ഫൈനലിൽ എത്തിയാലും കിരീടം നേടിയാലും ഈ വേദന മാറുമോ, തീരുമാനത്തിൽ മാറ്റമില്ലെന്ന് ഡി മരിയ
കാനഡക്കെതിരെ നടന്ന കോപ്പ അമേരിക്ക സെമി ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടി അർജന്റീന ഫൈനലിലേക്ക് മുന്നേറി. ആദ്യപകുതിയിൽ ഹൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ ലയണൽ മെസിയും നേടിയ ഗോളുകളിലാണ് അർജന്റീന പൊരുതിക്കളിച്ച കാനഡയെ കീഴടക്കി കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്.
ഫൈനലിൽ കൊളംബിയയോ യുറുഗ്വായോ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ. ഫൈനൽ വിജയിച്ചാൽ അർജന്റീന തുടർച്ചയായ നാലാമത്തെ കിരീടമാണ് സ്വന്തമാക്കുക. എന്നാൽ ആ കിരീടം നേടിയാലും അർജന്റീന ആരാധകർ ദുഖത്തിലായിരിക്കും. കാരണം ദേശീയടീമിന്റെ ഇതിഹാസം ഏഞ്ചൽ ഡി മരിയയുടെ അവസാനത്തെ മത്സരമായിരിക്കുമത്.
🥹🥹 Ángel Di María: "I'm not ready for my last game in the national team, but it's time. Whatever happens in the final, I think I can leave through the front door. I gave everything."
"I always gave my life for this jersey. There were times when I didn't get to, but lately I… pic.twitter.com/XAmR0AzhMH
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 10, 2024
"ദേശീയ ടീമിലെ അവസാനമത്സരം കളിക്കാൻ ഞാൻ തയ്യാറായിട്ടില്ല, പക്ഷെ അതിനു സമയമായി. ഫൈനലിൽ എന്തു സംഭവിച്ചാലും മുൻവശത്തെ വാതിലിലൂടെ തന്നെ എനിക്ക് പോകാൻ കഴിയും. ഞാൻ എല്ലാം നൽകിയിട്ടുണ്ട്. ഈ ജേഴ്‌സിക്ക് ഞാനെന്റെ ജീവിതം തന്നെ നൽകി. എന്നെ പിന്തുണച്ച എല്ലാവരോടും വളരെയധികം കടപ്പാടുണ്ട്." ഏഞ്ചൽ ഡി മരിയ പറഞ്ഞു.
ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയ ഇന്നലത്തെ മത്സരത്തിലും തിളങ്ങിയിരുന്നു. അർജന്റീന ജേഴ്‌സിയിൽ താരം തുടരണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നതെങ്കിലും അതിനില്ലെന്ന് ഡി മാറിയ വ്യക്തമാക്കിയിട്ടുണ്ട്. യുവതാരങ്ങൾക്ക് വഴിമാറി കൊടുക്കാൻ കൂടി വേണ്ടിയാണ് ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നത്.