റൊണാൾഡോക്ക് തെറ്റു പറ്റി, ഷൂട്ടൗട്ടിൽ ഫ്രാൻസിനെ വിജയിപ്പിച്ചത് പോർച്ചുഗൽ താരത്തിന്റെ തീരുമാനമെന്ന് ആരാധകർ
ഫ്രാൻസിനെതിരെ നടന്ന യൂറോ കപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഷൂട്ടൗട്ടിലാണ് തോൽവി വഴങ്ങി പുറത്തായത്. നിശ്ചത സമയത്തും എക്‌സ്ട്രാ ടൈമിലും രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞപ്പോൾ ഷൂട്ടൗട്ടിലാണ് വിജയിയെ തീരുമാനിച്ചത്. ജോവോ ഫെലിക്‌സ് പെനാൽറ്റി പാഴാക്കിയത് പോർച്ചുഗലിന് തിരിച്ചടിയായത്.
എന്നാൽ ഷൂട്ടൗട്ടിനു മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത ഒരു തീരുമാനം ഫ്രാൻസിന് അനുകൂലമായി എന്നാണു ആരാധകർ മത്സരത്തിന് ശേഷം പറയുന്നത്. ഷൂട്ടൗട്ടിൽ ആദ്യത്തെ പെനാൽറ്റി ആരെടുക്കണമെന്നത് ടോസ് ഇട്ടാണ് തീരുമാനിച്ചത്. ടോസ് നേടിയ റൊണാൾഡോ ഫ്രാൻസിനെ ആദ്യത്തെ പെനാൽറ്റി എടുക്കാൻ അനുവദിക്കുകയായിരുന്നു.
എന്നാൽ ആ തീരുമാനത്തിൽ തന്നെ പോർച്ചുഗൽ മത്സരം കൈവിട്ടുവെന്നാണ് ആരാധകർ പറയുന്നത്. ഷൂട്ടൗട്ടിൽ ആദ്യം പെനാൽറ്റി എടുക്കുന്ന ടീമാണ് എഴുപത് ശതമാനത്തോളം തവണയും വിജയിച്ചിരിക്കുന്നത് എന്നിരിക്കെ റൊണാൾഡോ എടുത്ത തീരുമാനം തെറ്റായിരുന്നുവെന്നും അപ്പോൾ തന്നെ ഫ്രാൻസ് മത്സരം സ്വന്തമാക്കിയെന്നും ആരാധകർ വിലയിരുത്തുന്നു.
അതേസമയം സ്ലോവേനിയക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ആദ്യം കിക്കെടുത്ത സ്ലോവേനിയ ആയിരുന്നു. അതുകൊണ്ടാണ് അതെ രീതി പിന്തുടരാൻ റൊണാൾഡോ തീരുമാനിച്ചതെന്ന് വേണം കരുതാൻ. എന്നാൽ ആ മത്സരത്തിൽ ഹീറോയായി ഗോൾകീപ്പർ ഡിയാഗോ കോസ്റ്റക്ക് ഇന്നലെ ഒന്നും ചെയ്യാനായില്ല. ഫ്രാൻസിന്റെ ഒരു കിക്ക് പോലും തടുക്കാൻ കോസ്റ്റക്ക് കഴിഞ്ഞില്ല.