അവരെ ടീമിലേക്ക് തിരിച്ചുകൊണ്ട് വരൂ, ബിസിസിഐയോട് മുറവിളിയുമായി ക്രിക്കറ്റ് ലോകം
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുടെ പശ്ചാത്തലത്തില്‍, വെറ്ററല്‍ താരങ്ങളായ ചേതേശ്വര്‍ പുജാരയെയും അജിന്‍ക്യ രഹാനെയെയും തിരികെ ടീമിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ന്യൂസിലന്‍ഡിന്റെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞതാണ് ഈ ആവശ്യം ഉയരാന്‍ കാരണം.
രഞ്ജി ട്രോഫിയില്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച ഫോമിലുള്ള പുജാരയെയും ടെസ്റ്റില്‍ മികച്ച റെക്കോര്‍ഡുള്ള രഹാനെയെയും ന്യൂസിലന്‍ഡിനെതിരായ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെങ്കിലും ഇരുവരെയും തിരികെ വിളിക്കണമെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആവശ്യം. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നിരവധി പ്രതികരണങ്ങലാണ് പുറത്ത് വരുന്നത്.
എന്നാല്‍, ബിസിസിഐ പ്രഖ്യാപിച്ച ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കുള്ള ടീമില്‍ പുജാരയെയും രഹാനെയെയും പരിഗണിച്ചിട്ടില്ല. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ അഭിമന്യു ഈശ്വരന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ പുതുമുഖങ്ങള്‍ ഇടം നേടി.
നവംബര്‍ 22നാണ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി. പരമ്പരയില്‍ മൂന്ന് മത്സരങ്ങളെങ്കിലും ജയിച്ചാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് പ്രവേശിക്കാനാകു.
പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 113 റണ്‍സിന് തോറ്റതോടെയാണ് ഇന്ത്യ പരമ്പര കൈവിട്ടത്. 2012ന് ശേഷം ഇന്ത്യ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത് ഇതാദ്യമാണ്. ന്യൂസിലന്‍ഡ് ആദ്യമായാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്. നവംബര്‍ 1 മുതല്‍ 5 വരെ മുംബൈയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്.