147 വര്‍ഷത്തിനിടെ ഇതാദ്യം, ടെസ്റ്റില്‍ അവിശ്വസനീയ റെക്കോര്‍ഡ് സ്വന്തമാക്കി നിതീഷ്
ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിംഗ്ടണ്‍ സുന്ദറും ചരിത്രം കുറിച്ചു! എട്ടാമനായി ഇറങ്ങി സെഞ്ച്വറി നേടിയ നിതീഷും ഒമ്പതാമനായി ഇറങ്ങി അര്‍ധസെഞ്ച്വറി നേടിയ സുന്ദറും ചേര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടം സ്വന്തമാക്കി.
147 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് എട്ടും ഒമ്പതും നമ്പറുകളില്‍ ഇറങ്ങുന്ന രണ്ട് ബാറ്റര്‍മാരും 150ല്‍ അധികം പന്തുകള്‍ നേരിടുന്നത്.
സുന്ദര്‍ 162 പന്തില്‍ നിന്ന് 50 റണ്‍സെടുത്തപ്പോള്‍ നിതീഷ് 176 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി നിതീഷ് മറ്റൊരു റെക്കോര്‍ഡും സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റര്‍ എന്ന നേട്ടമാണ് 21കാരനായ നിതീഷ് സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയില്‍ എട്ടാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡും നിതീഷ് സ്വന്തമാക്കി. 2008ല്‍ അഡ്‌ലെയ്ഡില്‍ 87 റണ്‍സെടുത്ത അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡാണ് നിതീഷ് മറികടന്നത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്താനും നിതീഷിനായി.
നാല് മത്സരങ്ങളില്‍ നിന്ന് 284 റണ്‍സുമായി നിതീഷ് കുമാര്‍ റെഡ്ഡി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ്. 409 റണ്‍സുമായി ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡാണ് ഒന്നാമത്.