ഒരു മത്സരം പോലും അവര്‍ കളിച്ചില്ല, എന്നിട്ടും ടീമിനായി അവരത് ചെയ്തു, തുറന്ന് പറഞ്ഞ് ദ്രാവിഡ്
ടി20 ലോകകപ്പ് ജേതാക്കളാകാന്‍ കഴിഞ്ഞെങ്കിലും ഇന്ത്യയ്ക്കായി ലോകകപ്പില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ പോയ മൂന്ന് ഹതഭാഗ്യരുണ്ട്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, സ്റ്റാര്‍ ലെഗ് ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ എന്നിവരാണ് ഒരു മത്സരം പോലും ഇന്ത്യയ്ക്കായി കളിക്കാതെ ലോക ചാമ്പ്യന്മാരായത്.
ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന ഈ മൂന്നു പേര്‍ക്കും എല്ലാ കളിയിലും പുറത്തിരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഇന്ത്യന്‍ ടീം നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കവെയാണ് ഇവരെ ദ്രാവിഡ് നന്ദിയോടെ ഓര്‍ത്തത്.
11 പേരാണ് ഇന്ത്യക്കു വേണ്ടി കളിച്ചത്. ബാക്കിയുള്ള നാലു പേര്‍ക്കും പുറത്തിരിക്കേണ്ടി വരികയായിരുന്നുവെന്നു മോദിയോടു ദ്രാവിഡ് പറഞ്ഞു. അമേരിക്കയില്‍ നടന്ന ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ മുഹമ്മദ് സിറാജ് കളിച്ചിരുന്നു. ഒരു എക്സ്ട്രാ ഫാസ്റ്റ് ബൗളറെ ഞങ്ങള്‍ അവിടെ കളിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. അതുകൊണ്ടു തന്നെ ടൂര്‍ണമെന്റില്‍ വെറും മൂന്നു മല്‍സരങ്ങളില്‍ മാത്രമേ സിറാജിനു കളിക്കാനായുള്ളൂവൈന്നും ദ്രാവിഡ് വ്യക്തമാക്കി.
'ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ സാധിക്കാതെ മൂന്നു താരങ്ങള്‍ നമ്മുടെ ടീമിലുണ്ട്. സഞ്ജു സാംസണ്‍, യുസി ചഹല്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ക്കൊന്നും ഒരു മല്‍സരം പോലും കളിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പുറത്തിരുന്നപ്പോഴും ഇവരെല്ലാം വലിയ സ്പിരിറ്റും ആവേശവുമാണ് കാണിച്ചത്. കളിക്കാന്‍ സാധിക്കാതെ പോയതിന്റെ പേരില്‍ ഒരിക്കല്‍പ്പോലും ഇവര്‍ മുഖം താഴ്ത്തിയിരിക്കുകയോ, നിരാശ പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. അതു ഞങ്ങള്‍ക്കും ടീമിനും വളരെ പ്രധാനപ്പെട്ട കാര്യവുമായിരുന്നു' ദ്രാവിഡ് പറഞ്ഞു.
ലോകകപ്പ് പോലെയുള്ള ടൂര്‍ണമെന്റുകള്‍ കളിക്കുമ്പോള്‍ ഇതു വളരെ പ്രധാനം തന്നെയാണ്. പ്ലെയിങ് ഇലവനില്‍ ഇടം കിട്ടാതെ പുറത്തിരിക്കുന്ന താരങ്ങളുടെ മാനസിക നിലയും സ്പിരിറ്റുമെല്ലാം പ്രധാനപ്പെട്ട കാര്യമാണെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സഞ്ജുവിനെയും ജയ്സ്വാളിനെയും ഇനി ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കാണാനാവുക സിംബാബ്വെയുമായുള്ള ടി20 പരമ്പരയിലാണ്. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ടു കളിയിലും രണ്ടു പേര്‍ക്കും വിശ്രമം നല്‍കിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാം ടി20ക്കു മുമ്പ് ഇരുവരും ടീമിനോടൊപ്പം ചേരും. ഇരുവരേയും കൂടാതെ ദുബെയും സിംബാബ് വെയ്‌ക്കെതിരെ അവസാന മൂന്ന് മത്സരം കളിക്കുന്നുണ്ട്.