അവിശ്വസനീയം, ചരിത്രത്തില്‍ ഇതാദ്യം, അപൂര്‍വ്വ റെക്കോര്‍ഡ് നേടി തിലക് വര്‍മ്മ
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച തിലക് വര്‍മ്മ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടി. ടി20യില്‍ പുറത്താകാതെ 300 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനായി തിലക് വര്‍മ്മ മാറി.
55 പന്തില്‍ പുറത്താകാതെ 72 റണ്‍സ് നേടിയ തിലകിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 107ഉം 120ഉം റണ്‍സും ഇംഗ്ലണ്ടിനെതിരെ 19ഉം 72ഉം റണ്‍സുമാണ് തിലക് തുടര്‍ച്ചയായി നേടിയത്.
ഈ അപൂര്‍വ്വ നേട്ടത്തിലൂടെ ന്യൂസിലന്‍ഡിന്റെ മാര്‍ക്ക് ചാപ്മാന്റെ റെക്കോര്‍ഡാണ് തിലക് മറികടന്നത്. പുറത്താകാതെ 271 റണ്‍സായിരുന്നു ചാപ്മാന്റെ നേട്ടം.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി തിലക് മാറിക്കഴിഞ്ഞുവെന്ന് ഈ പ്രകടനം തെളിയിക്കുന്നു. തിലകിന്റെ പ്രകടനത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സന്തോഷം പ്രകടിപ്പിച്ചു.
'തിലക് ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്തത് കാണാന്‍ സന്തോഷമുണ്ട്. രവി ബിഷ്‌ണോയിയും നെറ്റില്‍ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ബാറ്റിംഗിലൂടെ സംഭാവന നല്‍കാന്‍ അവന്‍ ആഗ്രഹിക്കുന്നു,' സൂര്യകുമാര്‍ പറഞ്ഞു.
മത്സരം അവസാന ഓവറുകളില്‍ ആവേശകരമായിരുന്നു. 20 പന്തില്‍ 20 റണ്‍സ് എന്ന നിലയില്‍ തിലക് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ മടിച്ചു നിന്നെങ്കിലും പിന്നീട് ഉത്തരവാദിത്തത്തോടെ കളിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.