ഐപിഎല്ലിനെ പിന്നില്‍ നിന്ന് കുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ, വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് പിന്തുണ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മെയ് 17 ന് വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റ് പുനരാരംഭിക്കുന്നത്.
അതിനിടെ ഐപിഎല്ലിന് തലവേദനയായിരിക്കുകയാണ് വിദേശ താരങ്ങളുടെ വിട്ടുനില്‍ക്കല്‍. നാട്ടിലേക്ക് മടങ്ങിയ പലരും തിരിച്ചുവരാന്‍ തയ്യാറല്ലത്രെ. അതെസമയം ഇന്ത്യയിലേക്ക് മടങ്ങാന്‍ താല്‍പ്പര്യമില്ലാത്ത കളിക്കാര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ).
'ഇന്ത്യയിലേക്ക് മടങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ കളിക്കാര്‍ എടുക്കുന്ന വ്യക്തിപരമായ തീരുമാനങ്ങളെ ക്രിക്കറ്റ് ഓസ്ട്രേലിയ പിന്തുണയ്ക്കും,' സിഎ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. 'ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളില്‍ കളിക്കാതിരിക്കുന്ന കളിക്കാര്‍ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമാകാം'
'സുരക്ഷാ ക്രമീകരണങ്ങളെയും സുരക്ഷയെയും കുറിച്ച് ഞങ്ങള്‍ ഓസ്ട്രേലിയന്‍ ഗവണ്‍മെന്റുമായും ബിസിസിഐയുമായും ആശയവിനിമയം നിലനിര്‍ത്തുന്നു' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഐപിഎല്‍ അവസാനിച്ചതിന് ശേഷം എട്ട് ദിവസത്തിനുള്ളില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നുണ്ട്. ജൂണ്‍ 11 ന് ലോര്‍ഡ്‌സില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെയാണ് നേരിടുന്നത്. അതിനാല്‍ തന്നെ കളിക്കാരുടെ ഫിറ്റ്നസ്സും മാനസികമായ തയ്യാറെടുപ്പും ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് പരമ പ്രധാനമാണ്.
ഐപിഎല്ലില്‍ പങ്കെടുത്ത ഓസ്ട്രേലിയന്‍ താരങ്ങളില്‍ പലരും (പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്)ഓസ്ട്രേലിയയുടെ ഡബ്ല്യുടിസി പദ്ധതികളില്‍ പ്രധാനികളാണ്. തോളിലെ പരിക്ക് മൂലം വിശ്രമിക്കുന്ന ഹേസല്‍വുഡ് ഫൈനലിന് മുന്‍പ് സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം, മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ് തുടങ്ങിയവര്‍ ഐപിഎല്‍ പ്ലേഓഫ് മത്സരങ്ങളില്‍ സജീവമാകുമെന്ന ഉറപ്പാക്കിയുണ്ട്. ജസ്റ്റിന്‍ ലാംഗര്‍, റിക്കി പോണ്ടിംഗ്, മാത്യു ഹെയ്ഡന്‍ തുടങ്ങിയ ഓസ്ട്രേലിയന്‍ പരിശീലകരും കമന്റേറ്റര്‍മാരും ലോജിസ്റ്റിക്പരമായ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.