ജഡേജയ്ക്ക് പിന്നാലെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വിസമ്മതിച്ച് മറ്റൊരു ഇന്ത്യന്‍ താരവും, പോര് മറ്റൊരു തലത്തില്‍
രവീന്ദ്ര ജഡേജയ്ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരം അകാഷ് ദീപും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുമായി ഇംഗ്ലീഷില്‍ സംസാരിക്കാന്‍ വിസമ്മതിച്ചെന്ന് റിപ്പോര്‍ട്ട്. ഇതോടെ ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ ആകാശ് ദീപിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്.
ഞായറാഴ്ച മാധ്യമങ്ങളെ കാണാന്‍ ഇന്ത്യ അയച്ച അകാഷ് ദീപ് ഇംഗ്ലീഷ് അറിയാത്തതിനാല്‍ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. ഇത് ഇന്ത്യന്‍ ടീമില്‍ നിന്നുള്ള ഒരു 'സന്ദേശം' ആണെന്ന് ഓസ്ട്രേലിയന്‍ മാധ്യമ സ്ഥാപനമായ ചാനല്‍ 7 ആരോപിക്കുന്നു. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ പോലും ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകരെ സഹായിച്ചില്ലെന്നും ചാനല്‍ 7 ആരോപിച്ചു.
വാര്‍ത്ത സമ്മേളനത്തിലെ പിരിമുറുക്കത്തെക്കുറിച്ചുള്ള ഒരു ചോദ്യം ഒരു ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വഴി അകാഷ് ദീപിന് കൈമാറിയെങ്കിലും, ആ ചോദ്യം ചോദിക്കാന്‍ അദ്ദേഹത്തിന് അസ്വസ്ഥതയുണ്ടെന്ന് പറഞ്ഞ് മറ്റൊരു ചോദ്യം ചോദിക്കുകയായിരുന്നുവെന്ന് ചാനല്‍ 7 റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ച രവീന്ദ്ര ജഡേജ വാര്‍ത്ത സമ്മേളനത്തിന് വൈകിയെത്തിയെന്നും ഹിന്ദിയില്‍ മാത്രം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഈ സംഭവം. ഇതേത്തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ വാക്പോര് നടക്കുകയുണ്ടായി.
'ഇന്ത്യന്‍ ക്യാമ്പില്‍ ചില കാര്യങ്ങള്‍ ശരിയായി നടക്കുന്നില്ല. പരമ്പരയുടെ പ്രാധാന്യം കണക്കിലെടുത്ത് അവര്‍ മാനസികമായ കളികള്‍ കളിക്കുകയാണ്,' മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരവും ചാനല്‍ 7 കമന്റേറ്ററുമായ സൈമണ്‍ കാറ്റിച്ച് പറഞ്ഞു.
അകാഷ് ദീപിനെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ അയച്ചതിലൂടെ ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ക്ക് 'സന്ദേശം വ്യക്തമായി' എന്നും ചാനല്‍ 7 പറഞ്ഞു.
വിരാട് കോഹ്ലി തന്റെ കുടുംബത്തിന്റെ വീഡിയോകളും ഫോട്ടോകളും പകര്‍ത്തുന്നതിന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ നേരിട്ടതിനെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഈ സംഭവവികാസങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുക്കിയിരുന്ന ഓസ്ട്രേലിയന്‍, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദ ടി20 മത്സരം റദ്ദാക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തിച്ചിരിക്കുകയാണ്.