ഫോമാണ് പരിഗണിക്കുന്നതെങ്കില്‍ രോഹിത്തും കോഹ്ലിയും ടീമിലുണ്ടാകില്ല, തുറന്നടിച്ച് ക്രിക്കറ്റ് ലോകം
അവസാനം കളിച്ച അഞ്ച് ടി20കളില്‍ മൂന്ന് സെഞ്ച്വറിയും അവസാന ഏകദിനത്തില്‍ ഒരു സെഞ്ച്വറിയും നേടിയ മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ ആരാധകര്‍ പ്രതിഷേധത്തിലാണ്. മികച്ച ഫോമിലുള്ള സഞ്ജുവിന് പകരം റിഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയുമാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സെലക്ഷന്‍ പ്രക്രിയയില്‍ 'ക്വാട്ട' സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെന്നും സഞ്ജുവിനെ ഒഴിവാക്കിയത് അതിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്.
'സെഞ്ച്വറി അടിച്ചിട്ടും ടീമില്‍ ഇടമില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യണം?' എന്നാണ് ആരാധകരുടെ ചോദ്യം. ഫോം പരിഗണിക്കുമ്പോള്‍ രോഹിതിനെയും കോഹ്ലിയെയുമാണ് പുറത്തിരുത്തേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.
16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. അവസാന ടി20 പരമ്പരകളിലെ മികച്ച പ്രകടനം കണക്കിലെടുക്കുമ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയത് ന്യായീകരിക്കാനാകില്ലെന്നാണ് ആരാധകരുടെ വാദം.
ഫെബ്രുവരി 19 ന് പാകിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. പരിക്കില്‍ നിന്ന് മുക്തരായ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ടീമിലുണ്ട്.