ആറാടി സാജിദ് ഖാന്‍, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് പാകിസ്ഥാനും
പൂണെയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ കറക്കി വീഴ്ത്തിയ ദിനം റാവല്‍പിണ്ടിയില്‍ ഇംഗ്ലീഷുകാരെ കൈകാര്യം ചെയ്ത് അയല്‍ക്കാരായ പാകിസ്ഥാനും. മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇംഗ്ലണ്ടിനെ 267 റണ്‍സിനാണ് പാകിസ്ഥാന്‍ പുറത്താക്കിയത്. സ്പിന്നര്‍ സാജിദ് ഖാന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ കഥ കളിയിച്ചത്.
ഇംഗ്ലണ്ട് സ്‌കോര്‍: 267 (സ്മിത്ത് 98, ഡക്കറ്റ് 52, സാജിദ് ഖാന്‍ 6/128)
ആറ് വിക്കറ്റാണ് സാജിദ് സ്വന്തമാക്കിയത്. നോമന്‍ അലി 3 വിക്കറ്റുകളും സാഹിദ് മഹ്മൂദ് ഒരു വിക്കറ്റും വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് മികച്ച തുടക്കം ലഭിച്ചില്ല. ഓപ്പണര്‍മാരായ സാക്ക് ക്രോളി (29), ബെന്‍ ഡക്കറ്റ് (52) എന്നിവര്‍ പെട്ടെന്ന് പുറത്തായി. ഒല്ലി പോപ്പ് (3), ജോ റൂട്ട് (5), ഹാരി ബ്രൂക്ക് (5) എന്നിവര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
എന്നാല്‍ ജാമി സ്മിത്ത് (98) മികച്ച പ്രകടനം കാഴ്ചവെച്ചത് വന്‍ തകര്‍ച്ചയില്‍ നിന്ന് അവരെ രക്ഷിച്ചു. സ്മിത്തും ഗസ് അറ്റ്കിന്‍സണും (39) ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് കെട്ടിപ്പടുത്തു.
സാജിദ് ഖാന്‍ തന്നെ സ്മിത്തിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് വീണ്ടും പ്രതിരോധത്തിലായി. ഖാന്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഇംഗ്ലണ്ട് ഇന്നിംഗ്‌സ് 267 ല്‍ അവസാനിച്ചു.