പച്ചപ്പ് നിറഞ്ഞ പിച്ച്, ഇന്ത്യയുടെ നടുവൊടിക്കാൻ നാല് പേസർമാർ; ഓസ്‌ട്രേലിയൻ ടീം ഇറങ്ങുക ഇങ്ങനെ
റെഡ് ബോൾ ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി… ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ വിധി നിർണ്ണയിക്കുന്ന ബോർഡർ-ഗാവസ്കർ പരമ്പര വെള്ളിയാഴ്ച്ച പെർത്തിൽ തുടങ്ങും. തുടർന്ന് അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏറ്റുമുട്ടും.
ന്യൂസിലൻഡിനോട് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ ഈ പരമ്പരയിലേക്ക് വരുന്നത്. ഫൈനലിൽ ഇടം നേടണമെങ്കിൽ ഇന്ത്യ ഓസ്ട്രേലിയയെ 4-0 ന് എങ്കിലും തോൽപ്പിക്കേണ്ടതുണ്ട്. എന്നാൽ, പരമ്പര ആരംഭിക്കുന്നതിന് മുമ്പ് തന്നെ, പരിക്കുകളും പ്രധാന കളിക്കാരുടെ അഭാവവും ഇന്ത്യൻ ടീമിനെ വലക്കുന്നുണ്ട്.
നാല് പേസർമാരുമായി കമ്മിൻസ്, മക്സ്വീനി ഓപ്പണർ
മറുവശത്ത്, വർഷത്തിന്റെ തുടക്കം മുതൽ ഓസ്ട്രേലിയ ഒരു ടെസ്റ്റ് മത്സരം പോലും കളിച്ചിട്ടില്ല, പക്ഷേ പരിമിത ഓവർ ഫോർമാറ്റിൽ അവർ കാണിച്ച അക്രമണോത്സുക ടെസ്റ്റ് ക്രിക്കറ്റിലും മുതൽക്കൂട്ടാകുമെന്നാണ് കങ്കാരുക്കളുടെ പ്രതീക്ഷ. ടീമിൽ എല്ലാ പ്രധാന കളിക്കാരും തിരിച്ചെത്തിയത് ഓസീസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഡേവിഡ് വാർണറുടെ പകരക്കാരനായി ഭാവി വാഗ്ദാനം നഥാൻ മക്സ്വീനിയാണ് ടീമിൽ. ഉസ്മാൻ ഖവാജയ്‌ക്കൊപ്പം മക്സ്വീനി ഓസ്ട്രേലിയയ്ക്ക് വേണ്ടി ഓപ്പണിംഗിൽ ഇറങ്ങും.
ഫോമില്ലാത്ത മാർനസ് ലബുഷെയ്ൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യും. ക്രിക്കറ്റ് ഓസ്ട്രേലിയ സമീപകാലത്ത് എടുത്ത ഏറ്റവും വലിയ തീരുമാനം സ്റ്റീവ് സ്മിത്തിനെ നാലാം നമ്പറിലേക്ക് മാറ്റുക എന്നതാണ്. ഓപ്പണിംഗ് സ്ലോട്ടിൽ ഓസ്ട്രേലിയൻ ഇതിഹാസം തുടരെ പരാജയപ്പെട്ടതിനെ തുടർന്നാണിത്. പക്ഷേ തന്റെ സ്ഥിരം പൊസിഷനിൽ അദ്ദേഹം ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യക്കെതിരെ എപ്പോഴും മികവ് പുലർത്തുന്ന ട്രാവിസ് ഹെഡ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യും. ക്യാമറൂൺ ഗ്രീൻ ടീമിലില്ലാത്തതിനാൽ, മിച്ചൽ മാർഷ് ഓൾ റൗണ്ടറായി ടീമിലിടം നേടും. അലക്സ് കാരിയാണ് വിക്കറ്റ് കീപ്പർ സ്ഥാനത്ത്. കൗശലക്കാരനായ സ്പിന്നർ നഥാൻ ലിയോൺ പേസ് ബൗളിങ്ങിന്റെ ഇടവേളകൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യുമെന്നാണ് ഓസ്‌ട്രേലിയയുടെ പ്രതീക്ഷ.
പേസ് വിഭാഗത്തിൽ പരിചയസമ്പന്നരായ പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവരുടെ സാന്നിധ്യം ഓസീസിന് നൽകുന്ന മുൻതൂക്കം ചെറുതല്ല. പെർത്തിലെ പിച്ചിന്റെ ഇതുവരെ വന്ന ദൃശ്യങ്ങളിൽ മികച്ച രീതിയിൽ പുല്ല് സൂക്ഷിച്ചിട്ടുണ്ട്. ഇത്തരം പിച്ചുകളിൽ മൂന്ന് പേസർമാരും, കൂടെ നാലാം സീമറായി മിച്ചൽ മാർഷും എത്തുമ്പോൾ ഇന്ത്യൻ ബാറ്റർമാർക്ക് വലിയ വെല്ലുവിളിയാകും.
ഓസ്ട്രേലിയയുടെ സാധ്യതാ ഇലവൻ:
ഉസ്മാൻ ഖവാജ, നഥാൻ മക്സ്വീനി, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി, നഥാൻ ലിയോൺ, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക്