പന്തിന് കടുംവെട്ട്, സഞ്ജുവിനെ ടീമിലെടുക്കാത്തതില്‍ അരിശം തീര്‍ത്ത് ഗംഭീര്‍
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ വിജയത്തിനുശേഷം ചില സുപ്രധാന വെളിപ്പെടുത്തലുകള്‍ നടത്തി ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീര്‍. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പ്ലേയിംഗ് ഇലവനില്‍ സ്ഥാനമുണ്ടാകില്ലെന്നാണ് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കെ.എല്‍ രാഹുലാണ് നിലവില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്നും, രാഹുല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനാല്‍ രണ്ട് വിക്കറ്റ് കീപ്പര്‍മാരെ ഒരുമിപ്പിക്കാനാവില്ലെന്നും ഗംഭീര്‍ തീര്‍ത്ത് പറഞ്ഞു. ഇതോടെ ഏകദിനത്തില്‍ പന്തിന് കളിക്കണമെങ്കില്‍ ഇനി രാഹുലിന് പരിക്കേല്‍ക്കണം എന്ന സ്ഥിതിയാണ് ഉളളത്. നേരത്തെ തന്നെ ടി20 ടീമില്‍ നിന്നും പുറത്തായ പന്ത് ഇതോടെ ടെസ്റ്റില്‍ മാതരമായി ഒതുങ്ങും.
ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് രണ്ടാം വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണിനെയാണ് ഗംഭീര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ രോഹിത് ശര്‍മ്മയുടെയും അജിത് അഗാര്‍ക്കറുടെയും നിര്‍ബന്ധത്തിനു വഴങ്ങി റിഷഭ് പന്തിനെ ടീമിലെടുക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ രാഹുല്‍ ഫോമിലായിരുന്നില്ലെങ്കിലും, മൂന്നാം മത്സരത്തില്‍ 40 റണ്‍സടിച്ച് ഫോം വീണ്ടെടുത്തു. രാഹുല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തുടരുമെങ്കിലും, ബാറ്റിംഗ് പൊസിഷനെക്കുറിച്ച് ഗംഭീര്‍ വ്യക്തമായ മറുപടി നല്‍കിയില്ല.
നിലവില്‍ ഏകദിന പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബൈയിലാണ് നടക്കുന്നത്.