മത്സരത്തിനിടെ തമീം ഇഖ്ബാലിന് ഹൃദയാഘാതം; നില ഗുരുതരം
ബംഗ്ലാദേശ് മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാല്‍ ഗുരുതരാവസ്ഥയില്‍. ധാക്ക പ്രീമിയര്‍ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ തമീമിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നിലവില്‍ ധാക്കയ്ക്ക് സമീപത്തുളള സാവറിലെ ഒരു ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബംഗ്ലാദേശ് പ്രാദേശിക മാധ്യമങ്ങള്‍ അദ്ദേഹത്തിന്റെ നില 'ഗുരുതരമാണെന്ന്' റിപ്പോര്‍ട്ട് ചെയ്യുന്നു. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം ഐസിയുവില്‍ കഴിയുന്നത്.
'പ്രാദേശിക ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നേരിയ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ സംശയിക്കുന്നുണ്ട്. അദ്ദേഹത്തെ ധാക്കയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും, ഹെലിപാഡിലേക്കുള്ള യാത്രാമധ്യേ വീണ്ടും അദ്ദേഹത്തിന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയും തിരികെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് നടത്തിയ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ അദ്ദേഹത്തിന് ഹൃദയാഘാതം സ്ഥിരീകരിച്ചു' ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് ഫിസിഷ്യന്‍ ഡോ. ദേബാശിഷ് ചൗധരി പറഞ്ഞു.
'ഇത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പ്രയാസകരമായ സമയമാണ്. അദ്ദേഹം നിലവില്‍ നിരീക്ഷണത്തിലാണ്, അദ്ദേഹത്തിന്റെ സൗഖ്യത്തിനായി മെഡിക്കല്‍ സംഘം സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്' ചൗധരി കൂട്ടിച്ചേര്‍ത്തു.
സാവറില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗ് ക്ലബ്ബും ഷൈന്‍പുകൂര്‍ ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരം കളിക്കുന്നതിനിടെയാണ് തമീമിന് നെഞ്ചില്‍ അസ്വസ്ഥത അനുഭവപ്പെട്ടത്. അദ്ദേഹത്തെ ഹെലികോപ്റ്ററില്‍ ധാക്കയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാന്‍ അധികൃതര്‍ ആദ്യം ക്രമീകരണങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ബികെഎസ്പി ഗ്രൗണ്ടില്‍ നിന്ന് അദ്ദേഹത്തെ കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതിനാല്‍ ഫസിലതുന്‍നേസ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജനുവരിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം തമീം പ്രാദേശിക മത്സരങ്ങള്‍ കളിക്കുകയും കമന്ററിയില്‍ സജീവമാകുകയും ചെയ്തിരുന്നു.