സച്ചിന്റെ അവിശ്വസനീയമായ പിഴവ്; ഹോം ഗ്രൗണ്ടിൽ ബ്ലാസ്റ്റേഴ്സിനെ കൊട്ടി ഗോവയും
ഐഎസ്‌എല്ലിൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് എഫ്‌സി ഗോവ വിജയം നേടി. ആദ്യ പകുതിയിൽ ബോറിസ് സിങ് നേടിയ ഗോളാണ് ഗോവയ്ക്ക് വിജയം സമ്മാനിച്ചത്. അപകടകരമായി തോന്നിക്കാത്ത ഒരു ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിൽ തട്ടി വലകുലുക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോൾ കാഴ്ചവച്ചു. മൂന്നാം മിനിറ്റിൽ തന്നെ രാഹുൽ അവസരം ഒരുക്കിയെങ്കിലും നോഹ സദൗയിയുടെ ഷോട്ട് ഗോൾ വലയ്ക്ക് മുകളിലൂടെ പറന്നു. ഏഴാം മിനിറ്റിൽ ഗോവക്കും വലകുലുക്കാൻ അവസരം ലഭിച്ചെങ്കിലും കാൾ മക്യൂവിന്റെ ഷോട്ട് പോസ്റ്റിന്റെ വലതുവശത്തുകൂടി പുറത്തുപോയി.
പതിനൊന്നാം മിനിറ്റിൽ നോവയുടെ പാസിൽ വിബിൻ മോഹനന്റെ ഷോട്ട് ഗോവ ഗോൾകീപ്പർ രക്ഷപ്പെടുത്തി. പതിനാലാം മിനിറ്റിൽ നോഹ സദൗയിയുടെ ഷോട്ടും ഗോവ പ്രതിരോധത്തിൽ തട്ടി പുറത്തുപോയി. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി, മത്സരത്തിന്റെ 40-ാം മിനിറ്റിൽ ബോറിസ് സിങ് ഗോവയ്ക്ക് ലീഡ് നൽകി. സാഹിൽ തവോരയുടെ അസിസ്റ്റിൽ നിന്നാണ് ബോറിസ് ഗോൾ നേടിയത്. ഗോൾ കീപ്പർ സച്ചിൻ സുരേഷിന്റെ കൈകളിൽ തട്ടി പന്ത് വലകുലുക്കി.
ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് മൂന്ന് മാറ്റങ്ങളുമായാണ് രണ്ടാം പകുതി തുടങ്ങിയത്. പ്രിതം, രാഹുൽ, ജിമെനെസ് എന്നിവർക്ക് പകരം സന്ദീപ്, കൊറൗ, പെപ്ര എന്നിവർ കളത്തിലിറങ്ങിയതോടെ ഏതുനിമിഷവും ബ്ലാസ്റ്റേഴ്‌സ് സ്‌കോർ ചെയ്യുമെന്ന് തോന്നിപ്പിച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ആക്രമണങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. സുവര്ണാവസരങ്ങൾ പലതും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരിച്ചു പാഴാക്കിയതോടെ ഗോവ ഒരു ഗോളിന് വിജയിച്ചു.