അശ്വിനെതിരെ പകൽകൊള്ള; തേർഡ് അമ്പയർ പോലും 'കളിച്ചു കളഞ്ഞ' വിക്കറ്റ് തിരിച്ചെടുത്ത് അശ്വിന്റെ മധുര പ്രതികാരം
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തിരിച്ചടിയായി ഡിആർഎസ് വിവാദം. നിർണായകമായ സമയത്ത് ഏവരെയും അമ്പരപ്പിച്ച് മിച്ചൽ മാർഷിനെ അശ്വിൻ പുറത്താക്കിയെങ്കിലും, മൂന്നാം അമ്പയർ റിച്ചാർഡ് കെറ്റിൽബറോ ഓസ്‌ട്രേലിയൻ ടീമിന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റിൽ കെഎൽ രാഹുലിനെതിരെ തേർഡ് അമ്പയർ തെറ്റായ തീരുമാനം എടുത്തത് വലിയ വിവാദമായിരുന്നു.
വീഡിയോ: ഡിആർഎസ് വിവാദത്തിൽ ഇന്ത്യ
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സിലെ 58-ാം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം നടന്നത്. മിച്ചൽ മാർഷിനെതിരെ എൽബിഡബ്ല്യുവിന് ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഡിആർഎസ് എടുക്കാൻ രവിചന്ദ്രൻ അശ്വിൻ നിർബന്ധിച്ചു. ഓൺ-ഫീൽഡ് അമ്പയർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടു.
പന്ത് ആദ്യം പാഡിൽ തട്ടിയതിന് തെളിവുകളുണ്ടായിട്ടും മൂന്നാം അമ്പയർ ശരിയായ പ്രോട്ടോക്കോൾ പാലിക്കാതെ മാർഷിനെ നോട്ട് ഔട്ട് നൽകി. പന്ത് ആദ്യം ബാറ്റിലാണോ, പാഡിലാണോ തട്ടിയത് എന്ന് തീരുമാനിക്കാൻ 'സംശയത്തിനതീതമായ തെളിവുകൾ ഇല്ല' എന്ന് കാണിച്ചായിരുന്നു തീരുമാനം. ഇത് ഇന്ത്യൻ താരങ്ങളെ ഒന്നടങ്കംഞെട്ടിച്ചു.
ഓൺ-ഫീൽഡ് നോട്ട് ഔട്ട് തീരുമാനം റദ്ദാക്കാൻ "നിർണ്ണായക തെളിവുകളൊന്നുമില്ല" എന്ന് മൂന്നാം അമ്പയർ തീരുമാനിച്ചു. പന്ത് സ്റ്റമ്പിൽ തട്ടുമായിരുന്നുവെന്ന് ഹോക്ക്-ഐ ട്രാക്കിംഗ് സിസ്റ്റം കാണിക്കുകയും ചെയ്തു. ഇതോടെ ഇന്ത്യയ്ക്ക് ഇന്നിംഗ്‌സിലെ രണ്ടാമത്തെ റിവ്യൂവും നഷ്ടമായി.
ഒടുവിൽ മിച്ചൽ മാർഷിനെ 64ആം ഓവറിൽ പന്തിന്റെ കൈകളിൽ എത്തിച്ച് അശ്വിൻ മധുരപ്രതികാരം വീട്ടി. 26 പന്തിൽ 9 റൺസായിരുന്നു മാർഷിന്റെ സമ്പാദ്യം. എന്നാൽ ഇത്തവണ പന്ത് ബാറ്റിൽ തട്ടിയിട്ടില്ലായിരുന്നു എന്ന് റീപ്ലേകളിൽ വ്യക്തമായിരുന്നു. എന്നാൽ, ഡിആർഎസ് ഉപയോഗിക്കാൻ നിൽക്കാതെ മാർഷ് കളം വിട്ടു. ബാറ്റ് പാഡിൽ തട്ടിയതിനാൽ എഡ്ജ് ചെയ്തോ എന്ന് താരത്തിന് തീരുമാനിക്കാൻ കഴിയാതെ വന്നതാവാം കാരണം.
അഡ്‌ലെയ്ഡ് ഓവലിൽ രണ്ടാം ദിനം ഓസ്‌ട്രേലിയ 86/1 എന്ന നിലയിൽ പുനരാരംഭിച്ചു. തുടക്കത്തിൽ തന്നെ നഥാൻ മക്സ്വീനിയുടെ വിക്കറ്റ് അവർക്ക് നഷ്ടമായി. ഓവർനൈറ്റ് സ്കോറിൽ ഒരു റൺ മാത്രം ചേർത്ത താരത്തെ ബുംറ പുറത്താക്കി. എന്നാൽ രണ്ടാം ദിവസത്തെ ആദ്യ സെഷൻ 59 ഓവറിൽ 191/4 എന്ന നിലയിൽ ഓസീസ് അവസാനിപ്പിച്ചു, നിർണായകമായ 11 റൺസിന്റെ ലീഡ് നേടി.