രോഹിത്തും ഗംഭീറും തെറിയ്ക്കും, സഞ്ജുവടക്കം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വരുന്നു
ഓസ്ട്രേലിയയുമായുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ പരാജയ ഭീതിയിലാണ്. കഴിഞ്ഞ മൂന്ന് തവണയും ട്രോഫി നിലനിര്‍ത്തിയ ഇന്ത്യക്ക് ഇത്തവണ അത് നഷ്ടമായേക്കുമെന്ന ഭീതി വേട്ടയാടുന്നുണ്ട്. പരമ്പരയില്‍ ഇരു ടീമുകളും നിലവില്‍ 1-1ന് ഒപ്പമാണെങ്കിലും ഗാബയിലെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്കാണ് നീങ്ങുന്നത്. ഈ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ സ്ഥാനവും ഇന്ത്യയ്ക്ക് നഷ്ടമായേക്കും.
ഓസ്ട്രേലിയന്‍ മണ്ണിലെ ടീമിന്റെ മോശം പ്രകടനത്തില്‍ ബിസിസിഐക്ക് കടുത്ത അതൃപ്തിയുണ്ട്. ഈ പരമ്പരയ്ക്ക് ശേഷം ടെസ്റ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാണ് ബിസിസിഐയുടെ നീക്കം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെയും നീക്കം ചെയ്യാനാണ് സാധ്യത.
കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലന്‍ഡിനോട് നാട്ടില്‍ തന്നെ തോറ്റതില്‍ ബിസിസിഐ കടുത്ത അതൃപ്തിയിലായിരുന്നു. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇതിന് പ്രായശ്ചിത്തം ചെയ്യാനുള്ള അവസാന അവസരമാണ് രോഹിത്തിനും ഗംഭീറിനും ബിസിസിഐ നല്‍കിയത്. എന്നാല്‍ പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ജയിച്ചതൊഴിച്ചാല്‍ പിന്നീട് ടീമിന്റെ പ്രകടനം മോശമായിരുന്നു. രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റിന് തോറ്റ ഇന്ത്യ മൂന്നാം ടെസ്റ്റിലും ഇന്നിംഗ്‌സ് പരാജയ ഭീതിയിലാണ്.
ടെസ്റ്റില്‍ ഗംഭീറിന്റെ അനുഭവക്കുറവ് ടീമിന് തിരിച്ചടിയായി. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഗംഭീറിന്റെ മികവില്‍ ആര്‍ക്കും സംശയമില്ലെങ്കിലും ടെസ്റ്റില്‍ അദ്ദേഹത്തിന് അതേ മികവ് പുലര്‍ത്താനായില്ല. ടെസ്റ്റില്‍ ഏറെ പരിചയസമ്പന്നനായ വിവിഎസ് ലക്ഷ്മണിനെ പുതിയ പരിശീലകനായി നിയമിക്കാനാണ് ബിസിസിഐയുടെ നീക്കം.
രോഹിത്തിനും ഗംഭീറിനും പുറമെ വിരാട് കോഹ്ലിക്കും ടീമില്‍ സ്ഥാനം നഷ്ടമായേക്കും. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയെങ്കിലും ബാക്കി ഇന്നിങ്സുകളിലെല്ലാം കോഹ്ലി പരാജയപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അടുത്ത സൈക്കിളില്‍ പുതിയ ചില താരങ്ങളെ ടീമിലേക്ക് കൊണ്ടുവന്നേക്കും. ഓപ്പണിങ്ങിലേക്ക് റുതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍ എന്നിവരെല്ലാം പരിഗണനയിലുണ്ട്. മധ്യനിരയിലേക്ക് സഞ്ജു സാംസണും വന്നേക്കും. ബൗളിങ്ങില്‍ ആര്‍ അശ്വിന് പകരം പുതിയൊരു താരത്തെയും ടീമിലേക്ക് കൊണ്ടുവരാനും സാധ്യതയുണ്ട്.