അങ്ങനെയെങ്കില്‍ 22ാം വയസ്സില്‍ വിരമിക്കേണ്ടി വരുമല്ലോ, തുറന്നടിച്ച് ധോണി
ചെന്നൈ സൂപ്പര്‍ കിങ്സിലെ തന്റെ ഭാവി ചോദ്യം ചെയ്തുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി രംഗത്ത്. ഐപിഎല്‍ 18ാം സീസണിലെ തന്റെ അവസാന മത്സരവും കളിച്ച് കഴിഞ്ഞ ശേഷം സംസാരിക്കുകയായിരുന്നു ധോണി.
വിരമിക്കല്‍ തീരുമാനം എടുക്കാന്‍ തനിക്ക് നാലഞ്ച് മാസത്തെ സമയമുണ്ടെന്നും, ക്രിക്കറ്റ് താരങ്ങള്‍ക്ക് പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ വിരമിക്കല്‍ തീരുമാനിക്കാന്‍ കഴിയില്ലെന്നും ധോണി വ്യക്തമാക്കി. 'അങ്ങനെയെങ്കില്‍ ചിലര്‍ 22 വയസ്സില്‍ തന്നെ വിരമിക്കേണ്ടി വരും,' ധോണി കൂട്ടിച്ചേര്‍ത്തു.
'ഫിറ്റ്നസാണ് പ്രധാനം, അല്ലാതെ പ്രകടനമല്ല'
'ഈ സീസണ്‍ ഞങ്ങള്‍ക്ക് അത്ര മികച്ചതായിരുന്നില്ല. പക്ഷേ ഗുജറാത്തിനെതിരായ ഇന്നത്തെ പ്രകടനം വളരെ നല്ലതായിരുന്നു,' ധോണി പറഞ്ഞു. വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'തിടുക്കപ്പെട്ട് ഒരു തീരുമാനമെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശരീരത്തിന്റെ ഫിറ്റ്നസ് നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. നിങ്ങള്‍ നിങ്ങളുടെ ഏറ്റവും മികച്ച നിലയിലായിരിക്കണം. ക്രിക്കറ്റ് താരങ്ങള്‍ അവരുടെ പ്രകടനം മാത്രം നോക്കി വിരമിക്കാന്‍ തുടങ്ങിയാല്‍ ചിലര്‍ 22 വയസ്സില്‍ തന്നെ വിരമിക്കേണ്ടി വരും. നിങ്ങള്‍ക്ക് എത്രത്തോളം ഫിറ്റ്നസുണ്ടെന്നും ടീമിന് എത്രത്തോളം സംഭാവന ചെയ്യാന്‍ കഴിയുമെന്നും ടീമിന് നിങ്ങളെ ആവശ്യമുണ്ടോ എന്നതുമാണ് പ്രധാനം.'
റാഞ്ചിയിലേക്കൊരു മടക്കം, ബൈക്ക് യാത്രകള്‍ ആസ്വദിക്കണം
ഇനി ജന്മനാടായ റാഞ്ചിയിലേക്ക് മടങ്ങാനാണ് തന്റെ പദ്ധതിയെന്ന് ധോണി വെളിപ്പെടുത്തി. 'റാഞ്ചിയിലേക്ക് മടങ്ങണം, വളരെക്കാലമായി വീട്ടിലില്ല. കുറച്ച് ബൈക്ക് യാത്രകള്‍ ആസ്വദിക്കണം. ഞാന്‍ പൂര്‍ത്തിയാക്കിയെന്നോ തിരിച്ചുവരുമെന്നോ ഇപ്പോള്‍ പറയുന്നില്ല. മുന്നില്‍ ധാരാളം സമയമുണ്ട്. അതേക്കുറിച്ച് ചിന്തിച്ച് പിന്നീട് തീരുമാനമെടുക്കും.' ഈ സീസണ്‍ തുടങ്ങിയപ്പോള്‍ ആദ്യ നാല് മത്സരങ്ങള്‍ ചെന്നൈയിലായിരുന്നെന്നും, രണ്ടാമത് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചെങ്കിലും ആദ്യ ഇന്നിംഗ്സില്‍ വിക്കറ്റ് ബാറ്റിങ്ങിന് അനുയോജ്യമാണെന്ന് തനിക്ക് തോന്നിയിരുന്നതായും ധോണി പറഞ്ഞു. ബാറ്റിങ് നിരയെക്കുറിച്ച് തനിക്ക് ആശങ്കകളുണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്ത സീസണിലും ഗെയ്ക്വാദ് തന്നെ നായകന്‍
അടുത്ത സീസണിലും ഋതുരാജ് ഗെയ്ക്വാദ് തന്നെയായിരിക്കും ചെന്നൈ സൂപ്പര്‍ കിങ്സിനെ നയിക്കുകയെന്ന് ധോണി സ്ഥിരീകരിച്ചു. ഇത് ചെന്നൈ ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.