ഐപിഎല്‍ റിസ്റ്റാര്‍ട്ട്, ക്യാപ്റ്റനെ അടക്കം നഷ്ടപ്പെട്ട് ആര്‍സിബി
സംഘര്‍ഷം കാരണം നിര്‍ത്തിവെച്ച ഐപിഎല്‍ മെയ് 17 ന് പുനരാരംഭിക്കുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് രണ്ട് പ്രധാന താരങ്ങളെ നഷ്ടമായേക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്രധാന ബാറ്റ്‌സ്മാന്‍ രജത് പാട്ടിദാറും പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡും ഐപിഎല്‍ പുതിയ സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിനിടെയാണ പട്ടീദാറിന് കൈവിരലിന് പരിക്കേറ്റത്. നേരത്തെ, ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ പാട്ടിദാര്‍ കളിക്കില്ലെന്ന് ആര്‍സിബി അവരുടെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച്, പാട്ടിദാറിന് പരിക്കില്‍ നിന്ന് മോചനം നേടാന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇത് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ട് മത്സരങ്ങളുടെ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യാ എ ടീമില്‍ അദ്ദേഹത്തിന് സ്ഥാനം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഈ പരമ്പര സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടക്കും.
പാട്ടിദാര്‍ ഇപ്പോള്‍ വിരലിന് സംരക്ഷണം നല്‍കുന്ന ഒരു സ്പ്ലിന്റ് ധരിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്ക് ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെങ്കിലും, ടൂര്‍ണമെന്റിന്റെ അവസാന ഘട്ടത്തില്‍ അദ്ദേഹം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ആര്‍സിബിയുടെ ആദ്യ മത്സരം. ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ച ആര്‍സിബി കളിച്ച 10 മത്സരങ്ങളില്‍ എട്ടെണ്ണത്തിലും വിജയിച്ച് പ്ലേഓഫ് സാധ്യത സജീവമാക്കിയിട്ടുണ്ട്.
ജോഷ് ഹേസല്‍വുഡിന്റെ അഭാവം ആര്‍സിബിക്ക് തിരിച്ചടി
അതേസമയം, ടീമിന്റെ പ്രധാന പേസ് ബൗളര്‍ ജോഷ് ഹേസല്‍വുഡിന്റെ സേവനവും ടൂര്‍ണമെന്റിന്റെ ശേഷിക്കുന്ന മത്സരങ്ങളില്‍ ആര്‍സിബിക്ക് ലഭിക്കില്ല. ഹേസല്‍വുഡിന് തോളില്‍ പരിക്കുണ്ട്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ അവസാന മത്സരത്തിലും അദ്ദേഹം കളിച്ചിരുന്നില്ല. ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പേസര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ജൂണ്‍ 11 ന് ലോര്‍ഡ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനല്‍ അടുത്തിരിക്കെ അദ്ദേഹം തിരിച്ചെത്താന്‍ സാധ്യതയില്ല.
നിലവില്‍, 2025 ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയവരുടെ പട്ടികയില്‍ 10 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുമായി മൂന്നാം സ്ഥാനത്താണ് ഹേസല്‍വുഡ്.
തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ശേഷം ഈ രണ്ട് പ്രധാന താരങ്ങളുടെയും അഭാവം ആര്‍സിബിക്ക് വലിയ തിരിച്ചടിയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ആര്‍സിബി പ്ലേഓഫ് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രധാന താരങ്ങളുടെ പരിക്ക് ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വെല്ലുവിളിയാകും.