31ാം വയസ്സില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ പേസര്‍, ഇനി ഐപിഎല്ലും കളിക്കില്ല
ഉത്തര്‍പ്രദേശ് പേസ് ബൗളറും ഐപിഎല്ലില്‍ ശ്രദ്ധേയനുമായ അങ്കിത് രജ്പുത് 31-ാം വയസ്സില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിംഗ്‌സ് എന്നീ ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള അങ്കിത്, തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കല്‍ വിവരം അറിയിച്ചത്.
ബിസിസിഐ, ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍, കാണ്‍പൂര്‍ ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തില്‍ അങ്കിതിനെ ഒരു ടീമും എടുത്തിരുന്നില്ല. ഇതോടെ അങ്കിത് വിദേശ ടി20 ലീഗുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു. 2009 മുതല്‍ 2024 വരെ നീണ്ട കരിയറില്‍ അനേകം മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ അങ്കിതിന് സാധിച്ചു.
ഐപിഎല്ലിലെ ശ്രദ്ധേയമായ പ്രകടനം
2013ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലൂടെയാണ് അങ്കിത് ഐപിഎല്‍ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് വിവിധ ടീമുകള്‍ക്കായി കളിച്ച അദ്ദേഹം, 2018ല്‍ പഞ്ചാബ് കിംഗ്സിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടത്തിയ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആ മത്സരത്തില്‍ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകളാണ് അങ്കിത് നേടിയത്. എന്നിരുന്നാലും, മത്സരം പഞ്ചാബ് തോറ്റു. ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ അണ്‍ക്യാപ്ഡ് കളിക്കാരനും പഞ്ചാബ് കിംഗ്സിന്റെ ആദ്യ ബൗളറുമാണ് അങ്കിത്.
കരിയര്‍ ഒറ്റനോട്ടത്തില്‍
15 വര്‍ഷത്തെ ആഭ്യന്തര ക്രിക്കറ്റ് കരിയറില്‍ 80 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 50 ലിസ്റ്റ് എ മത്സരങ്ങളിലും 87 ടി20 മത്സരങ്ങളിലും അങ്കിത് പങ്കെടുത്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 248 വിക്കറ്റും ലിസ്റ്റ് എയില്‍ 71 വിക്കറ്റും ടി20യില്‍ 105 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്.