ശാസ്ത്രിയും ദ്രാവിഡും ഇതുവരെ ചെയ്യാത്തത്, ഞെട്ടിക്കുന്ന നീക്കവുമായി ഗംഭീര്‍
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് താല്‍ക്കാലികമായി ഇടവേളയെടുത്തിരിക്കുകയാണ്. കളിക്കാര്‍ രണ്ട് മാസത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ക്കായി അതത് ഫ്രാഞ്ചൈസികളിലേക്ക് മടങ്ങുമ്പോള്‍, സാദാരണയായി മുഖ പരിശീലകന് കുടുംബത്തോടൊപ്പം ചെലവഴിക്കാനുളള വിശ്രമ കാലമാണ്.
എന്നാല്‍ ഈ ഇടവേള എടുക്കാതെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ അപ്രതീക്ഷിതമായ ഒരു നീക്കത്തിന് ഒരുങ്ങുകയാണ്. ജൂണില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ഇന്ത്യ 'എ' ടീമിനൊപ്പം ചേരാനാണ് മുഖ്യ പരിശീലകന്‍ പദ്ധതിയിടുന്നത്. ഇതോടെ ഒരു വിദേശ പര്യടനത്തില്‍ ഇന്ത്യ 'എ' ടീമിനൊപ്പം യാത്ര ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ മുഖ്യ പരിശീലകനാകാന്‍ ഒരുങ്ങുകയാണ് ഗംഭീര്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഇന്ത്യ 'എ', അണ്ടര്‍ 19 ടീമുകളുടെ പരിശീലനത്തിനായി നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) പരിശീലകരെയാണ് നിയോഗിച്ചിരുന്നത്. രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്മണും അത്തരം പര്യടനങ്ങളില്‍ ജൂനിയര്‍ ടീമുകളെ നയിച്ച എന്‍സിഎ പരിശീലകരില്‍ പ്രമുഖരാണ്. ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായ ശേഷം, ഇന്ത്യ 'എ', അണ്ടര്‍ 19 ടീമുകളുടെ ചുമതല ലക്ഷ്മണിനും മറ്റ് പരിശീലകര്‍ക്കും കൈമാറി.
എന്നാല്‍, ഈ പതിവ് തെറ്റിച്ച് ഇന്ത്യ 'എ' ടീമിനൊപ്പം ചേരാനാണ് ഗംഭീര്‍ താല്‍പ്പര്യപ്പെടുന്നത്. ഇക്കാര്യം അദ്ദേഹം ബിസിസിഐയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. രാഹുല്‍ ദ്രാവിഡും രവി ശാസ്ത്രിയും ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ മുഖ്യ പരിശീലകരായിരിക്കെ ഇന്ത്യ 'എ' ടീമിനൊപ്പം പര്യടനം നടത്തിയിട്ടില്ല. അതിനാല്‍, ഗംഭീറിന്റെ ഈ നീക്കം ശ്രദ്ധേയമാവുകയാണ്.
അതെസമയം പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, മുഖ്യ പരിശീലകന്‍ ഇംഗ്ലണ്ടിലേക്ക് വെറുമൊരു കാഴ്ചക്കാരനായി പോകുമോ അതോ ഇന്ത്യ 'എ' ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാകുമോ എന്ന് വ്യക്തമായിട്ടില്ല. ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം, ഇന്ത്യയുടെ റെഡ്-ബോള്‍ ടീമിനെ പഴയ പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഗംഭീര്‍ ആഗ്രഹിക്കുന്നു. ഇതിന് പ്രതിഭകളുടെ ശേഖരം ആഴത്തില്‍ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
'ഓസ്ട്രേലിയയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം മുഖ്യ പരിശീലകന്‍ ബിസിസിഐയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. റിസര്‍വ് പൂളിനെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കുന്നതിന് ഇന്ത്യ 'എ' ടീമിനൊപ്പം യാത്ര ചെയ്യാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചത്' ഒരു ബിസിസിഐ വൃത്തം മാധ്യമങ്ങളോട് പറഞ്ഞു.
'മുഖ്യ പരിശീലകന്‍ ചില വൈല്‍ഡ് കാര്‍ഡ് കളിക്കാരെ നിര്‍ദ്ദേശിക്കുകയും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി വിജയിക്കുകയും ചെയ്ത സാഹചര്യത്തില്‍, ഭാവിയില്‍ അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചേക്കാം' അ്‌ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ബിസിസിഐ സംഘടിപ്പിക്കുന്ന ഇന്ത്യ 'എ' പര്യടനങ്ങളുടെ എണ്ണം മതിയായതല്ലെന്നും ഗംഭീര്‍ കരുതുന്നു. കൂടുതല്‍ പര്യടനങ്ങള്‍ സംഘടിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
'ഇന്ത്യ 'എ' പര്യടനങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ് അദ്ദേഹം കണ്ടെത്തിയ പ്രധാന പ്രശ്നങ്ങളിലൊന്ന്. ദ്രാവിഡ് എന്‍സിഎ വിട്ടതിനുശേഷം വളരെ കുറച്ച് 'എ' പരമ്പരകള്‍ മാത്രമേ നടന്നിട്ടുള്ളൂ. അവയെല്ലാം പ്രധാന പരമ്പരകള്‍ക്കുള്ള ഷാഡോ ടൂറുകളായിരുന്നു. കൂടുതല്‍ 'എ' പര്യടനങ്ങള്‍ ആവശ്യമാണെന്ന് ഗംഭീര്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹം നേരിട്ട് കാര്യങ്ങള്‍ വിലയിരുത്താന്‍ ആഗ്രഹിക്കുന്നത്' വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.