ഒറ്റയ്ക്ക് വിഷമിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ല, ബിസിസിഐയക്കെതിരെ ആഞ്ഞടിച്ച് കോഹ്ലി
ഇന്ത്യന്‍ ടീമിന്റെ പര്യടനങ്ങളില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം അനിവാര്യമാണെന്ന് തുറന്ന് പറയുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്ത് സ്റ്റാര്‍ ഇന്ത്യന്‍ ബാറ്റര്‍ വിരാട് കോഹ്ലി. ബുദ്ധിമുട്ടേറിയ സമയങ്ങളില്‍ കുടുംബം കൂടെയുണ്ടെങ്കില്‍ അത് വലിയ ആശ്വാസമാണെന്ന് കോഹ്ലി പറഞ്ഞു. പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ 3-1ന് ഇന്ത്യ തോറ്റതിന് പിന്നാലെ ബിസിസിഐ പര്യടനങ്ങളില്‍ കളിക്കാരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യം പരിമിതപ്പെടുത്തിയതിനെതിരെയാണ് വിരാട് കോഹ്ലിയുടെ പ്രതികരണം. 45 ദിവസത്തില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള പര്യടനങ്ങളില്‍ കളിക്കാരുടെ അടുത്ത കുടുംബാംഗങ്ങള്‍ക്ക്, പങ്കാളികള്‍ക്കും കുട്ടികള്‍ക്കും ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം 14 ദിവസം മാത്രമേ ഒപ്പം ചേരാന്‍ അനുവാദമുള്ളൂവെന്നാണ് ബിസിസിഐയുടെ പുതിയ നിയമം. ചെറിയ പര്യടനങ്ങളില്‍ കളിക്കാര്‍ക്ക് ഒരാഴ്ച വരെ കുടുംബാംഗങ്ങളുമായി ഒപ്പം ചേരാം എന്നതാണ് മറ്റൊരു വ്യവസ്ഥ.
കുടുംബത്തിന്റെ പ്രാധാന്യം
'പുറത്ത് നടക്കുന്ന തീവ്രമായ കാര്യങ്ങള്‍ക്ക് ശേഷം കുടുംബത്തിലേക്ക് തിരിച്ചുവരുന്നത് എത്രത്തോളം ആശ്വാസകരമാണെന്ന് ആളുകളെ പറഞ്ഞു മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ഇതിന്റെ മൂല്യത്തെക്കുറിച്ച് ആളുകള്‍ക്ക് വേണ്ടത്ര ധാരണയുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇതില്‍ എനിക്ക് വലിയ നിരാശയുണ്ട്. കാരണം, എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിയന്ത്രണവുമില്ലാത്ത ആളുകളെ സംഭാഷണങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയും 'അവരെ അകറ്റി നിര്‍ത്തേണ്ടി വരും' എന്ന് പറയുകയും ചെയ്യുന്നു'
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025-ന് മുന്നോടിയായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സംഘടിപ്പിച്ച ഇന്നൊവേഷന്‍ ലാബ് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു കോഹ്ലി.,
ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്നില്ല
ഒരു പര്യടനത്തില്‍ മോശം പ്രകടനം കാഴ്ചവച്ചതിന് ശേഷം 'ഒറ്റയ്ക്കിരുന്ന് വിഷമിച്ചിരിക്കാന്‍' ഒരു കളിക്കാരനും ആഗ്രഹിക്കുന്നില്ലെന്ന് വിരാട് കോഹ്ലി പറഞ്ഞു.
'എനിക്ക് സാധാരണക്കാരനായിരിക്കണം. നിങ്ങളുടെ കളി ഒരു ഉത്തരവാദിത്തമായി കണക്കാക്കാം. ആ ഉത്തരവാദിത്തം പൂര്‍ത്തിയാക്കിയാല്‍ സാദാരണ ജീവിതത്തിലേക്ക് മടങ്ങിവരിക എന്നതാണ്' അദ്ദേഹം പറഞ്ഞു.
'നിങ്ങളുടെ ജീവിതത്തില്‍ എല്ലായ്പ്പോഴും വ്യത്യസ്ത സാഹചര്യങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്തവും പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ വീട്ടില്‍ തികഞ്ഞ സാധാരണത്വമുണ്ടാകും. സാധാരണ കുടുംബജീവിതം മുന്നോട്ട് പോകും. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ നഷ്ടപ്പെടുത്തില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിരാട് കോഹ്ലിയുടെ മികച്ച പ്രകടനങ്ങള്‍
അടുത്തിടെ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയത്തില്‍ വിരാട് കോഹ്ലി നിര്‍ണായക പങ്കുവഹിച്ചു. 5 മത്സരങ്ങളില്‍ 54.50 ശരാശരിയില്‍ 218 റണ്‍സുമായി ടീമിന്റെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനും മൊത്തത്തില്‍ അഞ്ചാമനുമായി. ചിരവൈരികളായ പാകിസ്ഥാനെതിരെ 242 റണ്‍സ് പിന്തുടര്‍ന്ന് നേടിയ 100* റണ്‍സും ഓസ്ട്രേലിയക്കെതിരെ 265 റണ്‍സ് പിന്തുടര്‍ന്ന് നേടിയ 98 പന്തില്‍ 84 റണ്‍സും അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളില്‍ ചിലതാണ്.
ഐപിഎല്‍ 2025-ല്‍ ആര്‍സിബിയില്‍
മാര്‍ച്ച് 22-ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് ആര്‍സിബിയുടെ ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുന്നത്. കന്നി ഐപിഎല്‍ കിരീടം നേടുക മാത്രമല്ല, നിരവധി ബാറ്റിംഗ് റെക്കോര്‍ഡുകളും അദ്ദേഹത്തിന്റെ ലക്ഷ്യമാണ്.
252 മത്സരങ്ങളില്‍ 38.66 ശരാശരിയിലും 131.97 സ്‌ട്രൈക്ക് റേറ്റിലും 8 സെഞ്ചുറികളും 55 അര്‍ദ്ധസെഞ്ചുറികളുമായി 8,004 റണ്‍സ് നേടി ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം അദ്ദേഹമാണ്.