ഐപിഎല്‍ നീട്ടല്‍, ബിസിസിഐയ്ക്ക് തിരിച്ചടി; താരങ്ങളെ തിരികെ വിളിച്ച് ദക്ഷിണാഫ്രിക്ക
ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ നീട്ടുന്നത് ഫ്രാഞ്ചൈസികള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നു. ലീഗ് പുനരാരംഭിക്കുമ്പോള്‍ എല്ലാ വിദേശ താരങ്ങളെയും തിരിച്ചെത്തിക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും, ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ) തങ്ങളുടെ കളിക്കാര്‍ മെയ് 26ന് നാട്ടിലേക്ക് മടങ്ങിയെത്തണമെന്ന് കര്‍ശനമായി അറിയിച്ചു.
ഐപിഎല്‍ ഫൈനല്‍ മെയ് 25ന് നടത്താന്‍ തീരുമാനിച്ചിരുന്ന സമയത്തെ കരാര്‍ അനുസിച്ചാണിത്. ഇരു ബോര്‍ഡുകളുടെയും തലവന്‍മാര്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും, സിഎസ്എ അവരുടെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോര്‍ബിന്‍ ബോഷ് (മുംബൈ ഇന്ത്യന്‍സ്), വിയാന്‍ മുള്‍ഡര്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്), മാര്‍ക്കോ ജാന്‍സെന്‍ (പഞ്ചാബ് കിംഗ്‌സ്), എയ്ഡന്‍ മാര്‍ക്രം (ലഖ്നൗ സൂപ്പര്‍ ജിയന്റ്‌സ്), ലുങ്കി എന്‍ഗിഡി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), കാഗിസോ റബാഡ (ഗുജറാത്ത് ടൈറ്റന്‍സ്), റയാന്‍ റിട്ടണ്‍ (മുംബൈ ഇന്ത്യന്‍സ്), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (ഡല്‍ഹി ക്യാപിറ്റല്‍സ്) എന്നിവരെല്ലാം മെയ് 13ന് ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ച ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ടീമില്‍ ഉള്‍പ്പെടുന്നവരാണ്.
പ്രാഥമിക കരാര്‍ അനുസരിച്ച്, മെയ് 26ന് എല്ലാ വിദേശ താരങ്ങളെയും ബിസിസിഐ വിട്ടയക്കേണ്ടതായിരുന്നു. എന്നാല്‍ പുതുക്കിയ ഷെഡ്യൂള്‍ അനുസരിച്ച്, ലീഗ് ഘട്ടം പോലും മെയ് 27ന് മുന്‍പ് അവസാനിക്കില്ല. ഫൈനല്‍ ജൂണ്‍ 03നാണ് നടക്കുന്നത്.
'ഐപിഎല്ലുമായും ബിസിസിഐയുമായുമുള്ള പ്രാരംഭ കരാര്‍ ഫൈനല്‍ മെയ് 25ന് നടക്കുമ്പോള്‍ ഞങ്ങളുടെ കളിക്കാര്‍ 26ന് മടങ്ങിയെത്തുമെന്നായിരുന്നു. അത് ഞങ്ങള്‍ക്ക് മെയ് 30ന് യാത്ര പുറപ്പെടുന്നതിന് മുമ്പ് മതിയായ സമയം നല്‍കും. ഞങ്ങളുടെ കാഴ്ചപ്പാടില്‍ നിന്ന് യാതൊരു മാറ്റവുമില്ല,' ദക്ഷിണാഫ്രിക്കന്‍ ടീം പരിശീലകന്‍ ഷുക്രി കോണ്‍റാഡ് ചൊവ്വാഴ്ച പറഞ്ഞു.
'എന്നെക്കാള്‍ ഉയര്‍ന്ന തലത്തിലുള്ള ആളുകള്‍, അതായത് ക്രിക്കറ്റ് ഡയറക്ടര്‍ (എനോക്, സിഎസ്എ സിഇഒ (ഫോലെറ്റ്‌സി മോസെകി) എന്നിവര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അവര്‍ അതിനെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ നിലവില്‍ ഞങ്ങള്‍ എടുത്ത തീരുമാനത്തില്‍ നിന്ന് പിന്മാറില്ലെന്ന് തോന്നുന്നു. ഞങ്ങളുടെ കളിക്കാര്‍ 26ന് തിരിച്ചെത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു, അത് യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതെസമയം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ കളിക്കാത്ത ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ സേവനം ചില ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് തുടര്‍ന്നും ലഭിക്കാന്‍ സാധ്യതയുണ്ട്. ആ പ്രോട്ടീസ് താരങ്ങള്‍ ഇവരാണ്:
- ഡെവാള്‍ഡ് ബ്രെവിസ് (ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ പകരക്കാരന്‍)
- ഫാഫ് ഡു പ്ലെസിസ്, ഡോണോവന്‍ ഫെറേര (ഡല്‍ഹി ക്യാപിറ്റല്‍സ്)
- ജെറാള്‍ഡ് കോല്വേലല (ഗുജറാത്ത് ടൈറ്റന്‍സ്)
- ക്വിന്റണ്‍ ഡി കോക്ക്, ആന്റിച്ച് നോര്‍ട്ട്‌ജെ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്)
- ഡേവിഡ് മില്ലര്‍, മാത്യു ബ്രീറ്റ്‌സ്‌കെ (ലഖ്നൗ സൂപ്പര്‍ ജിയന്റ്‌സ്)
- നാന്‍ഡ്രെ ബര്‍ഗര്‍, ക്വേന മഫാക, ലുവാന്‍-ഡ്രെ പ്രെറ്റോറിയസ് (രാജസ്ഥാന്‍ റോയല്‍സ്)
- ഹെന്റിച്ച് ക്ലാസന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)