ഗാബയിൽ ഇന്ത്യയെ കാത്തിരിക്കുന്നത്'ഗ്രീൻ ടോപ്' ചതിക്കുഴി; രണ്ട് ദിവസത്തിൽ പ്രോട്ടീസിനെ വെട്ടിമൂട്ടിയ ചരിത്രമുണ്ട് ഓസീസിന്
ബ്രിസ്‌ബേനിലെ ഗാബയിൽ ബിജിടി പരമ്പരയിലെ അടുത്ത മത്സരത്തിനായി പരമ്പരാഗത ‘ഗ്രീൻ ടോപ്” പിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുക്കുന്നത്. ഇത് ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, 2021-ൽ ഗാബയിൽ നേടിയ ചരിത്രവിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ മത്സരത്തിനായി തയ്യാറെടുക്കുന്നത്.
അഡ്‌ലെയ്ഡിൽ നടന്ന രണ്ടാം ടെസ്റ്റിൽ തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ, 2021-ൽ ഗാബയിൽ നേടിയ ചരിത്ര വിജയത്തിന്റെ ഓർമ്മകളുമായാണ് ബ്രിസ്‌ബേനിൽ തയ്യാറെടുക്കുന്നത്. 1988 ന് ശേഷം ഗാബയിൽ ഓസ്ട്രേലിയയെ തോൽപ്പിക്കുന്ന ആദ്യ ടീമായിരുന്നു ഇന്ത്യ.
ഗാബയിലെ പിച്ചിലെ അസ്വാഭാവികമായ ബൗൺസ് ബാറ്റിംഗിനെ എല്ലായ്പ്പോഴും ദുഷ്കരമാക്കുന്നതാണ്. എന്നാൽ ശുഭ്മാൻ ഗില്ലിന്റെയും, ഋഷഭ് പന്തിന്റെയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യ അവിസ്മരണീയമായ വിജയമാണ് കഴിഞ്ഞതവണ നേടിയത്. ബ്രിസ്‌ബേണിലെ മോശം കാലാവസ്ഥ പിച്ചിന്റെ അവസ്ഥയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും, സാധാരണയായി ക്രിസ്മസിന് മുൻപായി പുതിയ വിക്കറ്റുകൾ പണിയുക എന്നതാണ് ഓസീസ് ശൈലി. പുതിയ വിക്കറ്റ് ഓസ്ട്രേലിയയെ സന്തോഷിപ്പിക്കുന്നതാവും എന്നാണ് റിപ്പോർട്ടുകൾ.
"വർഷത്തിലെ വ്യത്യസ്ത സമയങ്ങളിൽ പിച്ചുകൾ വ്യത്യസ്തമായിരിക്കും," ഗാബ ക്യൂറേറ്റർ ഡേവിഡ് സാൻഡേഴ്‌സ്ക് ബുധനാഴ്ച പറഞ്ഞു.
"സീസണിന്റെ അവസാനത്തിൽ പിച്ചുകൾക്ക് കൂടുതൽ തേയ്മാനം ഉണ്ടാകാം, അതേസമയം സീസണിന്റെ തുടക്കത്തിൽ പിച്ചുകൾ സാധാരണയായി കൂടുതൽ പുതുമയുള്ളതായിരിക്കും. പൊതുവേ പറഞ്ഞാൽ, ഗാബ അറിയപ്പെടുന്ന നല്ല കാരി, പേസ്, ബൗൺസ് എന്നിവ ലഭിക്കുന്നതിന് ഞങ്ങൾ എല്ലായ്പ്പോഴും പിച്ച് ഒരേ രീതിയിൽ തയ്യാറാക്കാറാണ് പതിവ്. എല്ലാ വർഷവും ചെയ്യുന്നതുപോലെ ഒരു പരമ്പരാഗത ഗാബ വിക്കറ്റ് ഉണ്ടാക്കാനാണ് ഇത്തവണയും ഞങ്ങൾ ശ്രമിക്കുന്നത്." - സാൻഡേഴ്‌സ്ക് പറയുന്നു.
ക്രിസ്മസിന് മുമ്പുള്ള പുതിയ വിക്കറ്റുകളിൽ ഓസ്ട്രേലിയ എപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാറുണ്ട്. ആ ഘട്ടത്തിൽ 61 ടെസ്റ്റുകൾ നടന്നതിൽ 7 എണ്ണം മാത്രമാണ് ഓസീസ് തോറ്റത്. ക്രിസ്മസിന് ശേഷം കണക്കുകൾ ഗണ്യമായി മാറുന്നു, 5 ടെസ്റ്റുകളിൽ 3 എണ്ണവും ഓസ്ട്രേലിയ തോറ്റു, ഇതിൽ ഇന്ത്യയ്‌ക്കെതിരായ (ജനുവരി 15, 2021) ടെസ്റ്റും, വെസ്റ്റ് ഇൻഡീസിനെതിരായ (ജനുവരി 24, 2024) ടെസ്റ്റുകളും ഉൾപ്പെടുന്നു.
എന്നാൽ 2022-ൽ ദക്ഷിണാഫ്രിക്ക രണ്ട് ദിവസത്തിനുള്ളിൽ തോറ്റ വിക്കറ്റിന് സമാനമാകില്ല ഇതെന്ന് സാൻഡേഴ്‌സ്ക് വ്യക്തമാക്കി. നവംബറിൽ ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ ഉപയോഗിച്ച വിക്കറ്റിന് സമാനമായിരിക്കും ഇത്തവണ വിക്കറ്റ് എന്നാണ് അദ്ദേഹം പറയുന്നത്. വിക്ടോറിയയും, ക്വീൻസ്‌ലാൻഡും തമ്മിൽ നടന്ന പിങ്ക് ബോൾ മത്സരത്തിന്റെ ആദ്യ ദിവസം 15 വിക്കറ്റുകളാണ് വീണത്.
ബാറ്റിംഗ് ദുഷ്കരമാവുമെന്ന് കരുതപ്പെടുന്ന പിച്ചിൽ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ ഉൾപ്പെടുത്തി ബാറ്റിംഗ് കൂടുതൽ ശക്തിപ്പെടുത്താനാവും രോഹിത് ശർമ്മ ശ്രമിക്കുക. എന്നാൽ വിരാട് കോഹ്ലി ശൈലിയിൽ ഒരു പേസറെ കൂടി ഉൾപ്പെടുത്തി ‘തീയിനെ തീ കൊണ്ട്’ നേരിടണം എന്നും വാദിക്കുന്നവരുണ്ട്. അങ്ങനെയെങ്കിൽ ഉത്തരവാദിത്തങ്ങൾ ബുമ്രയുടെ മാത്രം ചുമലിൽ കെട്ടിവക്കുന്നതും ഒഴിവാക്കാം.
അഡ്‌ലെയ്ഡ് ടെസ്റ്റിൽ നിന്ന് വിട്ടുനിന്ന ജോഷ് ഹേസൽവുഡ് പരിക്കിൽ നിന്ന് മോചിതനായതോടെ, ഓസീസ് പേസ് നിര കൂടുതൽ ശക്തിയാർജിക്കും. വെല്ലുവിളികളെ രോഹിതും സംഘവും, എങ്ങനെ നേരിടും എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.