ബിസിസിഐയെ വെല്ലുവിളിച്ച് ഹാരി ബ്രൂക്ക്, ഐപിഎല്ലില്‍ നിന്നും പിന്മാറി
ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ട് സൂപ്പര്‍ ബാറ്റര്‍ ഹാരി ബ്രൂക്ക് ഐപിഎല്ലില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം തവണയും പിന്മാറി. ഇതോടെ ബ്രൂക്കിന് ബിസിസിഐയുടെ രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നേയ്ക്കും.
ജോസ് ബട്ലര്‍ക്ക് പകരമായി ബ്രൂക്കിനെ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനായി നിയമിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തിന്റെ ഈ അപ്രതീക്ഷിത പിന്മാറ്റം. ബ്രൂക്കിന് ഐപിഎല്ലില്‍ ഡല്‍ഹിക്കുവേണ്ടി കളിക്കാന്‍ കഴിയില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയെ അറിയിച്ചു. തിരക്കേറിയ കരിയറിനിടയില്‍ റീചാര്‍ജ് ചെയ്യാന്‍ സമയം ആവശ്യമുള്ളതുകൊണ്ടാണ് പിന്മാറ്റമെന്ന് ബ്രൂക്ക് എക്‌സിലൂടെ അറിയിച്ചു.
'വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ നിന്ന് പിന്മാറാനുള്ള ബുദ്ധിമുട്ടുള്ള തീരുമാനം ഞാന്‍ എടുത്തിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനോടും ആരാധകരോടും ക്ഷമ ചോദിക്കുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനപ്പെട്ട സമയമാണ്. വരാനിരിക്കുന്ന പരമ്പരയ്ക്കായി തയ്യാറെടുക്കാന്‍ ഞാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണ്' ബ്രൂക്ക് പറഞ്ഞു.
'എന്റെ കരിയറിലെ ഇതുവരെയുള്ള തിരക്കേറിയ കാലഘട്ടത്തിന് ശേഷം റീചാര്‍ജ് ചെയ്യാന്‍ സമയം ആവശ്യമാണ്. എല്ലാവര്‍ക്കും ഇത് മനസിലാകണമെന്നില്ല, അത് ഞാന്‍ പ്രതീക്ഷിക്കുന്നുമില്ല. എങ്കിലും, എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാന്‍ ചെയ്യുന്നു. രാജ്യത്തിനായി കളിക്കുക എന്നതാണ് എന്റെ മുന്‍ഗണന' ഹാരി ബ്രൂക്ക് എക്‌സില്‍ കുറിച്ചു.
താരലേലത്തില്‍ 6.25 കോടി രൂപയ്ക്കാണ് ഡല്‍ഹി ബ്രൂക്കിനെ സ്വന്തമാക്കിയത്. മുത്തശ്ശിയുടെ മരണത്തെ തുടര്‍ന്ന് 2024 ഐപിഎല്ലില്‍ നിന്നും ബ്രൂക്ക് പിന്മാറിയിരുന്നു. 2025-26 ലെ ഐപിഎല്‍ സീസണ്‍ ആരംഭിക്കുന്നതിന് മുന്‍പ് പ്ലെയര്‍ റെഗുലേഷന്‍ പ്രകാരം ഒരു താരം പിന്മാറിയാല്‍ രണ്ട് വര്‍ഷത്തേക്ക് വിലക്ക് നേരിടേണ്ടി വരുമെന്ന് ബിസിസിഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.