ഒരു യുഗം അവസാനിച്ചു, നേടിയത് 21 സെഞ്ച്വറിയും 39 ഫിഫ്റ്റിയും
രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗരാഷ്ട്ര പരാജയപ്പെട്ടതിന് പിന്നാലെ വെറ്ററല്‍ താരം ഷെല്‍ഡണ്‍ ജാക്സണ്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനോട് ഇന്നിംഗ്സിനും 98 റണ്‍സിനും സൗരാഷ്ട്ര തോറ്റതിന് ശേഷമാണ് ജാക്സണ്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
മത്സരത്തില്‍ 14 ഉം 27 ഉം റണ്‍സ് നേടിയ ജാക്സണിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. 38 കാരനായ ജാക്സണ്‍ 106 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് 45.80 ശരാശരിയില്‍ 7283 റണ്‍സ് നേടിയിട്ടുളള താരമാണ്. ഇതില്‍ 21 സെഞ്ച്വറികളും 39 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു.
2011 ല്‍ റെയില്‍വേസിനെതിരെ അരങ്ങേറ്റം കുറിച്ച ജാക്സന്റെ കരിയര്‍ 14 വര്‍ഷത്തിലേറെ നീണ്ടുനിന്നു. മുന്‍ ബംഗാള്‍ ക്രിക്കറ്റ് താരം ജോയ്ദീപ് മുഖര്‍ജി കണ്ടെത്തിയതിന് ശേഷമാണ് ജാക്സണ്‍ ആദ്യമായി ശ്രദ്ധയില്‍പ്പെട്ടത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ (കെകെആര്‍) ഭാഗവുമായിരുന്നു അദ്ദേഹം.
2012-13 രഞ്ജി സീസണില്‍ ജാക്സണ്‍ നാല് ഫിഫ്റ്റികളും മൂന്ന് സെഞ്ച്വറികളും നേടിയിരുന്നു. കര്‍ണാടകയ്ക്കും പഞ്ചാബിനുമെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും തുടര്‍ച്ചയായി സെഞ്ച്വറികളും ജാക്‌സണ്‍ നേടിയിരുന്നു. ഇതോടെ സൗരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ഫൈനല്‍ യോഗ്യതയില്‍ നിര്‍ണായക പങ്ക് വഹിച്ചു.
ഈ വര്‍ഷം ആദ്യം തന്നെ ജാക്സണ്‍ ഏകദിന, ടി20 കരിയറില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. 86 ലിസ്റ്റ് എ മത്സരങ്ങളിലും 84 ടി20കളിലും ജാക്സണ്‍ യഥാക്രമം 2792 ഉം 1812 ഉം റണ്‍സ് നേടിയിട്ടുണ്ട്, 10 സെഞ്ച്വറികളും 25 അര്‍ദ്ധ സെഞ്ച്വറികളും.