കഴിഞ്ഞ യൂറോ കപ്പിനിടെ മരണത്തെ മുഖാമുഖം കണ്ടു, ഈ യൂറോ കപ്പിൽ ഏറ്റവുമധികം അവസരങ്ങളുണ്ടാക്കിയ താരം
കഴിഞ്ഞ യൂറോ കപ്പ് കണ്ട ഏതൊരാൾക്കും ക്രിസ്റ്റ്യൻ എറിക്‌സനെന്ന ഡെന്മാർക്ക് താരത്തെ മറക്കാൻ കഴിയില്ല. ഫിൻലാൻഡുമായുള്ള മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ താരം ഫുട്ബോൾ ലോകത്തിനു ഒന്നടങ്കം ഞെട്ടൽ സമ്മാനിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനാൽ ജീവൻ പോകാതെ രക്ഷപ്പെട്ട എറിക്‌സൺ ഏറെ നാളുകൾക്ക് ശേഷം കളിക്കളത്തിലേക്ക് തിരികെ വരികയും ചെയ്‌തു.
ആ യൂറോ കപ്പ് മത്സരം നടന്ന് 1100 ദിവസം പിന്നിട്ട കഴിഞ്ഞ ദിവസം നടന്ന ഡെന്മാർക്കിന്റെ യൂറോ കപ്പ് മത്സരത്തിൽ കളിക്കാൻ ക്രിസ്റ്റ്യൻ എറിക്‌സണും ഉണ്ടായിരുന്നു. സ്ലോവേനിയക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ എറിക്‌സൺ ടീമിനെ മുന്നിലെത്തിച്ചെങ്കിലും അതിനു ശേഷം പൊരുതിയ സ്ലോവേനിയ എഴുപത്തിയേഴാം മിനുട്ടിൽ സമനില ഗോൾ കുറിച്ചു.
എന്നാൽ ഇന്നലത്തെ മത്സരത്തിൽ മറ്റൊരു നേട്ടം ക്രിസ്റ്റ്യൻ എറിക്‌സൺ സ്വന്തമാക്കി. തന്റെ പ്രതിഭയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കി ഇന്നലെ നടന്ന മത്സരത്തിൽ ഏഴ് ഗോളവസരങ്ങളാണ് എറിക്‌സൺ ഉണ്ടാക്കിയെടുത്തത്. ഇതുവരെ നടന്ന യൂറോ കപ്പ് മത്സരങ്ങളിൽ ഏറ്റവുമധികം ഗോളവസരങ്ങൾ ഒരുക്കിയ താരവും എറിക്‌സൺ തന്നെയാണ്.
കഴിഞ്ഞ യൂറോ കപ്പിലെ സംഭവത്തിന് ശേഷം ഇന്റർ മിലാനിൽ തുടരാൻ കഴിയാതിരുന്ന എറിക്‌സൺ ആദ്യം പ്രീമിയർ ലീഗ് ക്ലബായ ബ്രെന്റഫോഡിലേക്കും പിന്നീട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കും ചേക്കേറി. താരത്തിന്റെ തിരിച്ചുവരവ് ആത്മവിശ്വാസം കൊണ്ടു തന്നെയാണ്. എല്ലാവർക്കും മാതൃകയാക്കാവുന്ന തിരിച്ചു വരവിന്റെ പ്രതീകമായി എറിക്‌സൺ ഈ യൂറോ കപ്പിൽ ശ്രദ്ധേയനാകുന്നു.