WTC: : ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് മുന്നിലുളള വഴികള്‍
ഓസ്‌ട്രേലിയക്കെതിരായ ഗാബ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റിട്ടില്ല. മെല്‍ബണിലും സിഡ്‌നിയിലും നടക്കുന്ന അടുത്ത രണ്ട് ടെസ്റ്റുകളില്‍ ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.
പരമ്പര 3-1 ന് നേടിയാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 60.5 ആകും. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് ടെസ്റ്റുകളില്‍ ജയിച്ചാലും ഓസ്‌ട്രേലിയയ്ക്ക് ഇത് മറികടക്കാനാകില്ല.
അതെസമയം തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുക എളുപ്പമല്ല. പരമ്പര 2-2 ന് സമനിലയിലായാല്‍ ഇന്ത്യയ്ക്ക് മറ്റ് ടീമുകളുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കേണ്ടിവരും.
ശ്രീലങ്ക ഓസ്‌ട്രേലിയയെ 1-0 ന് തോല്‍പ്പിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഫൈനലിലെത്താനാകൂ. ശ്രീലങ്ക 1-0 ന് ജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 55.26 ഉം ഓസ്‌ട്രേലിയയുടേത് 53.5 ഉം ആയിരിക്കും. എന്നാല്‍ ശ്രീലങ്കയില്‍ ഒരു മത്സരമെങ്കിലും ഓസ്‌ട്രേലിയ ജയിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇന്ത്യ പുറത്താകും.
പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയെ 2-0 ന് തോല്‍പ്പിച്ചാലും ഇന്ത്യയ്ക്ക് ഫൈനലിലെത്താം. അപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ പോയിന്റ് ശതമാനം 52.57 ആകും. ഇന്ത്യയുടേത് 55.25 ആയിരിക്കും. ഓസ്‌ട്രേലിയയ്ക്ക് ശ്രീലങ്കന്‍ പര്യടനത്തില്‍ ഒരു സമനില മതിയാകും ഫൈനലിലെത്താന്‍.