ല' ബോണ്ട് വാചാലനായി.
തന്റെ കരിയര്‍ സുരക്ഷിതമാക്കാന്‍ സഹായിക്കുന്ന ഒരു സുരക്ഷിതമായ പാത ആസൂത്രണം ചെയ്യുന്നതിനായി ഇന്ത്യന്‍ ക്രിക്കറ്റിലെ തീരുമാനമെടുക്കുന്നവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് ബുംറയുടെ ഉത്തരവാദിത്തമാണെന്ന് ബോണ്ട് പറഞ്ഞു. 'അതിനാല്‍, മികച്ച മാനേജ്മെന്റും കളിക്കാരനുമായി തുറന്ന സംഭാഷണങ്ങളും ആവശ്യമാണ്. നിങ്ങളുടെ കരിയറിലെ മികച്ച താല്‍പ്പര്യങ്ങള്‍ക്കായിട്ടാണ് ഞങ്ങള്‍ ഇത് ചെയ്യുന്നത് എന്ന് പറയണം. ഇത് അനുഭവിച്ച ഏതൊരു കളിക്കാരനും കളിക്കാന്‍ ആഗ്രഹിക്കും, പക്ഷേ ചില സമയങ്ങളില്‍ ചില അപകടസാധ്യതകളുണ്ടെന്നും ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്നും മനസ്സിലാക്കുന്നു' അദ്ദേഹം പറഞ്ഞ് നിര്‍ത്തി.