രോഹിത് മുതല്‍ നിക്കോളാസ് പൂരന്‍ വരെ; വൈഭവിന്റെ പ്രകടനത്തില്‍ ഞെട്ടി ക്രിക്കറ്റ് ലോകം
രാജസ്ഥാന്‍ റോയല്‍സിന്റെ 14 വയസ്സുകാരനായ കൗമാര താരം വൈഭവ് സൂര്യവംശി തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റന്‍സിനെതിരെ വെറും 35 പന്തുകളില്‍ സെഞ്ചുറി നേടി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ജയ്പൂരില്‍ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് വെറും 15.5 ഓവറില്‍ 8 വിക്കറ്റ് ശേഷിക്കെ വിജയം സമ്മാനിച്ചത് ഈ യുവതാരത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ആയിരുന്നു.
ഐപിഎല്ലില്‍ ക്രിസ് ഗെയിലിന്റെ 30 പന്തിലെ സെഞ്ചുറിക്ക് ശേഷം ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ചുറിയും, ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഇനി വൈഭവിന്റെ പേരിലാണ്. ബിഹാറില്‍ ജനിച്ച ഈ പ്രതിഭ നിരവധി റെക്കോര്‍ഡുകള്‍ തകര്‍ത്തപ്പോള്‍, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരും താരങ്ങളും അവന് അഭിനന്ദനങ്ങളുമായി രംഗത്തെത്തി.
ക്രിക്കറ്റ് ലോകത്തെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈഭവിന്റെ ഈ അവിശ്വസനീയ പ്രകടനത്തെ പ്രശംസിച്ചു.
മത്സരശേഷം വൈഭവ് സൂര്യവംശി പറഞ്ഞതിങ്ങനെ:
'ഇതൊരു നല്ല അനുഭവമാണ്. ഐപിഎല്ലിലെ എന്റെ ആദ്യ സെഞ്ചുറിയാണിത്, ഇത് എന്റെ മൂന്നാമത്തെ ഇന്നിംഗ്‌സാണ്. ടൂര്‍ണമെന്റിന് മുമ്പുള്ള പരിശീലനത്തിന്റെ ഫലമാണ് ഇവിടെ കാണുന്നത്. ഞാന്‍ പന്ത് നോക്കി കളിക്കുന്നു. ജയ്‌സ്വാളിനൊപ്പം ബാറ്റ് ചെയ്യുന്നത് നല്ലതാണ്, അവന്‍ എനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും പോസിറ്റീവ് കാര്യങ്ങള്‍ പറയുകയും ചെയ്യും. ഐപിഎല്ലില്‍ ഒരു സെഞ്ചുറി നേടുക എന്നത് എന്റെ സ്വപ്നമായിരുന്നു, ഇന്ന് അത് യാഥാര്‍ത്ഥ്യമായി. എനിക്ക് ഭയമില്ല. ഞാന്‍ അധികം ചിന്തിക്കാറില്ല, കളിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു'
വൈഭവ് 35 പന്തുകളില്‍ സെഞ്ചുറി തികച്ചു, ഇത് ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ വേഗതയേറിയ സെഞ്ചുറിയാണ്. 2013ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി (ഇപ്പോള്‍ ഇല്ലാത്ത പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ) ക്രിസ് ഗെയിലിന്റെ 30 പന്തിലെ സെഞ്ചുറിയാണ് ഒന്നാം സ്ഥാനത്ത്. ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും ഇപ്പോള്‍ വൈഭവിന് സ്വന്തമാണ്.