അവര്‍ അന്ന് കോഹ്ലിയെ പുറത്താക്കിയില്ല, ബാബറിനെ പുറത്താക്കിയതിനെതിരെ പൊട്ടിത്തെറിച്ച് ഫഖര്‍ സമാന്‍
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ബാബര്‍ അസമിനെ പുറത്താക്കിയതിനെതിരെ സഹതാരം ഫഖര്‍ സമാന്‍ രംഗത്ത്. ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് പാക് ടീമില്‍ ശുദ്ധികലശം നടത്തിയത്്.
'ബാബര്‍ അസമിനെ പാകിസ്താന്‍ ടീമില്‍ നിന്ന് പുറത്താക്കിയതായി കേള്‍ക്കുന്നു. 2020-2023 കാലഘട്ടത്തില്‍ മോശം ഫോമിലായിരുന്നപ്പോള്‍ ഇന്ത്യ വിരാട് കോഹ്ലിയെ പുറത്താക്കിയില്ല. എക്കാലത്തെയും മികച്ച ബാറ്ററെ പുറത്താക്കാനാണ് പാകിസ്താന്‍ ക്രിക്കറ്റിന്റെ തീരുമാനമെങ്കില്‍, അത് ടീമിനുള്ളില്‍ തെറ്റായ സന്ദേശം നല്‍കും. ടീമിനുള്ളില്‍ തെറ്റായ സന്ദേശം നല്‍കുന്നത് ഒഴിവാക്കാന്‍ ഇനിയും സമയമുണ്ട്,' ഫഖര്‍ സമാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മോശം ഫോമിനെ തുടര്‍ന്നാണ് ബാബര്‍ അസം, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ എന്നിവരെ ഇംഗ്ലണ്ട് പരമ്പരയിലെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഒഴിവാക്കിയത്. ആദ്യ ടെസ്റ്റ് കളിച്ചില്ലെങ്കിലും ടീമിലുണ്ടായിരുന്ന മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെയും അടുത്ത രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനായാണ് ബാബറിനും ഷഹീനും ഉള്‍പ്പടെയുള്ള താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുന്നതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിശദീകരിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തോല്‍വികളില്‍ നിന്ന് പാകിസ്താന്‍ ക്രിക്കറ്റിന് കരകയറേണ്ടതുണ്ടെന്നും ബോര്‍ഡ് വ്യക്തമാക്കി.
ഒക്ടോബര്‍ 15ന് മുള്‍ത്താനിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 24 മുതല്‍ റാവല്‍പിണ്ടിയിലാണ് മൂന്നാം ടെസ്റ്റ്. ആദ്യ മത്സരം പരാജയപ്പെട്ട പാകിസ്താന് ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാലെ പരമ്പര സ്വന്തമാക്കാന്‍ കഴിയൂ.