'ഒറിജിനല്‍' ബൗളര്‍മാരെത്തി, പാകിസ്ഥാന്റെ നാടകീയമായ തിരിച്ചുവരവ്, ഇംഗ്ലണ്ട് വീഴുന്നു
രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കി പാകിസ്ഥാന്‍. 366 റണ്‍സ് എന്ന പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് എന്ന നിലയിലാണ്.
മൂന്നിന് 224 റണ്‍സ് എന്ന മികച്ച നിലയില്‍ നിന്ന് പെട്ടെന്ന് മൂന്ന് വിക്കറ്റ് നഷ്ടമായതാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയിലേക്ക് നയിച്ചത്. സെഞ്ച്വറി നേടിയ ബെന്‍ ഡക്കറ്റ് ഒഴികെ മറ്റ് ബാറ്റര്‍മാര്‍ക്കാര്‍ക്കും നിലയുറപ്പിക്കാനായില്ല. പാകിസ്ഥാന്‍ സ്പിന്നര്‍മാരായ സാജിദ് ഖാന്‍ (4 വിക്കറ്റ്), നൗമാന്‍ അലി (2 വിക്കറ്റ്) എന്നിവരാണ് ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
പതിവുപോലെ ആക്രമണോത്സുകമായാണ് ഇംഗ്ലണ്ട് തുടങ്ങിയത്. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും ചേര്‍ന്ന് 73 റണ്‍സ് പടുത്തുയര്‍ത്തി. എന്നാല്‍ ക്രോളിയെ (27) നൗമാന്‍ അലി പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ തകര്‍ച്ച ആരംഭിച്ചു.
ഡക്കറ്റും ഒല്ലി പോപ്പും (29) ചേര്‍ന്ന് സ്‌കോര്‍ 100 കടത്തിയെങ്കിലും സാജിദ് ഖാന്‍ പോപ്പിനെ പുറത്താക്കി. തുടര്‍ന്ന് ജോ റൂട്ടിനൊപ്പം (34) ഡക്കറ്റ് സ്‌കോര്‍ 200 കടത്തി. എന്നാല്‍ റൂട്ട്, ഹാരി ബ്രൂക്ക് (9), ഡക്കറ്റ് (124) എന്നിവരെ വേഗത്തില്‍ പുറത്താക്കി സാജിദ് ഖാന്‍ ഇംഗ്ലണ്ടിന് തിരിച്ചടി നല്‍കി.
തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ (1) നൗമാന്‍ അലിയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 224-3 എന്ന നിലയില്‍ നിന്ന് 225-6 എന്ന നിലയിലേക്ക് കൂപ്പുകുത്തി.
രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ജാമി സ്മിത്ത് (12), ബ്രൗഡണ്‍ കാഴ്‌സ് (2) എന്നിവരാണ് ക്രീസില്‍. പാകിസ്ഥാന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിന് ഇനിയും 127 റണ്‍സ് ആവശ്യമാണ്.