ഇന്ത്യന്‍ ഫീല്‍ഡിംഗ് ദുരന്തം, കൈവിട്ടത് കാക്കതൊള്ളായിരം ക്യാച്ച്, ഗില്‍ യുഗത്തിന് നാണക്കേടിന്റെ തുടക്കം
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ ആറ് റണ്‍സിന്റെ നാമമാത്രമായ ലീഡ് നേടിയപ്പോള്‍, ഇന്ത്യന്‍ ആരാധകരുടെ മനസ്സില്‍ ആശ്വാസത്തേക്കാളുപരി ആശങ്കയാണ്. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ നേടിയ 471 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായെങ്കിലും, കളിയുടെ ഗതി മാറ്റാമായിരുന്ന ആറ് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്.
ശുഭ്മന്‍ ഗില്‍ എന്ന പുതിയ നായകന്റെ കീഴില്‍ 'പുതുയുഗ'ത്തിന് തുടക്കമിട്ട ഇന്ത്യന്‍ ടീമിന് ഈ പ്രകടനം വലിയൊരു നാണക്കേടായി മാറിയിരിക്കുകയാണ്. ഫീല്‍ഡിംഗിലെ ഈ അലസതയ്ക്ക് വലിയ വില നല്‍കേണ്ടി വരുമോയെന്ന ഭയം ഇന്ത്യന്‍ ക്യാമ്പില്‍ ശക്തമാണ്.
ഒന്നല്ല, രണ്ടല്ല; നിലത്തിട്ടത് ആറ് ക്യാച്ചുകള്‍
ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ഇംഗ്ലീഷ് ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കിയ ഓരോ നിമിഷത്തെയും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ അനായാസം തുണയ്ക്കാതിരുന്ന കാഴ്ചയാണ് ലീഡ്സില്‍ കണ്ടത്. ഒരവസരം പിഴച്ചാല്‍ അത് നിര്‍ഭാഗ്യമെന്ന് കരുതാം, എന്നാല്‍ ഒന്നിന് പിറകെ ഒന്നായി ആറ് അവസരങ്ങള്‍ പാഴാക്കുന്നത് അച്ചടക്കമില്ലായ്മയുടെയും അലസതയുടെയും തെളിവാണ്. ഇംഗ്ലണ്ടിന്റെ പ്രധാന സ്‌കോറര്‍മാരായ ബെന്‍ ഡക്കെറ്റ്, ഒലി പോപ്പ്, ഹാരി ബ്രൂക്ക് എന്നിവര്‍ക്കെല്ലാം ജീവന്‍ തിരികെ നല്‍കിയത് ഇന്ത്യന്‍ ഫീല്‍ഡര്‍മാരായിരുന്നു. ലഭിച്ച അവസരങ്ങള്‍ മുതലാക്കിയിരുന്നുവെങ്കില്‍ ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 300 കടക്കുമായിരുന്നോ എന്ന് പോലും സംശയമാണ്.
ഈ മോശം പ്രകടനത്തോടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ അഞ്ചോ അതിലധികമോ ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുന്ന നാണക്കേടിന്റെ റെക്കോര്‍ഡും ഗില്ലിന്റെ യുവനിര സ്വന്തം പേരില്‍ കുറിച്ചു.
ബുംറ ഹതഭാഗ്യവാന്‍, ജയ്സ്വാള്‍ മൂന്നുതവണ വില്ലനായി
ഇന്ത്യന്‍ ബോളിംഗ് നിരയുടെ കുന്തമുനയായ ജസ്പ്രീത് ബുംറയ്ക്കായിരുന്നു ഈ ഫീല്‍ഡിംഗ് പിഴവുകളുടെയെല്ലാം ഏറ്റവും വലിയ നഷ്ടം സംഭവിച്ചത്. നിലത്തിട്ട ആറ് ക്യാച്ചുകളില്‍ നാലെണ്ണവും ബുംറയുടെ പന്തിലായിരുന്നു എന്നത് അദ്ദേഹത്തിന്റെ നിരാശ വര്‍ദ്ധിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളായി വാഴ്ത്തപ്പെടുന്ന രവീന്ദ്ര ജഡേജ പോലും അനായാസമായ ഒരു ക്യാച്ച് കൈവിട്ടുവെന്നത് ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിംഗിലെ ഒത്തൊരുമയില്ലായ്മയുടെ ആഴം വ്യക്തമാക്കുന്നു.
എന്നാല്‍, ഈ ദുരന്തത്തിലെ പ്രധാന വില്ലനായി മാറിയത് യുവതാരം യശസ്വി ജയ്സ്വാളാണ്. മൂന്ന് നിര്‍ണായക ക്യാച്ചുകളാണ് ജയ്സ്വാളിന്റെ കൈകളില്‍ നിന്നും വഴുതിപ്പോയത്. സ്ലിപ്പിലെ ഈ പിഴവുകള്‍ക്ക് ഇന്ത്യ വലിയ വില നല്‍കേണ്ടി വന്നു.
ഇന്ത്യ 'ജീവന്‍ നല്‍കിയ' ഇംഗ്ലീഷ് താരങ്ങള്‍
ബെന്‍ ഡക്കെറ്റ് (62): ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ രണ്ട് തവണയാണ് ഡക്കെറ്റിന് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ജീവന്‍ നല്‍കിയത്. രണ്ടും ബുംറയുടെ ഓവറിലായിരുന്നു. അഞ്ചാം ഓവറില്‍ ഗള്ളിയില്‍ ജയ്സ്വാള്‍ ഒരു ഡൈവിംഗ് ക്യാച്ചിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏഴാം ഓവറില്‍ ബാക്ക്വേര്‍ഡ് പോയിന്റില്‍ അതിലും അനായാസമായ ഒരു ക്യാച്ച് രവീന്ദ്ര ജഡേജയും നിലത്തിട്ടു. ഈ അവസരങ്ങള്‍ മുതലെടുത്ത ഡക്കെറ്റ് 62 റണ്‍സ് നേടിയാണ് മടങ്ങിയത്.
ഒലി പോപ്പ് (106): ഇംഗ്ലണ്ടിനായി സെഞ്ച്വറി നേടിയ ഒലി പോപ്പിന്റെ ഇന്നിംഗ്സ് 60 റണ്‍സില്‍ അവസാനിക്കേണ്ടതായിരുന്നു. ബുംറയുടെ പന്തില്‍ മൂന്നാം സ്ലിപ്പില്‍ നിന്ന ജയ്സ്വാള്‍ ആ അനായാസ അവസരം പാഴാക്കി. പിന്നീട് 46 റണ്‍സ് കൂടി ചേര്‍ത്ത പോപ്പ് ടീമിന്റെ നട്ടെല്ലായി മാറി.
ഹാരി ബ്രൂക്ക് (99): വെടിക്കെട്ട് താരം ഹാരി ബ്രൂക്കിനും ലഭിച്ചു രണ്ട് അവസരങ്ങള്‍. 46 റണ്‍സില്‍ നില്‍ക്കെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഗ്ലൗസില്‍ തട്ടിത്തെറിച്ച പന്ത് അവസരം നഷ്ടപ്പെടുത്തി. പിന്നീട് 83 റണ്‍സില്‍ നില്‍ക്കെ ബുംറയുടെ പന്തില്‍ മൂന്നാം സ്ലിപ്പില്‍ ജയ്സ്വാള്‍ വീണ്ടും ബ്രൂക്കിന്റെ ക്യാച്ച് നിലത്തിട്ടു. സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ പുറത്തായെങ്കിലും ബ്രൂക്ക് ഇന്ത്യന്‍ ബൗളിംഗിനെ ശരിക്കും വെള്ളം കുടിപ്പിച്ചു.
ജാമി സ്മിത്ത്: ജഡേജയുടെ പന്തില്‍ ഷോര്‍ട്ട് ലെഗ്ഗില്‍ സായ് സുദര്‍ശന്‍ ഒരു ദുഷ്‌കരമായ അവസരം നഷ്ടപ്പെടുത്തിയപ്പോള്‍ ഭാഗ്യം തുണച്ചത് ജാമി സ്മിത്തിനെയായിരുന്നു.
ഉത്തരം മുട്ടി ഗില്ലും സംഘവും
ആറ് റണ്‍സിന്റെ ലീഡ് കടലാസില്‍ ഒരു മുന്‍തൂക്കം നല്‍കുമ്പോള്‍, കളത്തിലെ ശരീരഭാഷ നല്‍കുന്ന സൂചനകള്‍ മറിച്ചാണ്. ക്യാച്ചുകള്‍ വിജയങ്ങള്‍ സമ്മാനിക്കുമെന്ന (ഇമരേവല െംശി ാമരേവല)െ ക്രിക്കറ്റിലെ അടിസ്ഥാന പാഠം മറന്നുകൊണ്ടുള്ള ഈ പ്രകടനം ശുഭ്മന്‍ ഗില്‍ എന്ന നായകന്റെ തുടക്കത്തിന് കല്ലുകടിയായിരിക്കുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമോ അതോ ഗില്‍ യുഗത്തിലെ ടീമിന്റെ അച്ചടക്കമില്ലായ്മയുടെ സൂചനയോ എന്ന് വരും മത്സരങ്ങള്‍ തെളിയിക്കും. എന്നാല്‍ ഒന്നുറപ്പാണ്, ഈ പിഴവുകള്‍ ആവര്‍ത്തിച്ചാല്‍ ലീഡ്സിലെ ടെസ്റ്റ് മാത്രമല്ല, പരമ്പര തന്നെ ഇന്ത്യയുടെ കൈവിട്ടുപോകാന്‍ അധികം സമയം വേണ്ടിവരില്ല.