എംബപ്പേക്ക് എതിരെ 'ഉളുപ്പില്ലാത്ത വംശീയത'; മാപ്പ് മാപ്പ് എന്ന് അർജന്റീന താരം
കോപ്പ അമേരിക്ക വിജയത്തിന് ശേഷം അർജന്റീന ടീമിന്റെ ആഘോഷവേളയിൽ ഫ്രഞ്ച് ദേശീയ ടീമിലെ കറുത്തവർഗക്കാരായ കളിക്കാരെ വംശീയമായി അധിക്ഷേപിച്ചു പാട്ടുപാടുന്ന വീഡിയോ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അർജന്റീനയുടെ ചെൽസി താരം എൻസോ ഫെർണാണ്ടസ് തന്നെയാണ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചത്.
ചെൽസിയുടെ വെസ്‌ലി ഫോഫാന, എൻസോ ഫെർണാണ്ടസിന്റെ വീഡിയോയെ 'നിർലജ്ജമായ വംശീയത' എന്ന് വിശേഷിപ്പിച്ചതോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ച ആരംഭിച്ചത്.
എന്താണ് സംഭവിച്ചത്?
- ഞായറാഴ്ച മിയാമിയിൽ കൊളംബിയയ്ക്കെതിരായ കോപ്പ അമേരിക്ക വിജയത്തിന് ശേഷം ടീം ബസിൽ നിന്ന് എൻസോ ഫെർണാണ്ടസ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു ലൈവ് വീഡിയോയിലാണ് ഈ വിവാദ വിഷയം ഉയർന്നത്.
- ഫെർണാണ്ടസ് ഉൾപ്പെടെയുള്ള ചില കളിക്കാർ, അർജന്റീന ഫ്രാൻസിനെതിരെ വിജയിച്ച 2022 ലോകകപ്പ് സമയത്ത് തന്നെ വിവാദമായ ആക്ഷേപ ഗാനം ആലപിക്കുന്നു.
- ഈ ഗാനം ഫ്രാൻസിന്റെ സ്റ്റാർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയെ ലക്ഷ്യം വയ്ക്കുകയും വംശീയ അധിക്ഷേപ ഉള്ളടക്കം നിറഞ്ഞതുമാണ്.
- 23 വയസ്സുള്ള മിഡ്ഫീൽഡർ പിന്നീട് വീഡിയോയ്ക്ക് ക്ഷമാപണം നടത്തി. "ഈ വാക്കുകൾക്ക് യാതൊരു ന്യായീകരണവുമില്ല" ഫെർണാണ്ടസ് ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. "എല്ലാത്തരം വിവേചനങ്ങൾക്കും എതിരാണ് ഞാൻ. ഞങ്ങളുടെ ആഘോഷങ്ങളുടെ ആവേശത്തിൽ അധിക്ഷേപം ഉൾപ്പെട്ടതിന് ക്ഷമ ചോദിക്കുന്നു. ആ വീഡിയോ, ആ നിമിഷം, ആ വാക്കുകൾ എന്റെ വിശ്വാസങ്ങളെയോ എന്റെ സ്വഭാവത്തെയോ പ്രതിഫലിപ്പിക്കുന്നില്ല."
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ (FFF) പ്രതികരണം
വീഡിയോ "വംശീയവും വിവേചനപരവുമായ" അധിക്ഷേപം തുളുമ്പുന്നതാണെന്നും, ആഗോള ഫുട്‌ബോൾ ഭരണസമിതിയായ ഫിഫയ്ക്ക് പരാതി നൽകുമെന്നും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പറഞ്ഞു.
ഫോഫാനയുടെ പ്രതികരണം
ഫ്രാൻസ് താരം ഫോഫാന വീഡിയോയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം എക്‌സിൽ ഇങ്ങനെ കുറിച്ചു: "2024-ലെ ഫുട്‌ബോൾ: നിർലജ്ജമായ വംശീയത." വീഡിയോയിൽ നിന്നുള്ള ഒരു ക്ലിപ്പും ഈ അഭിപ്രായത്തോടൊപ്പം ഉണ്ടായിരുന്നു.
ഫിഫയും അർജന്റീന ഫുട്ബോൾ അസോസിയേഷനും അഭിപ്രായങ്ങൾക്ക് മറുപടി നൽകിയില്ല. വീഡിയോയെക്കുറിച്ച് ചെൽസി ഫുട്ബോൾ ക്ലബും അന്വേഷണം ആരംഭിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പശ്ചാത്തലം
2022 ലെ ലോകകപ്പ് ഫൈനലിൽ അർജന്റീനയോട് തോറ്റതിന് ശേഷം ഫ്രഞ്ച് സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്കും ദേശീയ ടീമിലെ ആഫ്രിക്കൻ വംശജരായ മറ്റ് കളിക്കാർക്കുമെതിരെ വംശീയ അധിക്ഷേപം ആരംഭിച്ചിരുന്നു. അന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും, കടുത്ത വിമർശനങ്ങൾ ഉയർന്നതുമായ വംശീയയാധിക്ഷേപകരമായ ഗാനമാണ് അർജന്റീനയുടെ താരങ്ങൾ വീണ്ടും ഏറ്റുപാടിയത്.