തന്റെ മുന്‍ സഹതാരത്തെ ചതിയനെന്ന് വിശേഷിപ്പിച്ച് ധോണി
ഐപിഎലിലെ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. ടീമിന്റെ സ്ഥിരം ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റതിനെ തുടര്‍ന്ന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ല. കൈമുട്ടിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഇതോടെ മഹേന്ദ്ര സിംഗ് ധോണി വീണ്ടും ചെന്നൈ ക്യാപ്റ്റന്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുകയാണ്.
എന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ധോണിയുടെ ക്യാപ്റ്റന്‍സിയും ചെന്നൈയെ രക്ഷിച്ചില്ല. എട്ട് വിക്കറ്റിന്റെ കനത്ത തോല്‍വിയാണ് കൊല്‍ക്കത്ത ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ കേവലം 103 റണ്‍സിന് പുറത്തായപ്പോള്‍ കൊല്‍ക്കത്ത 10.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
നേരത്തെ ടീം പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗ് ആണ് ധോണി ക്യാപ്റ്റനാണെന്ന് അറിയിച്ചത്. 'പരിചയസമ്പന്നനായ എം എസ് ധോണി സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീമിനെ നയിക്കും,' കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായി ഫ്‌ലെമിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
2008 മുതല്‍ 2023 വരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുകയും അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കൊടുക്കുകയും ചെയ്ത ധോണി, 2024 സീസണിന് മുന്നോടിയാണ് ക്യാപ്റ്റന്‍ സ്ഥാനം ഗെയ്ക്വാദിന് കൈമാറിയത്.
മത്സരത്തിന് മുന്നോടിയായി നെറ്റ്‌സില്‍ പരിശീലനം നടത്തുകയായിരുന്ന ധോണിയെ കാണാന്‍ മുന്‍ ചെന്നൈ താരം ഡ്വെയ്ന്‍ ബ്രാവോ എത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇപ്പോഴത്തെ മെന്ററാണ് ബ്രാവോ. ബ്രാവോയെ കണ്ടപ്പോള്‍ ധോണി തമാശയായി 'ചതിയന്‍ ഇവിടെയുണ്ടല്ലോ' എന്ന് പറഞ്ഞു. ഇതിന് മറുപടിയായി ബ്രാവോ 'ജീവിതം എത്ര വിചിത്രമാണ്' എന്ന് പറഞ്ഞുകൊണ്ട് രവീന്ദ്ര ജഡേജയെയും ധോണിയെയും കെട്ടിപ്പിടിച്ച് കൈ കൊടുക്കുകയും ചെയ്തു.
2011, 2018, 2021 വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്‍ കിരീടം നേടിയപ്പോള്‍ ബ്രാവോ ടീമിലെ പ്രധാന കളിക്കാരനായിരുന്നു. 2023ല്‍ ടീം കിരീടം നേടിയപ്പോള്‍ ബൗളിംഗ് കോച്ചായും ബ്രാവോ സേവനമനുഷ്ഠിച്ചു. എന്നാല്‍ 2025 സീസണിന് മുന്നോടിയായി ബ്രാവോ ചെന്നൈയുടെ കോച്ചിംഗ് സ്ഥാനമൊഴിഞ്ഞ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററായി ചുമതലയേറ്റെടുത്തു.