ക്രിക്കറ്റില്‍ ഇതാദ്യം, അപൂര്‍വ്വ സംഭവം, ബിഗ് ബാഷില്‍ സംഭവിച്ചത്
ക്രിക്കറ്റ് എന്നും അത്ഭുതങ്ങള്‍ നിറച്ച കളിയാണ്. അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്സും ബ്രിസ്ബെയ്ന്‍ ഹീറ്റും തമ്മിലുള്ള ബിഗ് ബാഷ് ലീഗ് മത്സരത്തിടയിലും അത്തരത്തിലൊരു അപൂര്‍വ്വമായൊരു സംഭവം അരങ്ങേറി.
അഡ്ലെയ്ഡ് ഓവലില്‍ ശനിയാഴ്ച നടന്ന മത്സരത്തിനിടെ സ്‌ട്രൈക്കേഴ്സിന്റെ അരങ്ങേറ്റ താരം ലിയാം ഹാസ്‌കെറ്റിന്റെ പന്തില്‍ ബ്രിസ്ബെയ്ന്‍ ഹീറ്റ് ഓപ്പണര്‍ മൈക്കല്‍ നെസര്‍ രണ്ട് സിക്സറുകള്‍ പറത്തി. ഹാസ്‌കെറ്റിന്റെ അടുത്ത ഓവറിലും കഥ ആവര്‍ത്തിച്ചു.
ഇത്തവണ ഹാസ്‌കെറ്റിനെതിരെ നഥാന്‍ മക്സ്വീനി മിഡ് വിക്കറ്റിലൂടെ പന്ത് സ്റ്റാന്‍ഡിലേക്ക് അടിച്ചുയര്‍ത്തി. ആ പന്ത് ഗ്യാലറിയില്‍ ഒരാള്‍ ക്യാച്ച് ചെയ്യുകയും ചെയ്തു.
എന്നാല്‍ കൗതുകകരമായ കാര്യം, ആ പന്ത് ക്യാച്ച് ചെയ്തത് ലിയാം ഹാസ്‌കെറ്റിന്റെ പിതാവായ ലോയ്ഡ് ഹാസ്‌കെറ്റാണ് എന്നതാണ്. ഫോക്സ് സ്പോര്‍ട്സിനു വേണ്ടി കമന്ററി ചെയ്ത ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ് ഈ വിവരം വെളിപ്പെടുത്തിയത്. മകന്റെ അരങ്ങേറ്റ മത്സരത്തില്‍ അദ്ദേഹം നിരാശനായിരുന്നുവെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഹാസ്‌കെറ്റിന്റെ പിതാവ് ഏറെ ദുഖിതരനായി ഇരിക്കുന്ന കാഴ്ച്ചയും ഫോക്‌സ് ന്യൂസ് തത്സമയം സ്ട്രീം ചെയ്തു.
'മികച്ച ഷോട്ട്, ശക്തമായ പ്രഹരം, ഗ്യാലറിയില്‍ ഇന്ന് മികച്ച ക്യാച്ചുകള്‍ കണ്ടു, ഉയരത്തില്‍, കൈകള്‍ നീട്ടി പന്ത് പിടിച്ച ശേഷം ഞൊടിയിടയില്‍ തിരികെ എറിയുന്നു. ആ ക്യാച്ച് ചെയ്്തത് ലിയാം ഹാസ്‌കെറ്റിന്റെ അച്ഛനാണ്. ലോയ്ഡ് ഹാസ്‌കെറ്റ്, അദ്ദേഹം വളരെ നിരാശനായിരിക്കുന്നു. കാരണം അരങ്ങേറ്റത്തില്‍ മകന്‍ മോശം പ്രകടനമാണ് കാഴ്ച്ചവെച്ചരിക്കുന്നത്' ഗില്‍ക്രിസ്റ്റ് പറഞ്ഞു.
'ഇത് ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കണം' ഇംഗ്ലണ്ട് മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ഗില്‍ക്രിസ്റ്റിന് പ്രതികരണമായി കൂട്ടിച്ചേര്‍ത്തു. ഫോക്സ് ക്രിക്കറ്റ് ഈ ക്യാച്ചിന്റെ വീഡിയോ എക്സില്‍ പങ്കുവെച്ചു. അതെസമയം അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്സ് 56 റണ്‍സിന് മത്സരം ജയിച്ചു.