'കളിക്കാൻ അറിയുന്നവനെ പിടിച്ചു കമന്ററി പറയാൻ വിട്ടു'; ടീം ഇന്ത്യക്കെതിരെ കമ്മിൻസ്
പത്ത് വർഷത്തിനിടെ ആദ്യമായി ബോർഡർ-ഗവാസ്‌കർ ട്രോഫി ഓസീസ് ഷെൽഫിലെത്തിക്കാനുള്ള കഠിനമായ പരിശ്രമത്തിലാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്. തുടർച്ചയായി രണ്ട് പരമ്പരകളിലെ തോൽവിക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ സ്വന്തം നാട്ടിൽ വിജയിക്കാനാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ടീമിന്റെ സമീപകാല ഫോമും, പ്രധാന താരങ്ങളുടെ അഭാവവും ഓസീസിന്റെ സാധ്യത വർദ്ധിപ്പിക്കുന്നുമുണ്ട്. എന്നാൽ, ഇതിനെല്ലാം പുറമെ ഇന്ത്യൻ സെലക്ഷനിലും തങ്ങൾക്ക് അനുകൂലമായ ചില കാര്യങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഓസീസ് നായകൻ.
ടിം പെയ്‌നിന് പകരം തന്റെ ആദ്യ ഹോം ബിജിടിയിൽ ക്യാപ്റ്റനാകുന്ന കമ്മിൻസ്, നവംബർ 22 ന് പെർത്തിൽ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.. തുടർച്ചയായ രണ്ട് പരമ്പര വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച രണ്ട് പരിചയസമ്പന്നരായ താരങ്ങളെ ഒഴിവാക്കിയതിനെക്കുറിച്ച് കമ്മിൻസ് പ്രതികരിച്ചു. ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ എന്നിവരെയാണ് ഇന്ത്യ ഒഴിവാക്കിയത്. ഭാവികൂടി കണക്കിലെടുത്ത് എന്ന കാരണം പറഞ്ഞാണ് ഇന്ത്യ ഇരുവരെയും പുറത്തിരുത്തി പകരം യുവതാരങ്ങളെ ടീമിലെത്തിച്ചത്.
"അവർ (രഹാനെയും പൂജാരയും) രണ്ടുപേരും വളരെ പ്രധാനപ്പെട്ട ചില ഇന്നിംഗ്‌സുകളാണ് കഴിഞ്ഞ ടൂർണമെന്റിൽ കളിച്ചത്. പൂജാരയ്‌ക്കെതിരെ ബൗൾ ചെയ്യുന്നത് കഠിനമാണ്. അദ്ദേഹം ബൗളർമാർക്ക് മേൽ വലിയ അധിപത്യമൊന്നും സ്ഥാപിക്കില്ല. അയാൾ ആകെ ചെയ്യുക ബാറ്റ് ചെയ്യും, ബാറ്റ് ചെയ്യും, ബാറ്റ് ചെയ്യും, പിന്നെയും ബാറ്റ് ചെയ്യും. ഒരുസമയം കഴിഞ്ഞാൽ ആ വിക്കറ്റ് വീഴ്ത്തുക ഏറെക്കുറെ അസാധ്യമാണ്."
Advertisement
പൂജാരയെ ടീമിലെടുക്കാത്തതിനെതിരെ സോഷ്യൽ മീഡിയയിലും വിമർശനങ്ങൾ ശക്തമാണ്. അതിനിടെ സ്റ്റാർ സ്പോർട്സ് ഹിന്ദിക്കായി കമന്ററി പറയാൻ പൂജാരയെത്തും എന്നും റിപ്പോർട്ടുകളുണ്ട്. പൂജാരയുടെ മൂന്നാം നമ്പർ സ്ഥാനം ശുഭ്മാൻ ഗിൽ ഏറ്റെടുക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തള്ളവിരലിനേറ്റ പരിക്കിനെ തുടർന്ന് ഗിൽ ആദ്യ ടെസ്റ്റ് കളിക്കില്ല. പകരം ദേവ്ദത്ത് പടിക്കലിന് ആ സ്ഥാനത്ത് അവസരം ലഭിച്ചേക്കാം.
അതേസമയം, 2020-21ൽ ഇന്ത്യയുടെ വിജയത്തിന്റെ അവസാന മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റനായ രഹാനെക്ക് പകരം, മധ്യനിരയിൽ സർഫറാസ് ഖാനോ, ധ്രുവ് ജുറേലിനോ അവസരം ലഭിക്കും.
കമ്മിൻസ് vs ബുംറ പോരാട്ടം
ഇന്ത്യയുടെ പ്രധാന സ്‌ട്രൈക്ക് ബൗളറും, ആദ്യ ടെസ്റ്റിൽ രോഹിത് ശർമയുടെ അഭാവത്തിൽ ടീമിനെ നയിക്കുകയും ചെയ്യുന്ന ജസ്പ്രീത് ബുംറയെയും കമ്മിൻസ് പ്രശംസിച്ചു.
"ഞാൻ ബുംറയുടെ വലിയ ആരാധകനാണ്," കമ്മിൻസ് പറഞ്ഞു. "അവൻ ഒരു അത്ഭുത ബൗളറാണ്, പരമ്പരയിൽ ഇന്ത്യയ്ക്കായി വലിയ പങ്കുവഹിക്കാൻ കഴിയും. ഓസ്‌ട്രേലിയയിൽ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് ഭുമ്ര" - കമ്മിൻസ് പറയുന്നു.
2018-19 പരമ്പരയിൽ ബുംറ വലിയ സ്വാധീനമാണ് ചെലുത്തിയത്. ആ പരമ്പരയിൽ 21 വിക്കറ്റുകൾ നേടി ഇരു ടീമുകളുടെയും മുൻനിര വിക്കറ്റ് വേട്ടക്കാരനായും ഭുമ്ര മാറി. തുടർന്നുള്ള പര്യടനത്തിൽ ഗാബയിലെ നിർണായക മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവന്നു, എന്നാൽ എംസിജിയിലെ വിജയത്തിൽ ബുംറ നിർണായക ശക്തിയായി.
രോഹിത് ശർമ്മ പിതൃത്വ അവധി കാരണം ഓസ്‌ട്രേലിയയിലേക്ക് പറന്നില്ലെങ്കിൽ ആദ്യ ടെസ്റ്റിൽ ബുംറ ക്യാപ്റ്റൻസി ഏറ്റെടുത്തേക്കാം. അങ്ങനെയെങ്കിൽ ബുംറയും കമ്മിൻസും ബൗളർമാരായി മാത്രമല്ല, ക്യാപ്റ്റൻമാരായും പരസ്പരം ഏറ്റുമുട്ടും.