വിക്കറ്റ് കീപ്പറടക്കം 11 പേരും പന്തെറിഞ്ഞു; മുഷ്താഖ് അലിയിൽ പിറന്നത് അപൂർവ ചരിത്രം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഡൽഹിയും മണിപ്പൂരും തമ്മിലുള്ള മത്സരത്തിൽ പുതിയൊരു ചരിത്രം രചിക്കപ്പെട്ടു. ആയുഷ് ബദോണി നയിച്ച ഡൽഹി ടീം മണിപ്പൂരിനെതിരെ ടീമിലെ പതിനൊന്നു പേരെക്കൊണ്ടും പന്തെറിയിച്ചു.
ടി20 ക്രിക്കറ്റിൽ ആദ്യമായാണ് ഒരു ടീം 11 പേരെയും ബൗളിങ്ങിന് ഉപയോഗിക്കുന്നത്. വിക്കറ്റ് കീപ്പറായ ക്യാപ്റ്റൻ ആയുഷ് ബദോണിയും പന്തെറിഞ്ഞു എന്നതാണ് ശ്രദ്ധേയമാണ്. ആദ്യം ബാറ്റ് ചെയ്ത മണിപ്പൂർ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 120 റൺസ് നേടി.
11 ബൗളർമാർ പന്തെറിഞ്ഞ ആദ്യ ടി20 മത്സരം
ആയുഷ് സിംഗും അഖിൽ ചൗധരിയും ബൗളിംഗ് ഓപ്പൺ ചെയ്തു. ഇരുവരും രണ്ട് ഓവറുകൾ വീതം എറിഞ്ഞു. ഹർഷ് ത്യാഗി, ദിവേഷ് റാത്തി, മയങ്ക് റാവത്ത് എന്നിവർ ഏറ്റവും കൂടുതൽ ഓവറുകൾ (3 വീതം) എറിയുകയും, നാല് വിക്കറ്റുകൾ പങ്കിതുകയും ചെയ്തു.
ക്യാപ്റ്റൻ ആയുഷ് ബദോണി രണ്ട് ഓവറുകൾ എറിഞ്ഞ് ഒരു വിക്കറ്റ് നേടി. ആര്യൻ റാണ, ഹിമ്മത്ത് സിംഗ്, പ്രിയാൻഷ് ആര്യ, യശ് ദുൽ, അനുജ് റാവത്ത് എന്നിവരും ഓരോ ഓവർ വീതം എറിഞ്ഞു.
ഡൽഹിയുടെ മികച്ച എസ്എംഎടി സീസൺ
മറുപടി ബാറ്റിങ്ങിൽ, ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ഡൽഹി ഗ്രൂപ്പ് സിയിൽ നിലവിൽ ഒന്നാമതാണ്.
ഒരു ഇന്നിംഗ്‌സിൽ പരമാവധി ഒമ്പത് ബൗളർമാരെ ഉപയോഗിച്ചതിന്റെ മുൻ റെക്കോർഡാണ് ഈ നേട്ടം മറികടന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇതുവരെ തോൽവിയറിയാത്ത ഡൽഹി മികച്ച ഫോമിലാണ് കളിക്കുന്നത്.