കോണ്‍സ്റ്റാസ് കോഹ്ലിയുടെ പിതാവ്, തരംഗമായി! ആരാധകര്‍ ആവേശകൊടുമുടിയില്‍
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഓസ്ട്രേലിയയുടെ 19-കാരന്‍ വണ്ടര്‍ കിഡ് സാം കോണ്‍സ്റ്റാസ് തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അതിശയിപ്പിക്കുന്ന അര്‍ദ്ധസെഞ്ച്വറി നേടി ശ്രദ്ധാകേന്ദ്രമായി. കൗമാരക്കാരന്റെ ധീരമായ ബാറ്റിംഗും ധിക്കാരപരമായ മനോഭാവവും ആരാധകരെ അമ്പരപ്പിച്ചു. ഇതോടെ അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജ് തിരുത്തി വരെ ആരാധകരും 'കളി തുടങ്ങി'
ഓസ്ട്രേലിയയ്ക്കുവേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത കോണ്‍സ്റ്റാസ്, ഇന്ത്യയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ ആക്രമണോത്സുകമായ ബാറ്റിംഗ് കാഴ്ചവച്ചു. വെറും 65 പന്തില്‍ നിന്ന് 60 റണ്‍സ് നേടിയ കോണ്‍സ്റ്റാസ്, ഓസ്ട്രേലിയന്‍ ടെസ്റ്റ് അരങ്ങേറ്റക്കാരില്‍ മൂന്നാമത്തെ വേഗതയേറിയ അര്‍ദ്ധസെഞ്ച്വറി എന്ന റെക്കോര്‍ഡും (52 പന്തില്‍ 50) നേടി.
എന്നാല്‍ ആവേശകരമായ ആദ്യ സെഷനില്‍ നാടകീയതകള്‍ക്ക് ഒട്ടും പഞ്ഞമില്ലായിരുന്നു. വിരാട് കോഹ്ലിയുമായുള്ള തോള്‍ കൂട്ടിയിടി പിന്നീട് പേസര്‍ മുഹമ്മദ് സിറാജുമായുള്ള വാക്കുതര്‍ക്കം എന്നിവ മത്സരത്തിന്റെ ആവേശം കൂട്ടി.
കോണ്‍സ്റ്റാസ് ഗ്രൗണ്ടില്‍ തിളങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ വിക്കിപീഡിയ പേജിലാണ് ആരാധകര്‍ സജീവമായത്.കോണ്‍സ്റ്റാസിന്റെ ആക്രമണോത്സുക ബാറ്റിംഗും താരങ്ങളുമായുള്ള വാഗ്വാദവും വിക്കി പീഡിയ പേജില്‍ രസകരമായ എഡിറ്റുകള്‍ക്ക് കാരണമായി. കോണ്‍സ്റ്റാസിനനെ ആദ്യം 'ജസ്പ്രീത് ബുംറയുടെ പിതാവ്' എന്ന് പ്രഖ്യാപിച്ചതിന് ശേഷം. പിന്നീട്, കോഹ്ലിയുമായുള്ള തോള്‍ കൂട്ടിയിടിക്കും ശേഷം, 'വിരാട് കോഹ്ലിയുടെ പിതാവ്' എന്നാക്കി മാറ്റുകയും ചെയ്തു.
വിക്കിപീഡിയ എഡിറ്റര്‍മാര്‍ ഈ എഡിറ്റുകള്‍ പെട്ടെന്ന് നീക്കം ചെയ്തെങ്കിലും, സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
രണ്ടാം ഡ്രിങ്ക്‌സ് ബ്രേക്കിന് ശേഷം രവീന്ദ്ര ജഡേജയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി കോണ്‍സ്റ്റാസ് പുറത്തായെങ്കിലും, ഓസ്ട്രേലിയന്‍ ആരാധകരുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ത്യയുടെ പേസ് ബൗളിംഗിനെതിരെ ധീരമായി മുന്നേറിയ കോണ്‍സ്റ്റാസ്, ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തു.