വെറുമൊരു വിജയശില്പി മാത്രമല്ല; മാൻസീനി ഇറ്റലിയെ മാറ്റിമറിച്ചതിങ്ങനെ
റോബർട്ടോ മാനസീനിയെന്ന മാന്ത്രികൻ ഇറ്റാലിയൻ ഫുട്ബോളിനെ ഉയിർത്തെഴുന്നേൽപ്പിച്ചത് എങ്ങനെയെന്നറിയണമെങ്കിൽ രണ്ടര കൊല്ലം പിറകോട്ട് പോകണം. കൃത്യമായി പറഞ്ഞാൽ 2018 സെപ്തംബർ 10. അന്നാണ്, സാക്ഷാൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പോർചുഗലിനോട് യുവേഫ നേഷൻസ് ലീഗിൽ ഇറ്റലി തോൽക്കുന്നത്. ഇറ്റാലിയൻ മാധ്യമങ്ങൾ പോലും ഫുട്ബോളിനെ എഴുതിത്തള്ളിയ ദിനങ്ങളായിരുന്നു അത്.
ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടാനാവാതെ ഉഴറിയ ഇറ്റാലിയൻ ഫുട്ബാളിന്റെ അവസാന പരീക്ഷണമായിരുന്നു മാൻസീനിയെ പരിശീലകനായി നിയമിച്ചത്. ആർക്കും വഴങ്ങാത്ത പ്രകൃതക്കാരനാണ് മാൻസീനി. അതിനാൽ തന്നെ എതിർപ്പുകളും ശക്തമായിരുന്നു. ആറുമാസം സമയമായിരുന്നു എതിർപ്പുകളെ നേരിടാൻ മാൻസീനി ചോദിച്ചത്.
വിജയദാഹത്തിന്റെ വലിയ ചരിത്രം അവകാശപ്പെടാനുണ്ട് റോബർട്ട് മാൻസീനിക്ക്. ഒൻപതാം വയസ്സിൽ ടേബിൾ ടെന്നീസിൽ തോറ്റതിന്റെ ദേഷ്യം തീർക്കാൻ സഹോദരനെ ബാറ്റുകൊണ്ടെറിഞ്ഞു തലപൊട്ടിച്ചിട്ടുണ്ട് മാൻസീനി. പരാജയം അത്രക്കും അയാൾക്ക് രസിക്കില്ല. ആ ബാലൻ പിന്നീട് ഇരുപത്തിനാലാം വയസ്സിൽ ഇറ്റാലിയൻ സീരി എയിൽ സാംപടോറിയയെ ചാമ്പ്യന്മാരാക്കി.
സീരി എയിൽ പോലും അത്രക്കൊന്നും സാധ്യത കൽപ്പിക്കപ്പെടാത്ത സാംപടോറിയയെ ‘ഇന്റർ കോണ്ടിനെന്റൽ’ കപ്പ് നേടാൻ പ്രചോദിപ്പിച്ചാണ് അന്ന് ടീമിൽ യുവതാരമായ മാൻസീനി ലീഗ് ചാമ്പ്യന്മാരാക്കിയത് എന്നൊരു കഥയുണ്ട്. എന്തുതന്നെയായാലും അത്തവണ ഫൈനലിൽ സാക്ഷാൽ ബാർസിലോണയോട് അധികസമയത്ത് ഒരു ഗോളിന് തോറ്റാണ് സാംപടോറിയയുടെ ‘യൂറോപ്പ്യൻ കപ്പ്’ മോഹം അവസാനിച്ചത്.
എന്നാൽ മാൻസീനിയുടെ വിജയദാഹത്തിന്റെ അവസാനമായിരുന്നില്ല അത്. വർഷങ്ങൾക്കിപ്പുറം 60 വർഷത്തെ ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടാനാവാതെ നാണംകെട്ട അസൂറിപ്പടയുടെ പരിശീലകനായി 2018ൽ അവരോധിക്കപ്പെട്ട മാൻസീനിയുടെ ആദ്യലക്ഷ്യം ആ വിജയദാഹം കളിക്കാർക്ക് പകർന്നുനൽകുക എന്നതായിരുന്നു.
ജിജി ബുഫൺ, ഡി റോസി ഉൾപ്പടെയുള്ള ഇതിഹാസ താരങ്ങളെല്ലാം റിട്ടയർമെന്റ് പ്രഖ്യാപിച്ചു നിരാശയുടെ പടുകുഴിയിൽ വീണ ഇറ്റലിയെ വിജയികളുടെ നിരയാക്കി മാറ്റുക എന്ന ഭാരിച്ച ദൗത്യം പക്ഷെ മികച്ച അവസരമാക്കി മാറ്റുകയാണ് മാൻസീനിയിലെ വിജയദാഹി ചെയ്തത്. വിരമിക്കലിൽ നിന്നും തിരിച്ചെത്തിയ ചെല്ലീനിയെ നായകനാക്കി കളിതുടങ്ങിയ മാൻസീനിയുടെ തുടക്കം പട്ടുമെത്ത വിരിച്ച വഴിയിലായിരുന്നില്ല.
2018 നാഷൻസ് ലീഗിൽ ആദ്യ മത്സരത്തിൽ പോളണ്ടിനോട് സമനില വഴങ്ങിയും പോർച്ചുഗലിനോട് പരാജയപ്പെട്ടുമാണ് തുടക്കം. എന്നാൽ പിന്നീടങ്ങോട്ട് സ്വപ്നസമാനമായി തുടരുകയാണ് മാൻസീനിയുടെ അശ്വമേധം. തുടർച്ചയായി 34 മത്സരങ്ങൾ ആ വിജയഗാഥ പിന്നിട്ടുകഴിഞ്ഞു. 35 മത്സരങ്ങൾ തുടർച്ചയായി ജയിച്ച ചരിത്രമുള്ള ബ്രസീലും, സ്പെയിനും മാത്രം ബാക്കി.
എന്നാൽ വിജയങ്ങൾക്കപ്പുറം ഇറ്റാലിയൻ ഫുട്ബോളിൽ മാൻസീനിയുടെ നേതൃത്വത്തിൽ നടപ്പാക്കപ്പെടുന്ന ‘നവോദ്ധാനം’ കാണാതിരിക്കാനാവില്ല. എല്ലാ കാലത്തും വിജയത്തിനായി മാത്രം മൈതാനത്തിറങ്ങുന്ന ടീമാണ് ഇറ്റലി. കളിജയിച്ചാൽ എല്ലാവരും വാഴ്ത്തിപ്പാടും. തോറ്റാൽ വിസ്മൃതിയിലാവും സ്ഥാനം. 2018 ലോകകപ്പിന് ഇറ്റലി യോഗ്യത നേടാതിരുന്നപ്പോൾ ഒട്ടേറെ പേരൊന്നും അത് ലോകകപ്പിന്റെ നഷ്ടമായി പോലും കണക്കാക്കിയില്ല. എന്നാൽ നേരെ മറിച്ച്, ദശാബ്ദങ്ങളായി എടുത്തുപറയത്തക്ക നേട്ടങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും അർജന്റീനക്കും, ഇംഗ്ലണ്ടിനും ഇത്രയധികം ആരാധകർ ഉണ്ടാകുന്നതെന്തുകൊണ്ടാണ്?
എടുത്തുപറയത്തക്ക നേട്ടങ്ങൾ ഒന്നും ഇല്ലാതിരുന്നിട്ടും, മെസ്സിയെ പോലെയോ, നെയ്മറെ പോലെയോ കളിക്കളത്തിൽ മാജിക് കാണിക്കാൻ കഴിയാത്തവരായിട്ടും, ‘ശരാശരി’ക്കാരായ ഒട്ടേറെ ലാറ്റിനമേരിക്കൻ താരങ്ങൾക്ക് ആരാധകർ ഏറെയാണ്. എന്നാൽ ഇറ്റാലിയൻ ഫുട്ബോളിൽ ആരാധകർ പലപ്പോഴും ഓർക്കുന്നത് മഹാരഥന്മാർ എന്നുതന്നെ വിളിക്കാവുന്ന വിരലിലെണ്ണാവുന്ന താരങ്ങളെ മാത്രമാവും.
ഇറ്റലി കാലാകാലങ്ങളായി പരിചയിച്ചുവന്ന പ്രതിരോധാത്മകമായ ഫുട്ബോളിന്റെ ഫലമാണിത്. മത്സരം അനായാസം വിജയിക്കുമ്പോഴും ആരാധകരെ ആകർഷിക്കാനുള്ള ചേരുവകൾ കുറവായിരിക്കും. (മാൾഡീനിയും, നെസ്റ്റയും പോലുള്ള ഇതിഹാസങ്ങൾ അപവാദമാണ്. പ്രതിരോധത്തിലും, സൗന്ദര്യാത്മകത പുലർത്തിയ മന്ത്രികർ).
ഇറ്റലി ദശാബ്ദങ്ങളായി പിന്തുടർന്നു വന്ന ഈ വിജയമന്ത്രമാണ് മാൻസീനി മാറ്റിയെഴുതുന്നത്. പരമ്പരാഗതമായ ശൈലി വെടിഞ്ഞു കൂടുതൽ ആക്രമണോത്സുകമായ ഫുട്‍ബോളാണ് ഇറ്റലിയെ മാൻസീനി കളിപ്പിക്കുന്നത്. പലപ്പോഴും, കാണികളെ രസിപ്പിക്കാനുള്ള രസക്കൂട്ടുകൾ മത്സരത്തിൽ ഇഴുകിച്ചേർക്കാനും മാൻസീനി താരങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നു.
അപ്പോഴും പ്രതിരോധത്തിൽ ഒരുവിട്ടുവീഴ്ചയും ചെയ്യാൻ അദ്ദേഹം അനുവദിക്കുന്നുമില്ല. ജോർജിയോ ചെല്ലീനിയും, ലിയോനാർഡോ ബൊനൂച്ചിയും അണിനിറക്കുന്ന പ്രതിരോധം ഒരു വിടവുമില്ലാത്തതാണ്. ഫൈനലിൽ സാക്കയുടെ ഷർട്ടിൽ പിടിച്ചു ചെല്ലീനി വലിച്ചിട്ട രംഗം അവരുടെ പ്രതിരോധാത്മക നയത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്തിയിട്ടില്ല എന്നതിന് തെളിവാണ്.
ബോക്സിൽ നിന്നും ഏറെ അകലെ നടത്തിയ ഫൗളിന് റെഡ് കാർഡ് കിട്ടാൻ ഒരുസാധ്യതയുമില്ലെന്ന് ചെല്ലീനിക്ക് നന്നായറിയാം. അതിനാൽ തന്നെ ഇഞ്ചുറി ടൈമിൽ സാക്ക പന്തുമായി ബോക്സിൽ കയറിയാലുള്ള അപകടം ഒഴിവാക്കാൻ ‘അധാർമികമായ’ രീതി പ്രയോഗിക്കാൻ പോലും ചെല്ലീനി ഒട്ടും മടിച്ചുമില്ല. വർഷങ്ങളുടെ പരിചയം കൊണ്ട് മാത്രം സ്വായത്തമാകുന്ന വിവേകമാണിത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ യുവനിരക്ക് നഷ്ടമായതും ഈ പരിചയസമ്പത്ത് തന്നെയാണ്.
പരിചയസമ്പത്തിനൊപ്പം യുവത്വത്തിന്റെ വേഗവും അതിസമർത്ഥമായാണ് മാൻസീനി ഇഴചേർക്കുന്നത്. ലിയാണോർഡോ സ്പിനാസോളയും, മാനുവൽ ലോകടെല്ലിയും നൽകുന്ന വേഗം ഇറ്റലിയെ അതിവേഗമാണ് യൂറോയിലെ ഏറ്റവും പേടിക്കേണ്ട ടീമായി മാറ്റിയത്. കൂടാതെ, ഫെഡറിക്കോ ചിയേസയും, ടൂർണമെന്റിന്റെ താരമായി മാറിയ ജിയാൻലൂജി ഡോണാരുമ്മയും പോലെ സമർത്ഥരായ യുവതാരങ്ങളും ഇറ്റാലിയൻ നിരയിലുണ്ട്.
ഏതെങ്കിലും ഒരുതാരത്തെ മാത്രം മുൻനിർത്തിയല്ല മാൻസീനി തന്ത്രങ്ങൾ മെനയുന്നത്. ടീമിലെ യുവതാരങ്ങളെ നിരന്തരം മൂർച്ച കൂട്ടി ഉപയോഗസജ്ജമാക്കി വെക്കാൻ മാൻസീനിക്ക് കഴിയുന്നുണ്ട്.
ബൊനൂച്ചിയും, ചെല്ലീനിയും അടുത്ത ലോകകപ്പിന് ഉണ്ടാവുമോ എന്ന് ഉറപ്പില്ലെങ്കിലും അശ്വമേധം ജയിച്ച ഇറ്റലിക്ക് ഈ വിടവ് മറികടക്കാൻ വിഭവങ്ങൾ ഏറെയുണ്ട് എന്നുറപ്പാണ്. 2017 നവംബർ 13 ന് ലോകകപ്പ് യോഗ്യതയില്ലെന്ന് അറിഞ്ഞ ശേഷം ഹൃദയം നുറുങ്ങിയ ഇറ്റാലിയൻ ഫുട്ബോൾ ആരാധകരെ തിരിച്ചുകൊണ്ടുവന്ന, മൂന്ന് വർഷത്തിനിപ്പുറം ഇറ്റലിയെ വിജയിക്കാൻ മാത്രം പഠിപ്പിച്ച, മാൻസീനിയെന്ന മാന്ത്രികൻ നയിക്കുന്ന അസൂറികൾ തന്നെയാണ് ഖത്തർ ലോകകപ്പിൽ എതിരാളികൾ ഏറ്റവുമധികം ഭയക്കുന്ന ടീമാവുക എന്നുറപ്പാണ്.