അവിശ്വസനീയ റെക്കോര്‍ഡ് ഒറ്റക്ക് തൂക്കി, തോല്‍വിയിലും ചരിത്രം കുറിച്ച് മില്ലര്‍
ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്ക തോറ്റെങ്കിലും മത്സരത്തില്‍ അവര്‍ക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡേവിഡ് മില്ലര്‍ ചരിത്രത്തില്‍ ഇടംനേടി. മത്സരത്തില്‍ സെഞ്ച്വറി നേടിയ മില്ലര്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ് സ്വന്തമാക്കി.
67 പന്തില്‍ ആണ് മില്ലര്‍ സെഞ്ച്വറി തികച്ചത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. 70 പന്തില്‍ താഴെ സെഞ്ചുറി നേടുന്ന ആദ്യ താരമായും മില്ലര്‍ മാറി.
2002-ല്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ 77 പന്തില്‍ സെഞ്ചുറി നേടിയ വീരേന്ദര്‍ സെവാഗിന്റെ 23 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മില്ലര്‍ തകര്‍ത്തത്. ഈ വര്‍ഷം ആദ്യം ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയുടെ ജോഷ് ഇംഗ്ലിസ് ഈ റെക്കോര്‍ഡിനൊപ്പമെത്തിയിരുന്നു.
ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറികള്‍
ഡേവിഡ് മില്ലര്‍ (ദക്ഷിണാഫ്രിക്ക): 67 പന്ത്, എതിരാളി: ന്യൂസിലന്‍ഡ്, വേദി: ലാഹോര്‍, വര്‍ഷം: 2025
വീരേന്ദര്‍ സെവാഗ് (ഇന്ത്യ): 77 പന്ത്, എതിരാളി: ഇംഗ്ലണ്ട്, വേദി: കൊളംബോ, വര്‍ഷം: 2002
ജോഷ് ഇംഗ്ലിസ് (ഓസ്ട്രേലിയ): 77 പന്ത്, എതിരാളി: ഇംഗ്ലണ്ട്, വേദി: ലാഹോര്‍, വര്‍ഷം: 2025
ശിഖര്‍ ധവാന്‍ (ഇന്ത്യ): 80 പന്ത്, എതിരാളി: ദക്ഷിണാഫ്രിക്ക, വേദി: കാര്‍ഡിഫ്, വര്‍ഷം: 2013
തിലകരത്നെ ദില്‍ഷന്‍ (ശ്രീലങ്ക): 87 പന്ത്, എതിരാളി: ദക്ഷിണാഫ്രിക്ക, വേദി: സെഞ്ചൂറിയന്‍, വര്‍ഷം: 2009
മറ്റ് റെക്കോര്‍ഡുകള്‍
2023 ലോകകപ്പ് സെമിഫൈനലില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ശേഷം ഐസിസി ഇവന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമായി മില്ലര്‍ മാറി. ഇതിനുമുമ്പ് ഹെര്‍ഷല്‍ ഗിബ്സും ജാക്ക് കാലിസും മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
സൗരവ് ഗാംഗുലി, സയീദ് അന്‍വര്‍, റിക്കി പോണ്ടിംഗ്, മഹേള ജയവര്‍ധനെ, ഷെയ്ന്‍ വാട്സണ്‍, രോഹിത് ശര്‍മ്മ എന്നിവര്‍ക്ക് ശേഷം ഐസിസി ഇവന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ ഒന്നിലധികം സെഞ്ചുറി നേടുന്ന ഏഴാമത്തെ താരമാണ് മില്ലര്‍. ഗാംഗുലി, അന്‍വര്‍, പോണ്ടിംഗ് എന്നിവര്‍ മൂന്ന് സെഞ്ചുറി വീതം നേടി. മില്ലര്‍ ഉള്‍പ്പെടെയുള്ള മറ്റുള്ളവര്‍ രണ്ട് സെഞ്ചുറികള്‍ നേടി.
തോറ്റ മത്സരങ്ങളില്‍ ഐസിസി ഇവന്റുകളുടെ നോക്കൗട്ട് മത്സരങ്ങളില്‍ ഒന്നിലധികം സെഞ്ചുറി നേടുന്ന ആദ്യ താരമാണ് മില്ലര്‍. ഇതിനുമുമ്പ് 11 കളിക്കാര്‍ തങ്ങളുടെ ടീം ഏകദിന ലോകകപ്പിലോ ചാമ്പ്യന്‍സ് ട്രോഫിയിലോ പുറത്തായപ്പോള്‍ ഒരു സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ രണ്ട് തവണ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് മില്ലര്‍.
2023 ലോകകപ്പ് സെമിഫൈനലില്‍ ആറാം നമ്പറിലോ അതില്‍ താഴെയോ ഇറങ്ങി ഐസിസി ഇവന്റുകളുടെ നോക്കൗട്ട് മത്സരത്തില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായി മില്ലര്‍ മാറിയിരുന്നു. ഇപ്പോള്‍ രണ്ട് തവണ ഈ നേട്ടം കൈവരിക്കുന്ന ഏക താരമായി മില്ലര്‍ മാറി.
പോണ്ടിംഗിന് (36 വയസ്സ്, 95 ദിവസം) ശേഷം ഐസിസി ഇവന്റുകളുടെ നോക്കൗട്ട് മത്സരത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ പ്രായം കൂടിയ കളിക്കാരനാണ് മില്ലര്‍ (35 വയസ്സ്, 268 ദിവസം). 2011 ക്രിക്കറ്റ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെയാണ് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്. 2007 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരെ സെഞ്ചുറി നേടിയ ആദം ഗില്‍ക്രിസ്റ്റാണ് (35 വയസ്സ്, 168 ദിവസം) നോക്കൗട്ട് മത്സരത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരം.
അതെസമയം ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഫൈനലില്‍ പ്രവേശിച്ചു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ അവര്‍ ഇന്ത്യയെ നേരിടും.
363 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക റയാന്‍ റിക്കിള്‍ട്ടണിന്റെ നേരത്തെയുള്ള പുറത്താകലിന് ശേഷവും മികച്ച തുടക്കം കുറിച്ചു. ക്യാപ്റ്റന്‍ ടെംബ ബാവുമയും റാസ്സി വാന്‍ ഡെര്‍ ഡസ്സനും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 105 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും അര്‍ധസെഞ്ചുറി നേടി. എന്നാല്‍, മിച്ച് സാന്റ്നര്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തു. ബാവുമയെയും ഡസ്സനെയും അപകടകാരിയായ ഹെന്റിച്ച് ക്ലാസനെയും പുറത്താക്കി.
വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയുടെ പരിധിക്ക് പുറത്തായെങ്കിലും, മില്ലര്‍ ആറാം നമ്പറില്‍ ഇറങ്ങി ലാഹോറിലെ കാണികള്‍ക്ക് മറക്കാനാവാത്ത രാത്രി സമ്മാനിച്ചു. ന്യൂസിലന്‍ഡ് 50 റണ്‍സിന് വിജയിച്ചപ്പോള്‍ മില്ലര്‍ ഇന്നിംഗ്സിന്റെ അവസാന പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 10 ബൗണ്ടറികളും നാല് സിക്സുകളും അടങ്ങിയതായിരുന്നു മില്ലറുടെ ഇന്നിംഗ്സ്.